YouVersion Logo
Search Icon

JOHANA 12:1-26

JOHANA 12:1-26 MALCLBSI

പെസഹായ്‍ക്ക് ആറു ദിവസം മുമ്പ് യേശു ബേഥാന്യയിലെത്തി. അവിടെവച്ചായിരുന്നല്ലോ അവിടുന്ന് ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചത്. അവിടെ തനിക്ക് ഒരു വിരുന്നൊരുക്കി; മാർത്ത അതിഥികളെ പരിചരിച്ചു. യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരിൽ ലാസറുമുണ്ടായിരുന്നു. വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീൻ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവൻ തൈലത്തിന്റെ സൗരഭ്യംകൊണ്ടു നിറഞ്ഞു. എന്നാൽ യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനും, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവനുമായ യൂദാസ് ഈസ്കര്യോത്ത്, “ഈ പരിമളതൈലം മുന്നൂറു ദിനാറിനു വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു ചോദിച്ചു. ദരിദ്രരെക്കുറിച്ചുള്ള കരുതൽ കൊണ്ടല്ല അയാൾ ഇങ്ങനെ പറഞ്ഞത്; പിന്നെയോ, കള്ളനായതുകൊണ്ടത്രേ. പണസഞ്ചി അയാളുടെ കൈയിലായിരുന്നതിനാൽ അതിലിടുന്ന പണം അയാൾ എടുത്തുവന്നിരുന്നു. യേശു പറഞ്ഞു: “അവളെ ശല്യപ്പെടുത്താതിരിക്കൂ; എന്റെ ശവസംസ്കാരത്തിനുവേണ്ടി അവൾ അതു സൂക്ഷിച്ചിരുന്നതായി കരുതുക. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടിയുണ്ടല്ലോ; ഞാനാകട്ടെ, എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.” യേശു അവിടെയുണ്ടെന്നു കേട്ട് യെഹൂദന്മാരുടെ ഒരു വലിയ സമൂഹം അവിടെയെത്തി. യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല അവിടുന്നു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെ കാണുന്നതിനുംകൂടിയാണ് അവർ വന്നത്. ലാസർ ഹേതുവായി അനേകം യെഹൂദന്മാർ തങ്ങളെ ഉപേക്ഷിച്ച് യേശുവിൽ വിശ്വസിക്കുവാൻ തുടങ്ങിയതിനാൽ ലാസറിനെയും വധിക്കുവാൻ മുഖ്യപുരോഹിതന്മാർ ആലോചിച്ചു. പിറ്റേദിവസം യേശു യെരൂശലേമിൽ വരുന്നുണ്ടെന്ന് ഉത്സവത്തിനു വന്ന ജനക്കൂട്ടം അറിഞ്ഞു. അവർ ഈത്തപ്പനയുടെ കുരുത്തോലയുമായി അവിടുത്തെ എതിരേല്‌ക്കുവാൻ ചെന്നു. “ഹോശന്നാ! സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! ഇസ്രായേലിന്റെ രാജാവ് വാഴ്ത്തപ്പെട്ടവൻ!” എന്ന് അവർ ജയഘോഷം മുഴക്കിക്കൊണ്ടിരുന്നു. യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്ത് ഉപവിഷ്ടനായി. “സീയോൻപുത്രീ, ഭയപ്പെടേണ്ടാ!; ഇതാ നിന്റെ രാജാവു വരുന്നു കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.” എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ. യേശുവിന്റെ ശിഷ്യന്മാർക്ക് ആദ്യം ഇതിന്റെ പൊരുൾ മനസ്സിലായില്ല. എന്നാൽ യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷം അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുള്ളതും ജനങ്ങൾ അവിടുത്തേക്കുവേണ്ടി ചെയ്തതും അവർ അനുസ്മരിച്ചു. ലാസറിനെ കല്ലറയിൽനിന്നു വിളിച്ച് മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന ജനക്കൂട്ടം ആ സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു. യേശുവിന്റെ ഈ അടയാളപ്രവൃത്തിയെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടാണ് ജനങ്ങൾ അവിടുത്തെ എതിരേല്‌ക്കുവാൻ ചെന്നത്. പരീശന്മാർ ഇതുകണ്ട് അന്യോന്യം പറഞ്ഞു: “നമ്മുടെ പരിശ്രമം ഒന്നും ഫലിക്കുന്നില്ലല്ലോ! നോക്കുക, ലോകം മുഴുവൻ അയാളുടെ പിന്നാലെ പോയിക്കഴിഞ്ഞു.” ഉത്സവത്തിന് ആരാധിക്കുവാൻ വന്നവരുടെ കൂട്ടത്തിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. അവർ ഗലീലയിലെ ബെത്‍സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവർ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാൻ ഉറപ്പിച്ചുപറയുന്നു: കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാൽ അത് അഴിയുന്നെങ്കിൽ സമൃദ്ധമായ വിളവു നല്‌കുന്നു. തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തിൽവച്ചു തന്റെ ജീവനെ വെറുക്കുന്നവൻ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു. എന്നെ സേവിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും.