JOHANA 13:21-38
JOHANA 13:21-38 MALCLBSI
ഇതു പറഞ്ഞശേഷം യേശു അസ്വസ്ഥചിത്തനായി ഇപ്രകാരം തുറന്നു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” അവിടുന്ന് ആരെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ അന്ധാളിച്ച് അന്യോന്യം നോക്കി. യേശുവിന്റെ വത്സലശിഷ്യൻ അവിടുത്തെ മാറിൽ ചാരി ഇരിക്കുകയായിരുന്നു. ആരെ ഉദ്ദേശിച്ചാണു പറഞ്ഞതെന്നു യേശുവിനോടു ചോദിക്കുവാൻ ശിമോൻപത്രോസ് അയാളോട് ആംഗ്യം കാട്ടി. യേശുവിന്റെ മാറിൽ ചാരിക്കൊണ്ടുതന്നെ അയാൾ ചോദിച്ചു: “കർത്താവേ ആരാണത്?” യേശു മറുപടിയായി, “ഈ അപ്പം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അയാൾ തന്നെ” എന്നു പറഞ്ഞു. പിന്നീട് ഒരു കഷണം അപ്പമെടുത്തു മുക്കി ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിനു കൊടുത്തു. അപ്പക്കഷണം കിട്ടിയ ഉടനെ സാത്താൻ യൂദാസിൽ പ്രവേശിച്ചു. യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യുവാൻ പോകുന്നതു വേഗം ചെയ്യുക.” എന്നാൽ എന്തിനാണ് അയാളോട് ഇതു പറഞ്ഞതെന്ന് യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരാരും മനസ്സിലാക്കിയില്ല. യൂദാസിന്റെ കൈയിലായിരുന്നു പണസഞ്ചി. അതുകൊണ്ട് പെരുന്നാളിനു വേണ്ടത് വാങ്ങാനോ, ദരിദ്രർക്ക് എന്തെങ്കിലും ദാനം ചെയ്യാനോ ആണ് യേശു അയാളോടു പറഞ്ഞത് എന്നത്രേ ചിലർ ഊഹിച്ചത്. അപ്പക്കഷണം കിട്ടിയ ഉടനെ, യൂദാസ് പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോൾ രാത്രി ആയിരുന്നു. യൂദാസ് പോയപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ ഇപ്പോൾ മഹത്ത്വപ്പെട്ടിരിക്കുന്നു; അവനിലൂടെ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവം മനുഷ്യപുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ ദൈവം പുത്രനെ മഹത്ത്വപ്പെടുത്തും; ഉടനെ അതു സംഭവിക്കുകയും ചെയ്യും. കുഞ്ഞുങ്ങളേ, ഞാൻ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാൻ പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു നല്‌കുന്നു; നിങ്ങൾ അന്യോന്യം സ്നേഹിക്കുക; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” ശിമോൻ പത്രോസ് ചോദിച്ചു: “ഗുരോ, അങ്ങ് എവിടെയാണു പോകുന്നത്?” യേശു പ്രതിവചിച്ചു: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കുവാൻ നിനക്ക് ഇപ്പോൾ കഴിയുകയില്ല. എന്നാൽ പിന്നീട് നീ എന്നെ അനുഗമിക്കും.” അപ്പോൾ പത്രോസ് ചോദിച്ചു: “ഗുരോ, എനിക്ക് അങ്ങയെ അനുഗമിക്കുവാൻ ഇപ്പോൾ കഴിയാത്തത് എന്തുകൊണ്ടാണ്? അങ്ങേക്കുവേണ്ടി മരിക്കുവാൻപോലും ഞാൻ സന്നദ്ധനാണ്”. യേശു പ്രതിവചിച്ചു: “എനിക്കുവേണ്ടി മരിക്കുമെന്നോ? എന്നാൽ സത്യം ഞാൻ പറയട്ടെ. കോഴി കൂകുന്നതിനുമുമ്പ് നിശ്ചയമായും നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.