YouVersion Logo
Search Icon

JEREMIA 28

28
യിരെമ്യായും ഹനന്യാപ്രവാചകനും
1ആ വർഷംതന്നെ, അതായത് യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ നാലാം വർഷം അഞ്ചാം മാസം, അസ്സൂറിന്റെ പുത്രനും ഗിബെയോനിൽ നിന്നുള്ള പ്രവാചകനുമായ ഹനന്യാ സർവേശ്വരന്റെ ആലയത്തിൽവച്ച്, പുരോഹിതന്മാരുടെയും സർവജനത്തിന്റെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു: 2“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിന്റെ നുകം ഞാൻ തകർത്തിരിക്കുന്നു. 3ബാബിലോൺരാജാവായ നെബുഖദ്നേസർ ഇവിടെനിന്നു ബാബിലോണിലേക്കു കൊണ്ടുപോയ ദേവാലയത്തിലെ പാത്രങ്ങളെല്ലാം ഞാൻ രണ്ടുവർഷത്തിനകം ഈ സ്ഥലത്തേക്കു മടക്കിക്കൊണ്ടുവരും. 4യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയിൽനിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാൻ ഈ സ്ഥലത്തു മടക്കിവരുത്തും; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോൺരാജാവിന്റെ നുകം ഞാൻ ഒടിക്കും.”
5അപ്പോൾ യിരെമ്യാപ്രവാചകൻ, സർവേശ്വരന്റെ ആലയത്തിൽ നില്‌ക്കുന്ന പുരോഹിതന്മാരുടെയും സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പ്രവാചകനോടു പറഞ്ഞു: 6“ആമേൻ! സർവേശ്വരൻ അങ്ങനെ ചെയ്യുമാറാകട്ടെ; താങ്കൾ പ്രവചിച്ച വചനം യഥാർഥമാകാൻ അവിടുന്ന് ഇടയാക്കട്ടെ; അവിടുത്തെ ആലയത്തിൽ ബാബിലോണിലേക്കു കൊണ്ടുപോയ പാത്രങ്ങളോടൊപ്പം സകല പ്രവാസികളെയും ഈ സ്ഥലത്തേക്കു തിരിച്ചുകൊണ്ടുവരുമാറാകട്ടെ. 7എങ്കിലും ഞാൻ താങ്കളോടും സർവജനത്തോടും പറയുന്നതു ശ്രദ്ധിക്കുക. 8പുരാതനകാലംമുതൽ എനിക്കും താങ്കൾക്കും മുമ്പേ ഉണ്ടായിരുന്ന പ്രവാചകർ അനേകം ദേശങ്ങൾക്കും പ്രബല രാജ്യങ്ങൾക്കും എതിരെ യുദ്ധവും ക്ഷാമവും മഹാമാരിയും പ്രവചിച്ചു. 9സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ പ്രവചിച്ച കാര്യങ്ങൾ സംഭവിച്ചു കഴിയുമ്പോൾ അയാൾ യഥാർഥത്തിൽ സർവേശ്വരനാൽ അയയ്‍ക്കപ്പെട്ടവനാണെന്നു തെളിയും.”
10അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞു. 11സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പറഞ്ഞു; “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇതുപോലെ സർവജനതകളുടെയും കഴുത്തിൽ നിന്നു ബാബിലോൺ രാജാവായ നെബുഖദ്നേസർരാജാവിന്റെ നുകം രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഒടിച്ചുകളയും.” പിന്നീട് യിരെമ്യാ പ്രവാചകൻ തന്റെ വഴിക്കുപോയി.
12യിരെമ്യാപ്രവാചകന്റെ കഴുത്തിൽ ഇരുന്ന നുകം ഹനന്യാ ഒടിച്ചുകളഞ്ഞതിനുശേഷം യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 13“ഹനന്യായോടു പോയി പറയുക: സർവേശ്വരൻ അരുളിച്ചെയ്യുന്നു; മരംകൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞു; അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം ഞാനുണ്ടാക്കും. 14ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നെബുഖദ്നേസറിനെ സേവിക്കുന്നതിനുവേണ്ടി അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാൻ സകല ജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അയാളെ സേവിക്കും; കാട്ടിലെ മൃഗങ്ങളെപ്പോലും ഞാൻ അയാൾക്കു കൊടുത്തിരിക്കുന്നു.” 15പിന്നീട് യിരെമ്യാപ്രവാചകൻ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ഹനന്യായേ ശ്രദ്ധിക്കുക; സർവേശ്വരൻ താങ്കളെ അയച്ചിട്ടില്ല; നീ ഈ ജനത്തെ അസത്യത്തിൽ ആശ്രയിക്കുമാറാക്കി. 16അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഭൂമുഖത്തുനിന്നു ഞാൻ നിന്നെ നീക്കിക്കളയും; ഈ വർഷം തന്നെ നീ മരിക്കും; സർവേശ്വരനോടു മത്സരിക്കാൻ നീ ഈ ജനത്തെ പ്രേരിപ്പിച്ചു.”
17അതേ വർഷം ഏഴാം മാസം ഹനന്യാ പ്രവാചകൻ മരിച്ചു.

Currently Selected:

JEREMIA 28: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for JEREMIA 28