JOHANA 3:19-36
JOHANA 3:19-36 MALCLBSI
മനുഷ്യരുടെ പ്രവൃത്തികൾ ദുഷ്ടതനിറഞ്ഞവയായതിനാൽ വെളിച്ചം ലോകത്തിൽ വന്നിട്ടും വെളിച്ചത്തെക്കാൾ അധികം ഇരുളിനെ അവർ സ്നേഹിച്ചു. ഇതത്രേ ന്യായവിധി. അധമപ്രവൃത്തികൾ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്റെ പ്രവൃത്തികൾ വെളിച്ചത്താകുമെന്നുള്ളതിനാൽ അവൻ വെളിച്ചത്തിലേക്കു വരുന്നില്ല. എന്നാൽ സത്യം പ്രവർത്തിക്കുന്നവൻ തന്റെ പ്രവൃത്തികൾ ദൈവത്തെ മുൻനിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു. അനന്തരം യേശുവും ശിഷ്യന്മാരും യെഹൂദ്യദേശത്തേക്കു പോയി, അവിടുന്ന് അവരോടുകൂടി അവിടെ താമസിക്കുകയും സ്നാപനം നടത്തുകയും ചെയ്തു. ശാലേമിനു സമീപം ഐനോനിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് യോഹന്നാൻ അവിടെ സ്നാപനം നടത്തിക്കൊണ്ടിരുന്നു. ജനങ്ങൾ അവിടെയെത്തി സ്നാപനം സ്വീകരിച്ചു. യോഹന്നാൻ അന്നു കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ടിരുന്നില്ല. യോഹന്നാന്റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മിൽ ശാസ്ത്രവിധിപ്രകാരമുള്ള ശുദ്ധീകരണത്തെ സംബന്ധിച്ച് തർക്കമുണ്ടായി. അവർ വന്നു യോഹന്നാനോടു പറഞ്ഞു: “ഗുരോ, യോർദ്ദാന്റെ മറുകരവച്ച് അങ്ങ് ഒരാളെ ചൂണ്ടിക്കൊണ്ട് സാക്ഷ്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോൾ സ്നാപനം നടത്തിക്കൊണ്ടിരിക്കുന്നു; എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” യോഹന്നാൻ പറഞ്ഞു: “ദൈവം നല്‌കാതെ ആർക്കും ഒന്നും സിദ്ധിക്കുന്നില്ല. ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനുമുമ്പേ അയയ്‍ക്കപ്പെട്ടവൻ മാത്രമാണെന്നും ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികളാണല്ലോ. മണവാട്ടി ഉള്ളവനാണു മണവാളൻ. മണവാളന്റെ സ്നേഹിതൻ അടുത്തുനിന്ന് അയാളുടെ സ്വരം കേട്ട് അത്യന്തം ആനന്ദിക്കുന്നു. ഈ ആനന്ദം എനിക്കു പൂർണമായിരിക്കുന്നു. അവിടുന്നു വളരുകയും ഞാൻ കുറയുകയും വേണം.” ഉന്നതത്തിൽനിന്നു വരുന്നവൻ എല്ലാവരെയുംകാൾ സമുന്നതനാണ്. ഭൂമിയിൽനിന്നുള്ളവൻ ഭൗമികനാകുന്നു; ഭൗമികകാര്യങ്ങൾ അവൻ സംസാരിക്കുന്നു. സ്വർഗത്തിൽനിന്നു വരുന്നവൻ എല്ലാവരെയുംകാൾ സമുന്നതനാണ്. താൻ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് അവിടുന്നു സാക്ഷ്യം വഹിക്കുന്നു; എന്നിട്ടും അവിടുത്തെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. ആ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്ന് അംഗീകരിക്കുന്നു. ദൈവം അയച്ചവൻ ദൈവവചനങ്ങൾ ഉച്ചരിക്കുന്നു. ആത്മാവിനെ അളവുകൂടാതെയാണു ദൈവം നല്‌കുന്നത്. പിതാവു പുത്രനെ സ്നേഹിക്കുന്നതുകൊണ്ട് സമസ്തവും അവിടുത്തെ കൈകളിൽ ഏല്പിച്ചിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവൻ ജീവൻ പ്രാപിക്കുകയില്ല; എന്തെന്നാൽ അവൻ ദൈവകോപത്തിനു വിധേയനാണ്.