JOHANA 1:35-42
JOHANA 1:35-42 MALCLBSI
പിറ്റേദിവസം യോഹന്നാൻ വീണ്ടും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടി അവിടെ നില്‌ക്കുമ്പോൾ, യേശു അതുവഴി കടന്നുപോകുന്നതു കണ്ടു. അപ്പോൾ യോഹന്നാൻ പറഞ്ഞു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!”. ഇതുകേട്ട് ആ ശിഷ്യന്മാർ രണ്ടുപേരും യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു നോക്കി, തന്റെ പിന്നാലെ അവർ ചെല്ലുന്നതുകണ്ട് “നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോൾ അവർ, “റബ്ബീ, അങ്ങ് എവിടെയാണു പാർക്കുന്നത്?” എന്നു ചോദിച്ചു. ‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നർഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവർ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോൾ ഏകദേശം നാലുമണി സമയം ആയിരുന്നതിനാൽ അന്ന് അവർ അദ്ദേഹത്തിന്റെ കൂടെ പാർത്തു. യോഹന്നാൻ പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് ആയിരുന്നു. അയാൾ ആദ്യമായി തന്റെ സഹോദരൻ ശിമോനെ കണ്ടു പറഞ്ഞു: “ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.” ‘മിശിഹ’ എന്നതിനു ‘ക്രിസ്തു’ അഥവാ ‘അഭിഷിക്തൻ’ എന്നർഥം. അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും.” അതിനു പത്രോസ് അഥവാ പാറ എന്നർഥം.