YouVersion Logo
Search Icon

JEREMIA 35

35
യിരെമ്യായും രേഖാബ്യരും
1യെഹൂദാരാജാവായ യോശീയായുടെ പുത്രൻ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 2നീ രേഖാബ്യരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ സർവേശ്വരന്റെ ആലയത്തിലെ ഒരു മുറിയിൽ കൂട്ടിക്കൊണ്ടുവന്ന് അവർക്കു കുടിക്കാൻ വീഞ്ഞു കൊടുക്കുക. 3അതനുസരിച്ചു യിരെമ്യായുടെ പുത്രനും ഹബസിന്യായുടെ പൗത്രനുമായ യയസന്യായെയും അയാളുടെ സഹോദരന്മാരെയും അയാളുടെ എല്ലാ പുത്രന്മാരെയും അങ്ങനെ രേഖാബ്യഗൃഹക്കാർ എല്ലാവരെയും കൂട്ടിക്കൊണ്ടുവന്നു. 4ഞാൻ അവരെ ദേവാലയത്തിൽ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു; ഹാനാൻ ദൈവപുരുഷനായ ഇഗ്ദല്യായുടെ പുത്രനായിരുന്നു; ആ മുറി പ്രഭുക്കന്മാരുടെ മുറിക്കടുത്തും ശല്ലൂമിന്റെ പുത്രനും വാതിൽകാവല്‌ക്കാരനുമായ മയസേയായുടെ മുറിക്കു മുകളിലും ആയിരുന്നു. 5വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും ഞാൻ അവരുടെ മുമ്പിൽ വച്ചിട്ടു കുടിക്കുവിൻ എന്നു പറഞ്ഞു. 6ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; കാരണം രേഖാബിന്റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് ഞങ്ങളോട് ഇങ്ങനെ കല്പിച്ചിട്ടുണ്ട്; 7നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; നിങ്ങൾ വീടു പണിയരുത്; വിത്തു വിതയ്‍ക്കരുത്; മുന്തിരിത്തോട്ടം നട്ടുണ്ടാക്കരുത്; അതു കൈവശം വയ്‍ക്കയുമരുത്. 8-9നിങ്ങൾ പരദേശികളായി പാർക്കുന്ന സ്ഥലത്തു ദീർഘകാലം വസിക്കാൻ ഇടയാകുംവിധം ആയുഷ്ക്കാലം മുഴുവൻ കൂടാരങ്ങളിൽ തന്നെ പാർക്കണം. രേഖാബിന്റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് നല്‌കിയ കല്പനകളെല്ലാം ഞങ്ങൾ അനുസരിച്ചുവരുന്നു. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രീപുത്രന്മാരും ജീവിതത്തിൽ ഒരിക്കലും വീഞ്ഞു കുടിച്ചിട്ടില്ല. പാർക്കാൻ വീടു പണിതിട്ടില്ല; ഞങ്ങൾക്കു മുന്തിരിത്തോട്ടമോ നിലമോ ധാന്യവിത്തുകളോ ഇല്ല. 10കൂടാരങ്ങളിലാണ് ഞങ്ങൾ പാർത്തത്; അങ്ങനെ ഞങ്ങളുടെ പിതാവായ യോനാദാബ് കല്പിച്ചതെല്ലാം ഞങ്ങൾ അനുസരിച്ചു. 11ബാബിലോൺരാജാവായ നെബുഖദ്നേസർ ഈ ദേശം ആക്രമിച്ചപ്പോൾ ബാബിലോണ്യരുടെയും സിറിയാക്കാരുടെയും സൈന്യങ്ങളുടെ മുമ്പിൽനിന്നു യെരൂശലേമിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു; അങ്ങനെയാണ് ഞങ്ങൾ ഇപ്പോൾ യെരൂശലേമിൽ പാർക്കുന്നത്.”
12അപ്പോൾ യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 13ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ പോയി യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക; നിങ്ങൾ എന്റെ പ്രബോധനം സ്വീകരിച്ച് എന്റെ വാക്ക് അനുസരിക്കുകയില്ലേ എന്ന് അവിടുന്നു ചോദിക്കുന്നു. 14വീഞ്ഞു കുടിക്കരുതെന്നു രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ പുത്രന്മാർക്കുകൊടുത്തിരുന്ന കല്പന അവർ അനുസരിച്ചു; ഇന്നുവരെ അവർ വീഞ്ഞു കുടിച്ചിട്ടില്ല; അങ്ങനെ അവർ പിതാവിന്റെ കല്പന അനുസരിച്ചു; എന്നാൽ ഞാൻ നിങ്ങളോടു നിരന്തരം സംസാരിച്ചെങ്കിലും നിങ്ങൾ എന്നെ ശ്രദ്ധിച്ചില്ല. 15ദുർമാർഗങ്ങളിൽനിന്നു നിങ്ങൾ പിന്തിരിഞ്ഞു തെറ്റായ പ്രവൃത്തികളെ തിരുത്തുകയും അന്യദേവന്മാരെ അനുഗമിച്ച് അവരെ സേവിക്കാതിരിക്കുകയും ചെയ്താൽ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നല്‌കിയിരിക്കുന്ന ദേശത്തു നിങ്ങൾ പാർക്കും എന്ന സന്ദേശവുമായി എന്റെ ദാസരായ പ്രവാചകന്മാരെ ഞാൻ തുടർച്ചയായി നിങ്ങളുടെ അടുക്കൽ അയച്ചു; അതു നിങ്ങൾ കേൾക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല. 16രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ പുത്രന്മാർക്കു നല്‌കിയിരുന്ന കല്പന അവർ അനുസരിച്ചു; എന്നാൽ ഈ ജനം എന്നെ അനുസരിച്ചില്ല. 17അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെഹൂദ്യക്കും യെരൂശലേംനിവാസികൾക്കുമെതിരെ ഞാൻ പറഞ്ഞ അനർഥങ്ങളെല്ലാം അവരുടെമേൽ വരുത്തും. ഞാൻ സംസാരിച്ചു, അവർ ശ്രദ്ധിച്ചില്ല; ഞാൻ വിളിച്ചു, അവർ വിളികേട്ടില്ല.”
18രേഖാബ്യരോടു യിരെമ്യാ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും, സർവശക്തനുമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പനകളെല്ലാം നിങ്ങൾ അനുസരിച്ചു; അയാളുടെ ആജ്ഞകളെല്ലാം പാലിക്കുകയും കല്പനകളനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. 19അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയിൽ നില്‌ക്കാൻ രേഖാബിന്റെ മകനായ യോനാദാബിനു എന്നും ഒരു പുരുഷസന്തതി ഉണ്ടായിരിക്കും.”

Currently Selected:

JEREMIA 35: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for JEREMIA 35