JOHANA 3:1-18
JOHANA 3:1-18 MALCLBSI
യെഹൂദപ്രമാണിമാരുടെ കൂട്ടത്തിൽ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. അയാൾ രാത്രിയിൽ യേശുവിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയിൽ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങൾക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികൾ ആർക്കും ചെയ്യുവാൻ സാധ്യമല്ല.” യേശു നിക്കോദിമോസിനോട്, “ഒരുവൻ പുതുതായി ജനിക്കുന്നില്ലെങ്കിൽ അവന് ദൈവരാജ്യം ദർശിക്കുവാൻ കഴിയുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്ന് അരുൾചെയ്തു. നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യൻ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?” യേശു ഉത്തരമരുളി: “ഞാൻ ഉറപ്പിച്ചു പറയുന്നു: ഒരുവൻ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ സാധ്യമല്ല. ഭൗതികശരീരത്തിൽനിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു. നിങ്ങൾ വീണ്ടും ജനിക്കണമെന്നു ഞാൻ പറയുമ്പോൾ ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങൾ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിക്കുന്നവനും അങ്ങനെതന്നെ. നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?” യേശു പറഞ്ഞു: “താങ്കൾ ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഈ വക കാര്യങ്ങൾ മനസ്സിലാക്കിയിട്ടില്ലേ? ഞാൻ ഉറപ്പിച്ചു പറയുന്നു. ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കുകയും ഞങ്ങൾ കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. ഞാൻ ഭൗമികകാര്യങ്ങൾ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയമായ കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല.” മോശ മരുഭൂമിയിൽവച്ചു സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനും തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവൻ ലഭിക്കേണ്ടതിന് ഉയർത്തപ്പെടേണ്ടതാണ്. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചുപോകാതെ അനശ്വരജീവൻ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ലോകത്തെ വിധിക്കുവാനല്ല ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രൻ മൂലം ലോകത്തെ രക്ഷിക്കുവാനാണ്. പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവൻ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതിനാൽത്തന്നെ.