JOHANA 12:27-50
JOHANA 12:27-50 MALCLBSI
“ഇപ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്താണു പറയേണ്ടത്? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നോ? എന്നാൽ ഈ പ്രതിസന്ധിയിൽക്കൂടി കടക്കുന്നതിനാണല്ലോ ഞാൻ ഈ നാഴികയിലെത്തിയിരിക്കുന്നത്. പിതാവേ, അവിടുത്തെ നാമം മഹത്ത്വപ്പെടുത്തിയാലും.” അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും” എന്ന് ഒരു അശരീരിയുണ്ടായി. അടുത്തു നിന്നിരുന്ന ജനസഞ്ചയം ആ ശബ്ദം കേട്ടിട്ട് “ഇടിമുഴങ്ങി” എന്നു പറഞ്ഞു. മറ്റുചിലർ “ഒരു ദൈവദൂതൻ” അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “ഈ പ്രഖ്യാപനം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയത്രേ. ഈ ലോകത്തിന്റെ ന്യായവിധി ഇപ്പോൾത്തന്നെയാകുന്നു. ലോകത്തിൻറ അധിപതി ഇപ്പോൾ പുറത്തു തള്ളപ്പെടും. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാവരെയും എന്നിലേക്ക് ആകർഷിക്കും. തനിക്കു സംഭവിക്കുവാൻ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്. ജനം യേശുവിനോടു ചോദിച്ചു: “ക്രിസ്തു എന്നേക്കും ജീവിക്കും എന്നാണല്ലോ ധർമശാസ്ത്രത്തിൽനിന്ന് ഞങ്ങൾ ഗ്രഹിച്ചിരിക്കുന്നത്. പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടണമെന്ന് താങ്കൾ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രൻ?” അവിടുന്ന് അരുൾചെയ്തു: “അല്പസമയംകൂടി മാത്രമേ പ്രകാശം നിങ്ങളുടെ മധ്യത്തിലുണ്ടായിരിക്കൂ. അന്ധകാരം നിങ്ങളെ പിടികൂടാതിരിക്കുന്നതിന് പ്രകാശമുള്ളിടത്തോളം സമയം അതിൽ നടന്നുകൊള്ളുക. അന്ധകാരത്തിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ല. നിങ്ങൾ പ്രകാശത്തിന്റെ മക്കൾ ആകേണ്ടതിന് പ്രകാശമുള്ള ഈ സമയത്ത് അതിൽ വിശ്വസിക്കുക.” അനന്തരം യേശു അവിടം വിട്ടുപോയി അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാതെ രഹസ്യമായി പാർത്തു. അവരുടെ കൺമുമ്പിൽ ഇത്ര വളരെ അടയാളപ്രവൃത്തികൾ ചെയ്തിട്ടും അവർ തന്നിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു? കർത്താവിന്റെ ഭുജബലം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന് യെശയ്യാപ്രവാചകൻ പറഞ്ഞത് ഇങ്ങനെ പൂർത്തിയായി. അവർക്കു വിശ്വസിക്കുവാൻ കഴിയാതെപോയതിനെപ്പറ്റി വീണ്ടും യെശയ്യാ പറയുന്നത് ഇപ്രകാരമാണ്: “ദൈവം അവരുടെ കണ്ണുകൾ അന്ധമാക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർ കണ്ണുകൊണ്ടു കാണുകയോ, മനസ്സുകൊണ്ടു ഗ്രഹിക്കുകയോ, എന്നിൽനിന്നു സുഖം പ്രാപിക്കുവാൻ എന്റെ അടുക്കലേക്കു തിരിയുകയോ ചെയ്യാതിരിക്കുവാൻതന്നെ” എന്ന് ദൈവം അരുൾചെയ്യുന്നു യെശയ്യാ യേശുവിന്റെ മഹത്ത്വം ദർശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്. എന്നിരുന്നാലും പല അധികാരികൾപോലും യേശുവിൽ വിശ്വസിച്ചു. എന്നാൽ സുനഗോഗിൽനിന്ന് പരീശന്മാർ തങ്ങളെ ബഹിഷ്കരിക്കുമെന്നു ഭയന്ന് അവർ പരസ്യമായി അത് ഏറ്റുപറഞ്ഞില്ല. ദൈവത്തിൽനിന്നു ലഭിക്കുന്ന പ്രശംസയെക്കാൾ അധികം മനുഷ്യരുടെ പ്രശംസയാണ് അവർ ഇഷ്ടപ്പെട്ടത്. യേശു ഉച്ചത്തിൽ പ്രഖ്യാപനം ചെയ്തു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ വിശ്വസിക്കുന്നു. എന്നെ ദർശിക്കുന്നവൻ എന്നെ അയച്ചവനെ ദർശിക്കുന്നു. എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു. ആരെങ്കിലും എന്റെ വാക്കുകൾ കേട്ട് അനുസരിക്കാതിരുന്നാൽ ഞാൻ അവനെ വിധിക്കുകയില്ല; എന്തെന്നാൽ ഞാൻ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ. എന്നെ അനാദരിക്കുകയും എന്റെ വാക്കുകൾ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാൻ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളിൽ അവനെ വിധിക്കും. ഞാൻ സ്വമേധയാ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവ് എന്നോടു കല്പിച്ചിരിക്കുന്നു. അവിടുത്തെ കല്പന അനശ്വരജീവൻതന്നെ എന്നു ഞാൻ അറിയുന്നു. ഞാൻ എന്തു പറയുന്നുവോ അത് എന്റെ പിതാവ് എന്നോട് അരുളിച്ചെയ്തപ്രകാരമാണ് ഞാൻ പറയുന്നത്.”