YouVersion Logo
Search Icon

JOHANA 18:1-18

JOHANA 18:1-18 MALCLBSI

ഇപ്രകാരം പ്രാർഥിച്ചശേഷം യേശു ശിഷ്യന്മാരോടുകൂടി കെദ്രോൻതോടിന്റെ മറുകരയിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന തോട്ടത്തിൽ താനും ശിഷ്യന്മാരും പ്രവേശിച്ചു. യേശുവും ശിഷ്യന്മാരും അവിടെ കൂടുക പതിവായിരുന്നു. അതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ആ സ്ഥലം അറിയാമായിരുന്നു. ഒരു സംഘം പട്ടാളത്തെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ദേവാലയഭടന്മാരെയും കൂട്ടിക്കൊണ്ട്, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി യൂദാസ് അവിടെയെത്തി. തനിക്കു സംഭവിക്കാൻ പോകുന്നത് എല്ലാം അറിഞ്ഞുകൊണ്ട് യേശു മുമ്പോട്ടു ചെന്ന് അവരോടു ചോദിച്ചു: “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” “നസ്രായനായ യേശുവിനെ” എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ യേശു അവരോട് “അതു ഞാനാണ്” എന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് അവരോടുകൂടി ഉണ്ടായിരുന്നു. “അതു ഞാനാണ്” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലംപതിച്ചു. അവിടുന്ന് വീണ്ടും അവരോടു ചോദിച്ചു. “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” “നസ്രായനായ യേശുവിനെ” എന്ന് അവർ പറഞ്ഞു. “അതു ഞാൻ തന്നെയാണെന്നു നിങ്ങളോടു പറഞ്ഞല്ലോ; എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്‍ക്കൊള്ളട്ടെ” എന്ന് യേശു പറഞ്ഞു. “അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവർ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല” എന്ന് യേശു പറഞ്ഞ വാക്ക് ഇങ്ങനെ സത്യമായി. ശിമോൻ പത്രോസ് തന്റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്‌ക്കോസ് എന്നായിരുന്നു ആ ഭൃത്യന്റെ പേര്. യേശു പത്രോസിനോട്: “വാൾ ഉറയിൽ ഇടുക; പിതാവ് എനിക്കു നല്‌കിയിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു. അപ്പോൾ പട്ടാളവും സഹസ്രാധിപനും ദേവാലയഭടന്മാരും യേശുവിനെ പിടിച്ചു ബന്ധിച്ചു. അവിടുത്തെ ആദ്യം ഹന്നാസിന്റെ അടുക്കലേക്ക് അവർ കൊണ്ടുപോയി. ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാസിന്റെ ഭാര്യാപിതാവായിരുന്നു ഹന്നാസ്. ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നത് യുക്തം എന്ന് യെഹൂദന്മാർക്ക് ഉപദേശം നല്‌കിയത് കയ്യഫാസ് ആയിരുന്നു. ശിമോൻപത്രോസ് മറ്റൊരു ശിഷ്യനോടൊപ്പം യേശുവിനെ പിന്തുടർന്നു. ആ ശിഷ്യൻ മഹാപുരോഹിതനു പരിചിതനായിരുന്നതിനാൽ യേശുവിനോടുകൂടി നടുമുറ്റത്തു പ്രവേശിച്ചു. പത്രോസ് പടിവാതിലിനു വെളിയിൽ നില്‌ക്കുകയായിരുന്നു. മഹാപുരോഹിതനു പരിചിതനായിരുന്ന ശിഷ്യൻ വാതിൽക്കാവല്‌ക്കാരിയോടു പറഞ്ഞ് പത്രോസിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോൾ കാവല്‌ക്കാരിയായ ആ പെൺകുട്ടി പത്രോസിനോടു ചോദിച്ചു: “താങ്കളും ആ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” “അല്ല” എന്നു പത്രോസ് പറഞ്ഞു. തണുപ്പുള്ള രാത്രി ആയിരുന്നതിനാൽ ഭൃത്യന്മാരും ദേവാലയഭടന്മാരും കനൽക്കൂട്ടി തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. പത്രോസും അവരോടുചേർന്നു തീ കാഞ്ഞുകൊണ്ടു നിന്നു.