JEREMIA 4
4
അനുതാപത്തിനുള്ള ആഹ്വാനം
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലേ, മടങ്ങിവരാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ അടുക്കലേക്കു വരിക; എന്റെ സന്നിധിയിൽനിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും എന്നിൽനിന്നു വഴിതെറ്റിപോകാതിരിക്കുകയും ചെയ്ക. 2ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ സത്യസന്ധമായും നീതിയായും പരമാർഥമായും പ്രതിജ്ഞ ചെയ്യുക; എന്നാൽ അവിടുത്തെ നാമത്തിൽ ജനതകൾ അന്യോന്യം അനുഗ്രഹിക്കുകയും അവർ അവിടുത്തെ പുകഴ്ത്തുകയും ചെയ്യും.”
3യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളോട് അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുഭൂമി ഉഴുതു മറിക്കുക; മുള്ളുകളുടെ ഇടയിൽ വിതയ്‍ക്കരുത്. 4യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളേ, സർവേശ്വരനായി നിങ്ങളെത്തന്നെ പരിച്ഛേദനം ചെയ്യുവിൻ; നിങ്ങളുടെ ഹൃദയമാണു പരിച്ഛേദനം ചെയ്യേണ്ടത്; അല്ലാത്തപക്ഷം നിങ്ങളുടെ ദുഷ്കൃത്യങ്ങൾ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ജ്വലിക്കും; അതു കെടുത്താൻ ആർക്കും കഴിയുകയില്ല.”
യെഹൂദ്യക്കെതിരെ ഭീഷണി
5“യെഹൂദ്യയിൽ വിളംബരം ചെയ്യുവിൻ, യെരൂശലേമിൽ പ്രഖ്യാപിക്കുവിൻ; കാഹളം മുഴക്കി ദേശത്തെങ്ങും വിളിച്ചറിയിക്കുവിൻ; ഒരുമിച്ചുകൂടി സുരക്ഷിതനഗരങ്ങളിലേക്ക് ഓടിപ്പോകാം” എന്ന് ഉച്ചത്തിൽ വിളിച്ചു പറയുവിൻ. 6സീയോൻ ലക്ഷ്യമാക്കി കൊടി ഉയർത്തുവിൻ; സുരക്ഷിതത്വത്തിനു വേണ്ടി ഓടുവിൻ. തങ്ങി നില്‌ക്കരുത്; കാരണം വടക്കുനിന്നു തിന്മയും ഭയങ്കരമായ നാശവും ഞാൻ വരുത്തും. 7സിംഹം കുറ്റിക്കാട്ടിൽനിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകൻ സങ്കേതത്തിൽനിന്നു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ ദേശം ശൂന്യമാക്കും; നിന്റെ പട്ടണങ്ങൾ ആൾപ്പാർപ്പില്ലാത്ത നാശകൂമ്പാരങ്ങളാകും. 8അതുകൊണ്ടു നിങ്ങൾ ചാക്കുതുണി ഉടുത്തു വിലപിക്കുവിൻ; പൊട്ടിക്കരയുവിൻ. സർവേശ്വരന്റെ ഉഗ്രകോപം നമ്മിൽനിന്നു മാറിയിട്ടില്ലല്ലോ.”
9സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധൈര്യം അന്ന് അസ്തമിക്കും; പുരോഹിതന്മാർ ഭ്രമിക്കും; പ്രവാചകന്മാർ അമ്പരന്നുപോകും.” 10അപ്പോൾ ഞാൻ പറഞ്ഞു: “ദൈവമായ സർവേശ്വരാ, വാൾ അവരുടെ കഴുത്തിൽ വീണിരിക്കുമ്പോൾതന്നെ നിങ്ങൾക്കെല്ലാം ശുഭം എന്നു പറഞ്ഞ് അവിടുന്ന് ഈ ജനത്തെയും യെരൂശലേമിനെയും വഞ്ചിച്ചുവല്ലോ.”
11അന്നു ജനത്തോടും യെരൂശലേമിനോടും ഇപ്രകാരം പറയും: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നു പുറപ്പെടുന്ന ഉഷ്ണക്കാറ്റ് എന്റെ ജനത്തിന്റെ പുത്രിയുടെ നേർക്ക് അടിക്കും; അതു പതിരു നീക്കാനോ, വെടിപ്പാക്കാനോ ആയിരിക്കുകയില്ല. 12ഞാൻ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാൻതന്നെ അവരുടെമേൽ ന്യായവിധി പ്രസ്താവിക്കും.”
ശത്രുക്കൾ യെഹൂദ്യയെ വളയുന്നു
13ഇതാ, മേഘങ്ങളെപ്പോലെ അയാൾ വരുന്നു; അയാളുടെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയാണ്; കുതിരകൾ കഴുകനെക്കാൾ വേഗമേറിയവ; അയ്യോ ഞങ്ങൾക്കു ദുരിതം; ഞങ്ങൾ നശിച്ചുകഴിഞ്ഞു. 14യെരൂശലേമേ, നിന്റെ ഹൃദയത്തിൽനിന്നു ദുഷ്ടത കഴുകിക്കളയുവിൻ. എന്നാൽ നീ രക്ഷപെടും; ദുശ്ചിന്തകൾ എത്രകാലം നിന്നിൽ കുടിയിരിക്കും. 15ദാനിൽനിന്ന് ഒരു ശബ്ദവും എഫ്രയീംപർവതങ്ങളിൽനിന്ന് അനർഥത്തെപ്പറ്റിയുള്ള പ്രഖ്യാപനവും കേൾക്കുന്നു. 16ജനതകളോടു പ്രഖ്യാപിക്കുവിൻ; വിദൂരത്തുനിന്നു ശത്രുക്കൾ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങൾക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിൻ. വയലിലെ കാവല്‌ക്കാരെപ്പോലെ അവർ അവളെ വളഞ്ഞിരിക്കുന്നു; 17കാരണം, അവൾ എന്നോടു മത്സരിച്ചിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 18നീ സ്വീകരിച്ച വഴികളും നിന്റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്റെ ഹൃദയത്തിൽ തുളച്ചുകയറിയിരിക്കുന്നു.
യിരെമ്യായുടെ ദുഃഖം
19വേദന, അസഹ്യമായ വേദന! വേദന നിമിത്തം ഞാൻ പുളയുന്നു; എന്റെ ഹൃദയഭിത്തികൾ തകരുന്നു; എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു; നിശ്ശബ്ദനായിരിക്കാൻ എനിക്കു കഴിയുന്നില്ല; കാഹളശബ്ദവും യുദ്ധഭേരിയുമാണല്ലോ ഞാൻ കേൾക്കുന്നത്. 20നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവൻ വിജനമായിത്തീർന്നിരിക്കുന്നു. എന്റെ കൂടാരങ്ങൾ ക്ഷണനേരംകൊണ്ടു തകർന്നുവീഴുന്നു; കൂടാരവിരിപ്പുകൾ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു. 21എത്രകാലം ഞാൻ യുദ്ധത്തിന്റെ കൊടി കാണുകയും കാഹളശബ്ദം കേൾക്കുകയും വേണം? 22“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”
യിരെമ്യായുടെ ദർശനം
23ഞാൻ ഭൂമിയിലേക്കു നോക്കി, അതു രൂപമില്ലാത്തതും ശൂന്യവുമായിരുന്നു; ആകാശത്തേക്കു നോക്കി, അവിടെ പ്രകാശം ഉണ്ടായിരുന്നില്ല. 24ഞാൻ പർവതങ്ങളിലേക്കു നോക്കി, അവ വിറയ്‍ക്കുന്നു; കുന്നുകൾ ആടിക്കൊണ്ടിരിക്കുന്നു. 25ഒരു മനുഷ്യനെയും ഞാൻ അവിടെ കണ്ടില്ല; പക്ഷികൾ എല്ലാം പറന്നു പോയിരിക്കുന്നു. 26ഫലപുഷ്ടമായ ദേശം മരുഭൂമിയായി മാറിയിരിക്കുന്നതു ഞാൻ കണ്ടു; സർവേശ്വരന്റെ ഉഗ്രകോപത്തിൽ നഗരങ്ങളെല്ലാം നിലംപരിചായിരിക്കുന്നു.
27അവിടുന്ന് അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമായിത്തീരും; എങ്കിലും ഞാൻ അതു പൂർണമായി നശിപ്പിച്ചുകളയുകയില്ല. 28ഇതുനിമിത്തം ദേശം വിലപിക്കും; ആകാശം ഇരുണ്ടുപോകും; ഞാൻ നിശ്ചയിച്ചിരിക്കുന്നു; അതിനു മാറ്റമില്ല; ഞാൻ പിന്മാറുകയുമില്ല.” 29കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ശബ്ദം കേൾക്കുമ്പോൾ നഗരവാസികൾ ഓടിത്തുടങ്ങുന്നു; അവർ കുറ്റിക്കാടുകളിൽ ഒളിക്കുകയും പാറക്കെട്ടുകളിൽ വലിഞ്ഞു കയറുകയും ചെയ്യുന്നു; നഗരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അതിൽ പാർക്കുന്നില്ല. 30ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വർണാഭരണം അണിയുന്നു? കണ്ണിൽ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വർധിപ്പിക്കാനുള്ള നിന്റെ ശ്രമം വ്യർഥമാണ്; നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കുന്നു; അവർ നിനക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്നു. 31ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചിൽ ഞാൻ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോൾ കേൾക്കുന്നതുപോലെയുള്ള ആർത്തനാദം; ശ്വാസത്തിനുവേണ്ടി കൈകൾ നീട്ടി കിതയ്‍ക്കുന്ന സീയോൻപുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പിൽ ഞാൻ തളർന്നുവീഴുന്നു.’
Currently Selected:
JEREMIA 4: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.