JEREMIA 31
31
ഇസ്രായേലിന്റെ തിരിച്ചുവരവ്
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: അക്കാലത്ത് ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവം ഞാനായിരിക്കും; അവർ എന്റെ ജനമായിരിക്കും. 2സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വാളിനെ അതിജീവിച്ച ജനം മരുഭൂമിയിൽ കാരുണ്യം കണ്ടെത്തി, ഇസ്രായേൽജനം വിശ്രമം ആഗ്രഹിച്ചപ്പോൾ, 3ഞാൻ വിദൂരത്തുനിന്ന് അവർക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു. 4കന്യകയായ ഇസ്രായേലേ, ഞാൻ നിന്നെ വീണ്ടും പണിയും, നീ പണിയപ്പെടുകയും ചെയ്യും; 5തപ്പുകളെടുത്ത് അലംകൃതയായി ആനന്ദഘോഷക്കാരോടൊത്തു നീ നൃത്തം ചെയ്യും. ശമര്യയിൽ നിങ്ങൾ വീണ്ടും മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലമനുഭവിക്കും; 6എഴുന്നേല്ക്കൂ, നമുക്കു സീയോനിൽ, നമ്മുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിലേക്കു പോകാം എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചു പറയുന്ന ദിനം വരുന്നു.”
7സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി സന്തോഷഗാനം ഉറക്കെ പാടുവിൻ, ജനതകളുടെ തലവനായ ഇസ്രായേലിന് ആർപ്പുവിളിക്കുവിൻ; സർവേശ്വരൻ തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു, ഇസ്രായേലിലെ ശേഷിപ്പിനെത്തന്നെ എന്നു പ്രഘോഷിച്ചു സ്തുതി പാടുവിൻ. 8ഉത്തരദേശത്തുനിന്നു ഞാൻ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിർത്തികളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗർഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവർ മടങ്ങിവരും. 9കരഞ്ഞുകൊണ്ട് അവർ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാൻ അവരെ നയിക്കും, നീർത്തോടുകൾക്കരികെ, നേർപാതകളിലൂടെ ഞാൻ അവരെ വഴി നടത്തും; അവർ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാൻ പിതാവാണ്; എഫ്രയീം എന്റെ ആദ്യജാതനും.
10“ജനതകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ, വിദൂരത്തുള്ള ദ്വീപുകളിൽ അവ പ്രഘോഷിക്കുവിൻ, ഇസ്രായേലിനെ ചിതറിച്ചവൻ അതിനെ ഒരുമിച്ചുകൂട്ടുകയും അതിനെ ഇടയൻ ആട്ടിൻപറ്റത്തെ എന്നപോലെ സൂക്ഷിക്കുകയും ചെയ്യും. 11സർവേശ്വരൻ ഇസ്രായേലിനെ വീണ്ടെടുത്തിരിക്കുന്നു. അവനെക്കാൾ ബലമേറിയവരുടെ കരങ്ങളിൽനിന്നു വിമോചിപ്പിച്ചിരിക്കുന്നു. 12സീയോൻമലയിൽ വന്ന് അവർ ഉച്ചത്തിൽ പാടും; സർവേശ്വരന്റെ വിശിഷ്ടദാനങ്ങളാകുന്ന ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിവയാൽ അവർ സന്തുഷ്ടരാകും; അവരുടെ പ്രാണൻ ജലസമൃദ്ധമായ തോട്ടംപോലെ ആയിരിക്കും; ഇനി അവർ ക്ഷീണിച്ചു പോകയില്ല. 13അന്ന് കന്യകമാർ നൃത്തം ചെയ്ത് ആനന്ദിക്കും, യുവാക്കന്മാരും വൃദ്ധരും ഒരുപോലെ സന്തോഷിക്കും; അവരുടെ വിലാപം ഞാൻ സന്തോഷമായി മാറ്റും; അവരെ ഞാൻ ആശ്വസിപ്പിക്കും; ദുഃഖത്തിനു പകരം സന്തോഷം നല്കും. 14ഞാൻ പുരോഹിതന്മാരെ സമൃദ്ധികൊണ്ടു സംതൃപ്തരാക്കും; എന്റെ നന്മകളാൽ എന്റെ ജനത്തിനു തൃപ്തിവരും” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
സർവേശ്വരന്റെ കരുണ
15സർവേശ്വരൻ അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു; വിലാപത്തിന്റെയും അതിവേദനയുടെയും കരച്ചിൽ. റാഹേൽ തന്റെ മക്കളെ ചൊല്ലി വിലപിക്കുന്നു; അവർ ആരും അവശേഷിക്കായ്കയാൽ അവൾ ആശ്വാസംകൊള്ളാൻ വിസമ്മതിക്കുന്നു. 16സർവേശ്വരൻ അരുളിച്ചെയ്യുന്നു: “കരച്ചിൽ നിർത്തി നിന്റെ ശബ്ദവും കണ്ണുനീരൊഴുക്കാതെ നിന്റെ കണ്ണുകളും സൂക്ഷിക്കുക; നിന്റെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും; ശത്രുവിന്റെ ദേശത്തുനിന്ന് അവർ മടങ്ങിവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 17നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശിക്കാൻ വകയുണ്ടെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിന്റെ മക്കൾ സ്വദേശത്തേക്കു മടങ്ങിവരും. 18“എഫ്രയീമിന്റെ വിലാപം ഞാൻ കേട്ടിരിക്കുന്നു; അങ്ങു ഞങ്ങളെ ശിക്ഷിച്ചു. നുകം വയ്ക്കാത്ത കാളക്കുട്ടിക്കു നല്കുന്നതുപോലെയുള്ള ശിക്ഷണം അങ്ങ് ഞങ്ങൾക്കു നല്കി; പുനഃസ്ഥാപിക്കപ്പെടേണ്ടതിന് ഞങ്ങളെ മടക്കിക്കൊണ്ടു വരണമേ. ഞങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടുന്നാണല്ലോ. 19ഞങ്ങൾ വഴിതെറ്റിപ്പോയിരുന്നു എങ്കിലും പിന്നീടു ഞങ്ങൾ പശ്ചാത്തപിച്ചു; തെറ്റു മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ഞങ്ങൾ മാറത്തടിച്ചു കരഞ്ഞു; യൗവനത്തിലെ അപമാനം ഇപ്പോഴും ചുമക്കുന്നതുകൊണ്ടു ഞങ്ങൾ നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു. 20എഫ്രയീം എന്റെ വാത്സല്യപുത്രനല്ലേ? അവൻ എന്റെ ഓമനക്കുട്ടനല്ലേ? അവനെതിരെ സംസാരിക്കുമ്പോഴെല്ലാം ഞാൻ അവനെ ഓർക്കുന്നു; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ഞാൻ തീർച്ചയായും അവനോടു കരുണ കാണിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
21വഴിയിൽ നിനക്കുവേണ്ടി അടയാളം വയ്ക്കുക; കൈചൂണ്ടികൾ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സിൽ ഉറപ്പിക്കുക; ഇസ്രായേൽകന്യകയേ, മടങ്ങിവരിക. നിന്റെ പട്ടണങ്ങളിലേക്കു കടന്നു വരിക. 22അവിശ്വസ്തയായ മകളേ, നീ എത്രകാലം അലഞ്ഞു നടക്കും? സർവേശ്വരൻ ഭൂമിയിൽ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു; സ്ത്രീ പുരുഷനെ സംരക്ഷിക്കുന്നു.
പുതിയ ഉടമ്പടി
23ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ളവർക്ക് ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്കുമ്പോൾ ഈ വാക്കുകൾ അവർ ഒരിക്കൽകൂടി ഉച്ചരിക്കും. ‘വിശുദ്ധപർവതമേ, നീതിനിവാസമേ, സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ.’ 24യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ള കർഷകരും ഇടയന്മാരും ഒരുമിച്ചു പാർക്കും. 25തളർന്നിരിക്കുന്നവർക്കു ഞാൻ ഉന്മേഷം നല്കും; വിശന്നു ക്ഷീണിച്ചിരിക്കുന്നവർക്കു ഞാൻ സംതൃപ്തി നല്കും. 26അപ്പോൾ ഞാൻ ഉന്മേഷത്തോടെ ഉണർന്നു; എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു.
27ഇസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യർക്കും മൃഗങ്ങൾക്കും സന്താനപുഷ്ടി നല്കുന്ന കാലം വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 28പിഴുതുകളയാനും ഇടിച്ചുതകർക്കാനും മറിച്ചുകളയാനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചതുപോലെ പണിയാനും നടുവാനും കൂടെ ശ്രദ്ധിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 29“പിതാക്കന്മാർ പച്ച മുന്തിരിങ്ങാ തിന്നതുകൊണ്ട് മക്കളുടെ പല്ലു പുളിച്ചു” എന്നവർ ആ നാളുകളിൽ പറയുകയില്ല. 30ഓരോരുത്തനും അവനവന്റെ അകൃത്യത്താൽ മരിക്കും, പച്ചമുന്തിരിങ്ങാ തിന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ.
31സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയ ഉടമ്പടി ചെയ്യുന്ന കാലം വരുന്നു. 32ഈജിപ്തിൽനിന്നു ഞാൻ അവരെ കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നപ്പോൾ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിപോലെയല്ല; ഞാൻ അവരുടെ ഭർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 33ഇസ്രായേൽഗൃഹത്തോടു ഞാൻ ചെയ്യുന്ന പുതിയ ഉടമ്പടി ഇതാകുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; ഞാൻ അത് അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കും. 34മേലിൽ ആരും ‘ദൈവത്തെ അറിയുക’ എന്നു തന്റെ അയൽക്കാരനെയും സഹോദരനെയും പഠിപ്പിക്കേണ്ടി വരികയില്ല; ഏറ്റവും ചെറിയവർ മുതൽ വലിയവർവരെ എല്ലാവരും എന്നെ അറിയും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ അവരുടെ അകൃത്യം ക്ഷമിക്കും; അവരുടെ പാപം ഞാൻ ഓർക്കുകയുമില്ല.
35പകൽ പ്രകാശിക്കാൻ സൂര്യനെയും രാത്രിയിൽ പ്രകാശിക്കാൻ ചന്ദ്രനക്ഷത്രാദികളുടെ നിശ്ചിത ക്രമത്തെയും നല്കുന്നവനും തിരമാലകൾ അലറുംവിധം സമുദ്രത്തെ ഇളക്കുന്നവനും സർവശക്തനായ സർവേശ്വരൻ എന്നു നാമമുള്ളവനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു: 36ഈ നിശ്ചിതക്രമം എന്റെ മുമ്പിൽനിന്നു മാറിപ്പോയാൽ മാത്രമേ, ഇസ്രായേലിന്റെ സന്തതികൾ ഒരു ജനത എന്ന നിലയിൽ നിത്യമായി എന്റെ മുമ്പിൽ ഇല്ലാതെയായിപ്പോകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 37മുകളിൽ ആകാശത്തെ അളക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടെത്താനും കഴിയുമോ? എങ്കിൽ മാത്രമേ, ഇസ്രായേലിന്റെ സന്തതികളെ അവരുടെ പ്രവൃത്തികൾ നിമിത്തം തള്ളിക്കളയുകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
38ഹനനേൽ ഗോപുരംമുതൽ മൂലക്കവാടം വരെ സർവേശ്വരനുവേണ്ടി നഗരം പുനർനിർമിക്കപ്പെടുന്ന കാലം വരുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു. 39നഗരാതിർത്തി ഗാരേബ് കുന്നുവരെ എത്തിയശേഷം ഗോവഹിലേക്കു തിരിയും. ശവങ്ങളുടെയും ചാരത്തിന്റെയും താഴ്വര മുഴുവനും കിദ്രോൻ അതിരുവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്റെ മൂലവരെയുള്ള സ്ഥലവും സർവേശ്വരനു വേർതിരിക്കപ്പെടും; നഗരത്തെ ഇനി ആരും ഒരിക്കലും ഇടിച്ചു കളയുകയോ നശിപ്പിക്കയോ ഇല്ല.
Currently Selected:
JEREMIA 31: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.