YouVersion Logo
Search Icon

JOHANA 13:1-20

JOHANA 13:1-20 MALCLBSI

അന്ന് പെസഹാപെരുന്നാളിന്റെ തലേദിവസമായിരുന്നു. താൻ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകേണ്ട സമയമായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കി. ലോകത്തിൽ തനിക്കുള്ളവരെ അവിടുന്ന് എപ്പോഴും സ്നേഹിച്ചിരുന്നു. അന്ത്യംവരെയും അവരെ അവിടുന്നു പൂർണമായി സ്നേഹിക്കുകയും ചെയ്തു. ആ സായാഹ്നത്തിൽ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്റെ ഹൃദയത്തിൽ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു. പിതാവു സമസ്തകാര്യങ്ങളും തന്റെ കൈയിലേല്പിച്ചിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നാണു വന്നിരിക്കുന്നത് എന്നും ദൈവത്തിന്റെ അടുക്കലേക്കാണ് പോകുന്നത് എന്നും അറിഞ്ഞുകൊണ്ട് അത്താഴത്തിനിരുന്ന യേശു എഴുന്നേറ്റ് പുറങ്കുപ്പായം ഊരിവച്ചശേഷം ഒരു തുവർത്തെടുത്ത് അരയ്‍ക്കു കെട്ടി. പിന്നീട് ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അരയിൽ ചുറ്റിയിരുന്ന തുവർത്തുകൊണ്ടു തുടയ്‍ക്കുകയും ചെയ്തു. യേശു ശിമോൻപത്രോസിന്റെ അടുക്കൽ ചെന്നപ്പോൾ, “ഗുരോ, അങ്ങ് എന്റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാൻ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോൾ മനസ്സിലാക്കുന്നില്ല, എന്നാൽ പിന്നീടു മനസ്സിലാക്കും.” അപ്പോൾ പത്രോസ്, “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ഞാൻ നിന്റെ കാലു കഴുകുന്നില്ലെങ്കിൽ ഇനി ഒരിക്കലും നീ എന്റെ ശിഷ്യനായിരിക്കുകയില്ല.” അപ്പോൾ ശിമോൻ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.” യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവൻ ശുദ്ധിയുള്ളവനാണ്. നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു, എന്നാൽ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാൻ നിങ്ങൾക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു. ഞാൻ ഗുരുവും കർത്താവും ആകുന്നതുകൊണ്ട് നിങ്ങൾ അങ്ങനെ വിളിക്കുന്നതു ശരിതന്നെ. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും അന്യോന്യം പാദങ്ങൾ കഴുകേണ്ടതാണ്. ഞാൻ നിങ്ങൾക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം. ഞാൻ ഉറപ്പിച്ചു പറയുന്നു: ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാൾ വലിയവനല്ല. ഇതു നിങ്ങൾ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകും. “നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്റെ അപ്പം തിന്നുന്നവൻ എന്റെ കുതികാലു വെട്ടാൻ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ. ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് അവ സംഭവിക്കുന്നതിനുമുമ്പ് ഞാൻ നിങ്ങളെ അറിയിക്കുകയാണ്. ഞാൻ ഉറപ്പിച്ചുപറയുന്നു: ഞാൻ അയയ്‍ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെയും സ്വീകരിക്കുന്നു.”