YouVersion Logo
Search Icon

JEREMIA 10

10
യഥാർഥമായ ആരാധന
1ഇസ്രായേൽഭവനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക. 2അവിടുന്ന് അരുളിച്ചെയ്യുന്നു: “മറ്റു ജനതകളുടെ മാർഗം നീ അനുകരിക്കരുത്; ആകാശത്തിലെ അടയാളങ്ങൾ കണ്ടു സംഭ്രമിക്കരുത്. 3ജനതകളാണ് അതു കണ്ടു പരിഭ്രാന്തരാകുന്നത്. ജനതകളുടെ മതാചാരങ്ങൾ വ്യർഥമാണ്. ഒരാൾ വനത്തിലെ മരം മുറിച്ചെടുക്കുന്നു; അതിൽ ശില്പി ഉളികൊണ്ടു പണിയുന്നു. 4സ്വർണവും വെള്ളിയുംകൊണ്ടു മനുഷ്യർ അതു പൊതിയുന്നു; ഇളകി പോകാതിരിക്കാൻ ആണിയടിച്ച് ഉറപ്പിക്കുന്നു. 5വെള്ളരിത്തോട്ടത്തിൽ വയ്‍ക്കുന്ന കോലങ്ങൾപോലെയാണ് അവരുടെ വിഗ്രഹങ്ങൾ; അവ സംസാരിക്കുന്നില്ല; തനിയെ നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമക്കണം; നിങ്ങൾ അവയെ ഭയപ്പെടരുത്; നന്മയോ, തിന്മയോ ചെയ്യാൻ അവയ്‍ക്കു കഴിവില്ലല്ലോ.”
6സർവേശ്വരാ, അങ്ങയെപ്പോലെ മറ്റാരുമില്ല; അങ്ങു വലിയവനാണ്; അവിടുത്തെ ശക്തി മഹത്ത്വമേറിയതാണ്. 7ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അവിടുന്ന് അതിനു യോഗ്യനാണല്ലോ; ജനതകളുടെ ഇടയിലെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ ആരുമില്ല. 8അവർ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവർ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ. 9തർശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിത്തകിടുകളും ഊഫാസിൽനിന്നു കൊണ്ടുവന്ന സ്വർണവുംകൊണ്ട് ശില്പിയും സ്വർണപ്പണിക്കാരും അവ പണിയുന്നു. നീലയും ധൂമ്രവുമായ വസ്ത്രങ്ങൾ അവയെ അണിയിക്കുന്നു. അവയെല്ലാം വിദഗ്ധപണിക്കാരുടെ ജോലിയാണ്. 10എന്നാൽ സർവേശ്വരനാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നാണ്; അവിടുന്നു കോപിക്കുമ്പോൾ ഭൂമി വിറയ്‍ക്കുന്നു; അവിടുത്തെ ഉഗ്രകോപം സഹിക്കാൻ ജനതകൾക്കു കഴിവില്ല. നിങ്ങൾ അവരോട് ഇങ്ങനെ പറയണം: 11“ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്മാർ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും.”
സ്തുതിഗീതം
12സ്വന്തം ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചതും; സ്വന്തം ജ്ഞാനത്താൽ അതിനെ സ്ഥാപിച്ചതും സ്വന്തം വിവേകത്താൽ ആകാശത്തെ വിരിച്ചതും അവിടുന്നാണ്. 13അവിടുന്നു ശബ്ദിക്കുമ്പോൾ, ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അതിർത്തികളിൽനിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു; മഴയ്‍ക്കായി മിന്നൽപ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; അവിടുത്തെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. 14മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താൻ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാരൻ ലജ്ജിതനാകും. 15അവർ നിർമിച്ച വിഗ്രഹങ്ങൾ വ്യാജമാണ്; അവയിൽ ജീവശ്വാസമില്ല. അവ വിലയില്ലാത്തതും അർഥശൂന്യവുമാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും. 16യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല, അവിടുന്നാണ് എല്ലാറ്റിനും രൂപം നല്‌കിയത്; ഇസ്രായേൽഗോത്രം അവിടുത്തെ അവകാശമാണ്; സർവശക്തനായ സർവേശ്വരനെന്നാണ് അവിടുത്തെ നാമം.
ആസന്നമായ പ്രവാസം
17ഉപരോധിക്കപ്പെട്ടിരിക്കുന്നവരേ, ഭാണ്ഡം മുറുക്കി ഓടിപ്പോകുവിൻ; 18സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവിണയിൽ വച്ച് എറിയുന്നതുപോലെ ദേശവാസികളെയെല്ലാം എറിഞ്ഞുകളയാൻ പോകുകയാണ്; അവരുടെമേൽ ഞാൻ ദുരിതം വരുത്തും; അത് അവർ അനുഭവിക്കുകയും ചെയ്യും.”
19എന്റെ മുറിവു നിമിത്തം എനിക്കു ഹാ ദുരിതം! അതു വളരെ ദാരുണമാണ്; ഈ ദുരിതം ഞാൻ സഹിച്ചേ തീരൂ. 20എന്റെ കൂടാരം നശിച്ചുപോയി; അതിന്റെ ചരടുകളെല്ലാം പൊട്ടിയിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവരിൽ ആരും ജീവിച്ചിരിക്കുന്നില്ല; എന്റെ കൂടാരം നിവർത്താനും അതിന്റെ ശീലകൾ വിരിക്കാനും ഇനി ആരുമില്ല. 21ഇടയന്മാർ ബുദ്ധിഹീനരാണ്; അവർ സർവേശ്വരനെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവർക്കു ഐശ്വര്യമുണ്ടാകുന്നില്ല; അവരുടെ ആട്ടിൻപറ്റം ചിതറിപ്പോയിരിക്കുന്നു. 22ഇതാ, ഒരു ആരവം അടുത്തു കേൾക്കുന്നു; വടക്കുദേശത്തുനിന്നു വരുന്ന ഇരമ്പൽ യെഹൂദാനഗരങ്ങൾ നശിപ്പിച്ച് അവയെ കുറുനരികളുടെ താവളമാക്കും.
23സർവേശ്വരാ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിൽ അല്ലെന്നും അവന്റെ കാലടികൾ നിയന്ത്രിക്കുന്നത് അവനല്ലെന്നും ഞാൻ അറിയുന്നു. 24സർവേശ്വരാ, നീതിപൂർവം എന്നെ തിരുത്തണമേ. ഞാൻ നശിച്ചുപോകുംവിധം അതു കോപത്തോടെ ആയിരിക്കരുതേ. 25അങ്ങയെ അറിയാത്ത ജനതകളുടെ മേലും, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ, അവർ യാക്കോബുവംശജരെ വിഴുങ്ങിയിരിക്കുന്നു; അവർ അവരെ നശിപ്പിച്ചു; അവരുടെ പാർപ്പിടം നിർജനമാക്കിയിരിക്കുന്നു.”

Currently Selected:

JEREMIA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for JEREMIA 10