YouVersion Logo
Search Icon

JOHANA 6:45-71

JOHANA 6:45-71 MALCLBSI

‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാർ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവൻ എന്റെ അടുക്കൽ വരുന്നു. ദൈവത്തിൽനിന്നു വരുന്നവൻ മാത്രമേ പിതാവിനെ ദർശിച്ചിട്ടുള്ളൂ. മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. എന്നാൽ ഇവിടെയുള്ളത് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാൻ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.” എങ്ങനെയാണു തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാൻ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അന്യോന്യം തർക്കിച്ചു. അപ്പോൾ യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ എന്റെ ശരീരം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു. നിങ്ങളുടെ പൂർവപിതാക്കൾ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’ യേശു കഫർന്നഹൂമിലെ സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുൾചെയ്തത്. യേശുവിന്റെ ശിഷ്യന്മാരിൽ പലരും ഇതു കേട്ടിട്ട്: “ഈ പ്രബോധനം ദുർഗ്രഹമാണല്ലോ; ആർക്ക് ഇത് ഉൾക്കൊള്ളുവാൻ കഴിയും?” എന്നു പറഞ്ഞു. ഇതിനെച്ചൊല്ലി ശിഷ്യന്മാർ പിറുപിറുക്കുന്നതായി യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നുവോ? അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ മുമ്പ് എവിടെയായിരുന്നുവോ അവിടേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങൾ കണ്ടാലോ? ആത്മാവാകുന്നു ജീവൻ നല്‌കുന്നത്. ഭൗതികശരീരം നിഷ്പ്രയോജനം; ഞാൻ നിങ്ങളോടു പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാകുന്നു. എങ്കിലും നിങ്ങളിൽ ചിലർ വിശ്വസിക്കുന്നില്ല.” വിശ്വസിക്കാത്തവർ ആരെല്ലാമെന്നും തന്നെ ഒറ്റിക്കൊടുക്കുന്നത് ആരെന്നും ആദിമുതല്‌ക്കേ യേശുവിന് അറിയാമായിരുന്നു. അവിടുന്ന് അവരോടു തുടർന്നു പ്രസ്താവിച്ചു: “ഇതുകൊണ്ടാണ് പിതാവിന്റെ വരം കൂടാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.” ഇതു കേട്ടിട്ട് യേശുവിന്റെ അനുയായികളിൽ പലരും അവിടുത്തെ വിട്ടു പിന്മാറിപ്പോയി. അവർ പിന്നീട് ഒരിക്കലും അവിടുത്തെ അനുഗമിച്ചില്ല. അതുകൊണ്ട് യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിച്ചു: “നിങ്ങൾക്കും പോകണമോ?” അപ്പോൾ ശിമോൻപത്രോസ് ചോദിച്ചു: “ഗുരോ, ഞങ്ങൾ ആരുടെ അടുക്കലേക്കാണു പോകുക? അനശ്വരജീവൻ നല്‌കുന്ന വചനങ്ങൾ അങ്ങയിൽനിന്നാണല്ലോ വരുന്നത്. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.” അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പന്ത്രണ്ടു പേരെയല്ലേ ഞാൻ തിരഞ്ഞെടുത്തത്? എങ്കിലും നിങ്ങളിലൊരുവൻ പിശാചാണ്!” ശിമോൻ ഈസ്കര്യോത്തിന്റെ പുത്രനായ യൂദാസിനെക്കുറിച്ചാണ് യേശു ഇതു പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ അയാളാണ് യേശുവിനെ ഒറ്റിക്കൊടുക്കുവാനിരുന്നത്.