YouVersion Logo
Search Icon

JOHANA 11:21-36

JOHANA 11:21-36 MALCLBSI

മാർത്ത യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‌കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു. യേശു മാർത്തയോട്, “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നു പറഞ്ഞു. അപ്പോൾ മാർത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തിൽ എന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് എനിക്കറിയാം.” യേശു അവളോട് അരുൾചെയ്തു: “ഞാൻ തന്നെയാണു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?” “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു മാർത്ത പ്രതിവചിച്ചു. ഇത്രയും പറഞ്ഞിട്ട് മാർത്ത തിരിച്ചുപോയി മറിയമിനെ രഹസ്യമായി വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു പോയി. അതുവരെ യേശു ഗ്രാമത്തിൽ പ്രവേശിക്കാതെ മാർത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു. മറിയം തിടുക്കത്തിൽ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടിൽ ഇരുന്ന യെഹൂദന്മാർ കണ്ടു. അവൾ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാൻ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവർ അവളുടെ പിന്നാലെ ചെന്നു. യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോൾ മറിയം അവിടുത്തെ കാല്‌ക്കൽ വീണു, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോൾ ദുഃഖംകൊണ്ട് യേശുവിന്റെ അന്തരംഗം നൊന്തുകലങ്ങി. അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?” അവർ മറുപടിയായി, “കർത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു. യേശു കണ്ണുനീർ ചൊരിഞ്ഞു. അപ്പോൾ യെഹൂദന്മാർ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!”