JOHANA 14:15-21
JOHANA 14:15-21 MALCLBSI
“നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ എന്റെ കല്പനകൾ അനുസരിക്കും. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാൻ നിങ്ങൾക്കു നല്കുകയും ചെയ്യും. ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാൽ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങൾ അവിടുത്തെ അറിയുന്നു; എന്തെന്നാൽ അവിടുന്നു നിങ്ങളോടുകൂടി ഇരിക്കുകയും നിങ്ങളിൽ വസിക്കുകയും ചെയ്യുന്നു. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. അല്പസമയംകൂടി കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; എന്നാൽ നിങ്ങൾ എന്നെ കാണും; ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും. ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും ആകുന്നുവെന്ന് നിങ്ങൾ അന്നു ഗ്രഹിക്കും. “എന്റെ കല്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവൻ. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിക്കുകയും എന്നെത്തന്നെ അവനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.”