JOHANA 7:1-27
JOHANA 7:1-27 MALCLBSI
പിന്നീട് യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു. യെഹൂദന്മാർ അവിടുത്തെ വധിക്കുവാനുള്ള തക്കം അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ യെഹൂദ്യയിൽ സഞ്ചരിക്കുവാൻ അവിടുന്നു മനസ്സുവച്ചില്ല. യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അതിനാൽ യേശുവിന്റെ സഹോദരന്മാർ പറഞ്ഞു: “യെഹൂദ്യയിലേക്കു പോകുക; നിന്റെ പ്രവൃത്തികൾ നിന്റെ ശിഷ്യന്മാർ കാണട്ടെ. പ്രസിദ്ധി കാംക്ഷിക്കുന്നവർ ആരും രഹസ്യമായിട്ടല്ലല്ലോ പ്രവർത്തിക്കുന്നത്. നീ ഇവയെല്ലാം ചെയ്യുന്നെങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക.” സ്വസഹോദരന്മാർപോലും യേശുവിൽ വിശ്വസിച്ചിരുന്നില്ല. യേശു അവരോടു പറഞ്ഞു: “എന്റെ സമയം ഇനിയും സമാഗതമായിട്ടില്ല. നിങ്ങൾക്കാകട്ടെ എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ ദ്വേഷിക്കുവാൻ കഴിയുകയില്ല. എന്നാൽ ലോകത്തിന്റെ പ്രവൃത്തികൾ തിന്മയാണെന്നു ഞാൻ പ്രഖ്യാപനം ചെയ്യുന്നതുകൊണ്ട് ലോകം എന്നെ ദ്വേഷിക്കുന്നു. നിങ്ങൾ പെരുന്നാളിനു പൊയ്‍ക്കൊള്ളുക. എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ ഞാൻ ഇപ്പോൾ പോകുന്നില്ല.” ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ പാർത്തു. തന്റെ സഹോദരന്മാർ പെരുന്നാളിനു പോയശേഷം യേശുവും പോയി; എന്നാൽ പരസ്യമായിട്ടല്ല രഹസ്യമായിട്ടാണു പോയത്. പെരുന്നാൾ ദിവസങ്ങളിൽ യെഹൂദന്മാർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “അയാൾ എവിടെ?” എന്നവർ ചോദിച്ചു. ജനക്കൂട്ടത്തിനിടയ്‍ക്ക് യേശുവിനെക്കുറിച്ച് രഹസ്യമായി വളരെയധികം കുശുകുശുപ്പുണ്ടായി. “അദ്ദേഹം ഒരു നല്ല മനുഷ്യനാണ്"എന്ന് ഒരു കൂട്ടരും “അല്ല, അയാൾ ജനങ്ങളെ വഴി തെറ്റിക്കുന്നവനാണ്” എന്നു വേറൊരു കൂട്ടരും പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും യെഹൂദന്മാരെ ഭയപ്പെട്ട് ആരും ഒന്നും പരസ്യമായി പ്രസ്താവിച്ചില്ല. ഉത്സവകാലം പകുതി ആയപ്പോൾ യേശു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചു. യെഹൂദന്മാർ ആശ്ചര്യഭരിതരായി. “ഒരു പഠിപ്പുമില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണീ പാണ്ഡിത്യമുണ്ടായത്?” എന്ന് അവർ ചോദിച്ചു. യേശു അവരോടു പറഞ്ഞു: “എന്റെ പ്രബോധനം എൻറേതല്ല; എന്നെ അയച്ചവന്റെതത്രേ. എന്റെ പ്രബോധനം ദൈവത്തിൽ നിന്നുള്ളതോ എന്റെ സ്വന്തമോ എന്ന് ദൈവഹിതം നിറവേറ്റുവാൻ ഇച്ഛിക്കുന്നവൻ അറിയും. സ്വമേധയാ സംസാരിക്കുന്നവൻ സ്വന്തം മഹത്ത്വം തേടുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം തേടുന്നവനാകട്ടെ, സത്യവാനാകുന്നു; അവനിൽ അനീതിയില്ല. മോശ നിങ്ങൾക്കു നിയമസംഹിത നല്‌കിയിട്ടില്ലേ? എങ്കിലും നിങ്ങളിൽ ആരുംതന്നെ അതനുസരിക്കുന്നില്ലല്ലോ. നിങ്ങൾ എന്നെ കൊല്ലുവാൻ ശ്രമിക്കുന്നതെന്തിന്?” ജനങ്ങൾ അതിനു മറുപടിയായി “താങ്കളിൽ ഒരു ഭൂതമുണ്ട്! ആരാണു താങ്കളെ കൊല്ലാൻ ശ്രമിക്കുന്നത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ഞാൻ ഒരു പ്രവൃത്തിചെയ്തു; നിങ്ങൾ എല്ലാവരും അതിൽ ആശ്ചര്യപ്പെടുന്നു. മോശ പരിച്ഛേദനം എന്ന കർമം നിങ്ങൾക്കു നല്‌കി - മോശയല്ല, പൂർവപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങൾ ശബത്തിലും പരിച്ഛേദനകർമം നടത്തുന്നു. മോശയുടെ നിയമം ലംഘിക്കപ്പെടാതിരിക്കുവാൻ ശബത്തിൽ ഒരുവനു പരിച്ഛേദനം സ്വീകരിക്കാമെങ്കിൽ ഞാൻ ഒരു മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തിയതിന് നിങ്ങൾ എന്തിനാണ് എന്നോടു കോപിക്കുന്നത്? ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങൾ വിധിക്കുക.” ഇതു കേട്ടപ്പോൾ യെരൂശലേംനിവാസികളിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യനെയല്ലേ അവർ കൊല്ലുവാൻ അന്വേഷിക്കുന്നത്? ഇതാ അവിടുന്ന് പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവർ ഇദ്ദേഹത്തോട് ഒന്നും പറയുന്നില്ലല്ലോ. ഇദ്ദേഹം ക്രിസ്തു ആണെന്ന് അധികാരികൾ ഗ്രഹിച്ചിരിക്കുമോ? എങ്കിലും ഇദ്ദേഹം എവിടെനിന്നുള്ളവൻ എന്നു നമുക്കറിയാം. ക്രിസ്തു വരുമ്പോഴാകട്ടെ അദ്ദേഹം എവിടെനിന്നു വരുന്നു എന്ന് ആരും അറിയുകയില്ലല്ലോ.”