JOHANA 10:7-18
JOHANA 10:7-18 MALCLBSI
യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതിൽ ഞാനാകുന്നു. എനിക്കു മുമ്പു വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമായിരുന്നു. ആടുകൾ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതിൽ; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കിൽ അവർ സുരക്ഷിതനായിരിക്കും. അവൻ അകത്തു വരികയും പുറത്തുപോകുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാൻ വന്നത് അവയ്‍ക്കു ജീവൻ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു. “ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ പ്രാണൻ വെടിയുന്നു. പ്രത്യുത, ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. ആടുകളുടെ കാര്യത്തിൽ താത്പര്യമില്ലാത്ത കേവലം കൂലിക്കാരനായതുകൊണ്ടത്രേ അവൻ ഓടിപ്പോകുന്നത്. ഞാൻ നല്ല ഇടയനാകുന്നു. എന്റെ പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എന്റെ സ്വന്തം ആടുകളെയും അവ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ഈ ആലയിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും മാത്രം ആയിത്തീരുകയും ചെയ്യും. “വീണ്ടും പ്രാപിക്കേണ്ടതിന് എന്റെ ജീവൻ ഞാൻ അർപ്പിക്കുന്നു. അതുകൊണ്ട് എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നു. എന്റെ ജീവൻ എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല; പ്രത്യുത, ഞാൻ സ്വമേധയാ അർപ്പിക്കുകയാണു ചെയ്യുന്നത്. അത് അർപ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ള കല്പനയാണിത്.”