JOHANA 21:17-25
JOHANA 21:17-25 MALCLBSI
മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാൽ പത്രോസിനു വ്യസനമുണ്ടായി. “കർത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു. ഉടനെ യേശു അരുൾചെയ്തു: “എന്റെ ആടുകളെ മേയ്‍ക്കുക; നീ യുവാവായിരുന്നപ്പോൾ സ്വയം അര മുറുക്കി നിനക്ക് ഇഷ്ടമുള്ളേടത്തു സഞ്ചരിച്ചു. വൃദ്ധനാകുമ്പോഴാകട്ടെ, നീ കൈ നീട്ടുകയും വേറൊരാൾ നിന്റെ അര മുറുക്കി ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു ഞാൻ ഉറപ്പിച്ചുപറയുന്നു.” പത്രോസ് എങ്ങനെയുള്ള മരണത്താൽ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കുവാനാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. അതിനുശേഷം “എന്നെ അനുഗമിക്കുക” എന്നു പത്രോസിനോട് അരുൾചെയ്തു. പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശുവിന്റെ വത്സലശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നവൻ ആരാണ്?” എന്ന് അത്താഴവേളയിൽ അവിടുത്തെ മാറോടു ചേർന്നിരുന്നുകൊണ്ടു ചോദിച്ചത് അയാളാണ്. അപ്പോൾ പത്രോസ് യേശുവിനോട്, “ഇയാളുടെ കാര്യം എന്താകും?” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് അതിലെന്താണ്? നീ എന്നെ അനുഗമിക്കുക!” അങ്ങനെ ആ ശിഷ്യൻ മരിക്കുകയില്ല എന്ന ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. എന്നാൽ യേശു അരുൾചെയ്തത് അയാൾ മരിക്കുകയില്ല എന്നല്ല, “ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് അതിലെന്ത്?” എന്നായിരുന്നു. ആ ശിഷ്യൻതന്നെയാണ് ഇതെഴുതിയതും മേല്പറഞ്ഞ കാര്യങ്ങൾക്കെല്ലാം സാക്ഷ്യം വഹിക്കുന്നതും. അയാളുടെ സാക്ഷ്യം സത്യമാണെന്നു നമുക്കറിയാം. യേശു ചെയ്തിട്ടുള്ള മറ്റനേകം കാര്യങ്ങളുണ്ട്. അവ ഓരോന്നും രേഖപ്പെടുത്തുകയാണെങ്കിൽ അങ്ങനെ എഴുതപ്പെടുന്ന ഗ്രന്ഥങ്ങൾ ലോകത്തിൽ എങ്ങും ഒതുങ്ങുമെന്നു തോന്നുന്നില്ല.