JOHANA 19:1-22
JOHANA 19:1-22 MALCLBSI
പീലാത്തോസ് യേശുവിനെ കൊണ്ടു പോയി ചാട്ടവാറുകൊണ്ടടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് തലയിൽ വച്ചു; കടുംചുവപ്പുള്ള ഒരു മേലങ്കിയും അണിയിച്ചു. അവർ അവിടുത്തെ മുമ്പിൽ നിന്ന് “യെഹൂദന്മാരുടെ രാജാവേ, ജയ്! ജയ്!” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ അടിച്ചു. പീലാത്തോസ് വീണ്ടും പുറത്തു ചെന്ന് അവരോടു പറഞ്ഞു: “ഈ ആളിൽ ഞാനൊരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവരുന്നു.” അങ്ങനെ മുൾക്കിരീടവും കടുംചുവപ്പു വസ്ത്രവും ധരിച്ചുകൊണ്ട് യേശു പുറത്തേക്കു വന്നു. “ഇതാ ആ മനുഷ്യൻ” എന്നു പീലാത്തോസ് അവരോടു പറഞ്ഞു. പുരോഹിതമുഖ്യന്മാരും ദേവാലയഭടന്മാരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്കുക! ക്രൂശിക്കുക!” എന്ന് ആക്രോശിച്ചു. അപ്പോൾ പീലാത്തോസ് അവരോട് “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല” എന്നു പറഞ്ഞു. അതിന് യെഹൂദന്മാർ, “ഞങ്ങൾക്ക് ഒരു നിയമമുണ്ട്; അതനുസരിച്ച് ഇയാൾ വധശിക്ഷയ്‍ക്ക് അർഹനാണ്; എന്തെന്നാൽ ഇയാൾ ദൈവപുത്രനാണെന്നു സ്വയം അവകാശപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് കുറേക്കൂടി ഭയപ്പെട്ടു. അദ്ദേഹം വീണ്ടും അകത്തു പ്രവേശിച്ച് യേശുവിനോട്: “നിങ്ങളുടെ സ്വദേശം ഏതാണ്?” എന്നു ചോദിച്ചു. പക്ഷേ, യേശു അതിന് ഉത്തരം പറഞ്ഞില്ല. വീണ്ടും പീലാത്തോസ് ചോദിച്ചു: “നിങ്ങൾ എന്നോടു പറയുകയില്ലേ? നിങ്ങളെ ക്രൂശിക്കാനും വിട്ടയയ്‍ക്കാനുമുള്ള അധികാരം എനിക്കുണ്ടെന്ന് അറിഞ്ഞുകൂടേ?” അതിന് യേശു, “ഉന്നതത്തിൽനിന്നു നല്‌കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ അങ്ങേക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല; അതുകൊണ്ട് എന്നെ അങ്ങയുടെ കൈയിലേല്പിച്ചവനാണ് കൂടുതൽ കുറ്റം” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾമുതൽ പീലാത്തോസ് യേശുവിനെ വിട്ടയയ്‍ക്കാനുള്ള മാർഗം അന്വേഷിച്ചുതുടങ്ങി. എന്നാൽ “അങ്ങ് ഈ മനുഷ്യനെ വിട്ടയച്ചാൽ അങ്ങ് കൈസറിന്റെ സ്നേഹിതനല്ല. സ്വയം രാജാവാകുന്ന ഏതൊരുവനും കൈസറിന്റെ ശത്രുവാണ്” എന്ന് യെഹൂദന്മാർ ഉച്ചത്തിൽ ആക്രോശിച്ചു. ഇതു കേട്ടിട്ട് യേശുവിനെ പുറത്തു കൊണ്ടുവന്നശേഷം പീലാത്തോസ് ‘ഗബ്ബഥാ’ എന്നറിയപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഉപവിഷ്ടനായി. എബ്രായഭാഷയിൽ ‘ഗബ്ബഥാ’ എന്ന വാക്കിന് ‘കല്ത്തളം’ എന്നാണർഥം. അത് പെസഹായ്‍ക്കു മുമ്പുള്ള ഒരുക്കദിവസം ഏകദേശം പന്ത്രണ്ടു മണിക്കായിരുന്നു. “ഇതാ നിങ്ങളുടെ രാജാവ്” എന്നു പീലാത്തോസ് യെഹൂദന്മാരോടു പറഞ്ഞു. അപ്പോൾ “കൊല്ലുക! കൊല്ലുക! അവനെ ക്രൂശിക്കുക!” എന്ന് യെഹൂദന്മാർ വീണ്ടും ഉച്ചത്തിൽ അലറി. പീലാത്തോസ് അവരോട്: “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണോ?” എന്നു ചോദിച്ചു. “കൈസർ അല്ലാതെ മറ്റൊരു രാജാവ് ഞങ്ങൾക്കില്ല” എന്നു പുരോഹിതമുഖ്യന്മാർ പറഞ്ഞു. അപ്പോൾ യേശുവിനെ ക്രൂശിക്കുന്നതിനായി പീലാത്തോസ് അവരെ ഏല്പിച്ചു. അവർ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോൽഗോഥായിലേക്കു പോയി. എബ്രായഭാഷയിൽ ‘ഗോൽഗോഥാ’ എന്ന വാക്കിന് ‘തലയോടിന്റെ സ്ഥലം’ എന്നർഥം. അവിടെ അവർ അവിടുത്തെ ക്രൂശിച്ചു. മറ്റു രണ്ടാളുകളെയും യേശുവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിച്ചു. ‘നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്ത് പീലാത്തോസ് എഴുതി കുരിശിന്റെ മുകളിൽ വയ്പിച്ചു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ അത് എഴുതപ്പെട്ടിരുന്നതുകൊണ്ടും അനേകം യെഹൂദന്മാർ ആ മേലെഴുത്തു വായിച്ചു. ‘യെഹൂദന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാൻ യെഹൂദന്മാരുടെ രാജാവാകുന്നു എന്ന് ആ മനുഷ്യൻ പറഞ്ഞു’ എന്നത്രേ എഴുതേണ്ടത് എന്ന് യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാർ പറഞ്ഞു. “ഞാൻ എഴുതിയത് എഴുതി” എന്നു പീലാത്തോസ് പ്രതിവചിച്ചു.