JEREMIA 11
11
തകർന്ന ഉടമ്പടി
1യിരെമ്യാക്കു സർവേശ്വരനിൽനിന്നു ലഭിച്ച അരുളപ്പാട്: 2“ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ കേട്ട്, യെഹൂദ്യരോടും യെരൂശലേംനിവാസികളോടും പറയുക. 3നീ അവരോടു പ്രസ്താവിക്കണം: ‘ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; 4ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാത്തവൻ ശപിക്കപ്പെട്ടവൻ.’ ഇരുമ്പുചൂളയായ ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നപ്പോൾ അവരോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ; എന്റെ ശബ്ദം നിങ്ങൾ കേൾക്കണം; ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം നിങ്ങൾ അനുസരിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾ എന്റെ ജനമായിരിക്കും; ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും. 5ഇന്നു നിങ്ങൾക്കുള്ളതുപോലെ, പാലും തേനും ഒഴുകുന്ന ദേശം നിങ്ങൾക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഞാൻ നിറവേറ്റും. സർവേശ്വരാ, അങ്ങനെ ആകട്ടെ എന്നു ഞാൻ മറുപടി പറഞ്ഞു.”
6പിന്നീട് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകൾ നിങ്ങൾ കേട്ട് അവ നടപ്പാക്കുവിൻ. 7ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നതുമുതൽ ഇന്നുവരെ, ‘എന്റെ വാക്ക് അനുസരിക്കുവിൻ’ എന്നു ഞാൻ നിങ്ങളെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു. 8എന്നാൽ അവർ അതു കേൾക്കുകയോ അനുസരിക്കുകയോ ചെയ്തില്ല; എല്ലാവരും ദുഷ്ടഹൃദയരായി ദുശ്ശാഠ്യത്തോടെ നടന്നു; ഉടമ്പടിയിലെ വ്യവസ്ഥകൾ അവർ പാലിച്ചില്ല. അതുകൊണ്ട്, അതിലെ വ്യവസ്ഥകളനുസരിച്ചു ഞാൻ അവരോടു പെരുമാറും.”
9അവിടുന്നു വീണ്ടും എന്നോട് അരുളിച്ചെയ്തു: “യെഹൂദ്യയിലെ ജനങ്ങളും യെരൂശലേം നിവാസികളും ഗൂഢാലോചന നടത്തുന്നു. 10എന്റെ വാക്കുകൾ നിരസിച്ച അവരുടെ പൂർവപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്ക് അവർ പിന്തിരിയുന്നു; അവർ അന്യദേവന്മാരുടെ പിന്നാലെ പോയി അവയെ ആരാധിക്കുന്നു. ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും അവരുടെ പിതാക്കന്മാരോടു ഞാൻ ചെയ്ത ഉടമ്പടി ലംഘിച്ചു. 11അതുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവയിൽനിന്നു രക്ഷപെടാൻ അവർക്കു കഴിയുകയില്ല; അവർ എന്നോടു നിലവിളിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല. 12യെഹൂദ്യയിലെ നഗരങ്ങളും യെരൂശലേംനിവാസികളും തങ്ങൾ ധൂപാർപ്പണം നടത്തുന്ന ദേവന്മാരുടെ അടുക്കലേക്കു തിരിഞ്ഞ് അവരുടെ മുമ്പിൽ നിലവിളിക്കും; എന്നാൽ അനർഥകാലത്ത് അവരെ രക്ഷിക്കാൻ അവർക്കു കഴിവില്ല. 13അല്ലയോ യെഹൂദ്യയേ, നിനക്ക് എത്ര നഗരങ്ങളുണ്ടോ അത്രയും ദേവന്മാരുമുണ്ട്; മ്ലേച്ഛമായ ബാൽ വിഗ്രഹങ്ങൾക്കു ധൂപമർപ്പിക്കാൻ യെരൂശലേം വീഥികൾക്കൊപ്പം നീ ധൂപപീഠങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
14അതുകൊണ്ടു യിരെമ്യായേ, ഈ ജനതയ്‍ക്കുവേണ്ടി നീ പ്രാർഥിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ അപേക്ഷിക്കുകയോ അരുത്; അനർഥകാലത്ത് അവർ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുകയില്ല. 15ദുഷ്കൃത്യങ്ങൾ ചെയ്ത എന്റെ പ്രിയയ്‍ക്ക് എന്റെ ആലയത്തിൽ ഇനി എന്തവകാശമാണുള്ളത്? നേർച്ചകൾക്കോ യാഗമാംസത്തിനോ നിങ്ങൾക്കു സംഭവിക്കാൻ പോകുന്ന ദുരന്തത്തിൽനിന്നു നിങ്ങളെ രക്ഷിക്കാൻ കഴിയുമോ? അപ്പോൾ നിങ്ങൾക്ക് ആഹ്ലാദിക്കാനാവുമോ? 16ഫലസമൃദ്ധമായ തഴച്ച ഒലിവുമരമെന്ന് ഒരിക്കൽ സർവേശ്വരൻ നിങ്ങളെ വിളിച്ചു; എന്നാൽ കൊടുങ്കാറ്റിന്റെ ഗർജനത്തോടുകൂടി അവിടുന്ന് അതിനെ ചുട്ടെരിക്കും; അതിന്റെ ശാഖകൾ ചാരമായിത്തീരും. 17നിന്നെ നട്ടുപിടിപ്പിച്ച സർവശക്തനായ സർവേശ്വരൻ നിന്റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികൾതന്നെ; അവർ ബാലിനു ധൂപാർപ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.
യിരെമ്യാക്കെതിരെ ഗൂഢാലോചന
18സർവേശ്വരൻ അതെനിക്കു വെളിപ്പെടുത്തി; ഞാൻ അതു മനസ്സിലാക്കി; അവരുടെ ദുഷ്കൃത്യങ്ങൾ അവിടുന്ന് എനിക്കു കാണിച്ചുതന്നു. 19ഞാനാകട്ടെ കശാപ്പിനു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെ ആയിരുന്നു. ‘ഫലത്തോടുകൂടി വൃക്ഷത്തെ നശിപ്പിക്കാം, ജീവിക്കുന്നവരുടെ ദേശത്തുനിന്ന് അവനെ നീക്കിക്കളയാം, അവന്റെ പേരു പോലും ഇനി ആരും ഓർമിക്കരുത്’ എന്നു പറഞ്ഞ് ഗൂഢാലോചന നടത്തിയത് എനിക്കെതിരെ ആയിരുന്നു എന്നു ഞാൻ അറിഞ്ഞിരുന്നില്ല. 20നീതിപൂർവം വിധിക്കുന്നവനും ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനും സർവശക്തനുമായ സർവേശ്വരാ, അവിടുന്ന് അവരോടു പ്രതികാരം കാട്ടുന്നതു കാണാൻ എനിക്ക് ഇടയാക്കണമേ; എന്റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാൻ സമർപ്പിച്ചിരിക്കുന്നത്.
21സർവേശ്വരന്റെ നാമത്തിൽ പ്രവചിക്കരുത്; പ്രവചിച്ചാൽ ഞങ്ങൾ നിന്നെ കൊന്നുകളയും എന്നു പറഞ്ഞ് എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അനാഥോത്തുകാരെപ്പറ്റി അവിടുന്ന് അരുളിച്ചെയ്യുന്നു: 22“ഞാൻ അവരെ ശിക്ഷിക്കും; അവരുടെ യുവാക്കൾ വാളിനിരയാകും, പുത്രന്മാരും പുത്രിമാരും ക്ഷാമംമൂലം മരിക്കും. 23അനാഥോത്തുകാരെ ശിക്ഷിക്കുന്ന കാലത്ത് ഞാൻ അവർക്ക് അനർഥം വരുത്തും. അവരിൽ ആരും അവശേഷിക്കുകയില്ല എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.”
Currently Selected:
JEREMIA 11: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.