JOHANA 6:47-59
JOHANA 6:47-59 MALCLBSI
മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. എന്നാൽ ഇവിടെയുള്ളത് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാൻ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.” എങ്ങനെയാണു തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാൻ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അന്യോന്യം തർക്കിച്ചു. അപ്പോൾ യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ എന്റെ ശരീരം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു. നിങ്ങളുടെ പൂർവപിതാക്കൾ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’ യേശു കഫർന്നഹൂമിലെ സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുൾചെയ്തത്.