YouVersion Logo
Search Icon

JOHANA 4:31-54

JOHANA 4:31-54 MALCLBSI

ഇതിനിടയ്‍ക്ക് ശിഷ്യന്മാർ യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങൾക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.” “വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാർ അന്യോന്യം ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് എന്റെ ആഹാരം. ‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങൾ പറയുന്നത്? ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ തലയുയർത്തി നോക്കുക. ഇപ്പോൾത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാൻ പാകമായിരിക്കുന്നു. വിതയ്‍ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങുകയും അവൻ അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്‍ക്കുകയും ചെയ്യുന്നു. ‘ഒരുവൻ വിതയ്‍ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തിൽ ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്ത വയലിൽനിന്നു കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു. അന്യർ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.” “ഞാൻ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവിൽ വിശ്വസിച്ചു. ശമര്യക്കാർ യേശുവിന്റെ അടുക്കൽ വന്ന് തങ്ങളോടുകൂടി താമസിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് യേശു രണ്ടു ദിവസം അവിടെ പാർത്തു. യേശുവിന്റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകൾ തന്നിൽ വിശ്വസിച്ചു. അവർ ആ സ്‍ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോൾ ഞങ്ങൾ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങൾ നേരിട്ട് അവിടുത്തെ വാക്കുകൾ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാൽ ലോകരക്ഷകൻ എന്നു ഞങ്ങൾ ഇപ്പോൾ അറിയുന്നു” എന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി. ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു. അവിടെയെത്തിയപ്പോൾ ഗലീലക്കാർ യേശുവിനെ സ്വാഗതം ചെയ്തു. അവരും പെസഹാപെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട് യേശു അവിടെ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. യേശു വീണ്ടും ഗലീലയിലെ കാനായിൽ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫർന്നഹൂമിൽ ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ രോഗിയായി കിടന്നിരുന്നു. യേശു യെഹൂദ്യയിൽനിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥൻ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു. യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?” ആ ഉദ്യോഗസ്ഥൻ യേശുവിനോട് “പ്രഭോ, എന്റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക; നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥൻ തിരിച്ചുപോയി. അയാൾ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോൾ വഴിയിൽവച്ച് ഭൃത്യന്മാർ വന്നു തന്റെ പുത്രൻ ജീവിച്ചിരിക്കുന്നു എന്നറിയിച്ചു. “എപ്പോൾ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാൾ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവർ പറഞ്ഞു. “നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവിൽ വിശ്വസിച്ചു. യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്.