RORELTUTE 6
6
ഗിദെയോൻ
1ഇസ്രായേൽജനം സർവേശ്വരന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് ഏഴു വർഷത്തേക്ക് അവിടുന്ന് അവരെ മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചു. 2മിദ്യാന്യർ അവരെ പീഡിപ്പിച്ചു. തന്നിമിത്തം അവർ പർവതങ്ങളിലെ ഗുഹകളിലും മറ്റു സുരക്ഷിതസ്ഥാനങ്ങളിലും ഒളിച്ചുപാർക്കേണ്ടിവന്നു. 3ഇസ്രായേൽജനം കൃഷിയിറക്കി കഴിയുമ്പോഴെല്ലാം മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും കൂടിവന്ന് അവരെ ആക്രമിച്ചിരുന്നു. 4അവർ ഇസ്രായേല്യർക്കെതിരെ താവളമടിച്ചുകൊണ്ട് ഗസ്സവരെയുള്ള സ്ഥലത്തെ വിളവു നശിപ്പിച്ചിരുന്നു; ഭക്ഷണപദാർഥങ്ങളെയോ ആടുമാടുകളെയോ കഴുതകളെയോ ശേഷിപ്പിച്ചില്ല. 5അവർ തങ്ങളുടെ കന്നുകാലികളും കൂടാരസാമഗ്രികളുമായി വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി വന്നിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു. 6അവർ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യർ നിമിത്തം ഇസ്രായേൽജനം വളരെ ക്ഷയിച്ചു. അവർ സർവേശ്വരനോടു നിലവിളിച്ചു.
7മിദ്യാന്യരിൽനിന്നു രക്ഷിക്കാൻ ഇസ്രായേൽജനം സർവേശ്വരനെ വിളിച്ചപേക്ഷിച്ചപ്പോൾ 8അവിടുന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: അടിമവീടായ ഈജിപ്തിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിച്ചുകൊണ്ടുവന്നു. 9ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകലരുടെയും കൈയിൽനിന്നു ഞാൻ നിങ്ങളെ വിടുവിച്ചു. നിങ്ങളുടെ മുമ്പിൽനിന്ന് ഞാൻ അവരെ തുരത്തി; അവരുടെ ദേശം നിങ്ങൾക്കു നല്‌കുകയും ചെയ്തു. 10“ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരൻ. നിങ്ങൾ നിവസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ആരാധിക്കരുതെന്നു ഞാൻ നിങ്ങളോടു കല്പിച്ചു; എന്നാൽ നിങ്ങൾ അതു ഗണ്യമാക്കിയില്ല.”
11അബിയേസ്ര്യവംശജനായ യോവാശിന്റെ ഒഫ്രയിലുള്ള കരുവേലകത്തിന്റെ കീഴിൽ സർവേശ്വരന്റെ ദൂതൻ വന്നു. യോവാശിന്റെ പുത്രനായ ഗിദെയോൻ, മിദ്യാന്യർ കാണാതിരിക്കാൻവേണ്ടി മുന്തിരിച്ചക്കിൽ കോതമ്പു മെതിക്കുകയായിരുന്നു. 12സർവേശ്വരന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സർവേശ്വരൻ നിന്റെ കൂടെയുണ്ട്.” 13ഗിദെയോൻ ദൂതനോടു പറഞ്ഞു: “പ്രഭോ, സർവേശ്വരൻ ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അദ്ഭുതങ്ങൾ പ്രവർത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാർ ആവർത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികൾ എവിടെ? ഇപ്പോൾ സർവേശ്വരൻ ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.” 14സർവേശ്വരൻ അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്റെ സർവശക്തിയോടുംകൂടെ പോയി ഇസ്രായേൽജനത്തെ മിദ്യാന്യരിൽനിന്നു രക്ഷിക്കുക. ഞാൻ തന്നെയാണു നിന്നെ അയയ്‍ക്കുന്നത്.” 15ഗിദെയോൻ പറഞ്ഞു: “സർവേശ്വരാ, ഇസ്രായേലിനെ ഞാൻ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തിൽ വച്ച് എന്റെ കുലം ദുർബലവും; ഞാനാകട്ടെ എന്റെ കുടുംബത്തിൽ ഏറ്റവും നിസ്സാരനും ആകുന്നു.” 16അവിടുന്നു പറഞ്ഞു: “ഞാൻ നിന്റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.” 17ഗിദെയോൻ പറഞ്ഞു: “അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ അവിടുന്നു തന്നെയാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം കാണിച്ചുതന്നാലും. 18ഞാൻ അടുത്തുവന്ന് തിരുമുമ്പിൽ കാഴ്ച സമർപ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്നു പോകരുതേ!” “നീ മടങ്ങി വരുന്നതുവരെ ഞാൻ ഇവിടെത്തന്നെ ഉണ്ടായിരിക്കും.” സർവേശ്വരൻ പറഞ്ഞു. 19ഗിദെയോൻ വീട്ടിൽ ചെന്ന് ഒരാട്ടിൻകുട്ടിയെ പാകം ചെയ്തു; ഒരു ഏഫാ മാവുകൊണ്ട് പുളിപ്പു ചേർക്കാത്ത അപ്പവും ഉണ്ടാക്കി; മാംസം ഒരു കുട്ടയിലും ചാറ് ഒരു കലത്തിലും എടുത്തു കരുവേലകത്തിന്റെ ചുവട്ടിൽ അവിടുത്തെ മുമ്പാകെ കാഴ്ചവച്ചു. 20അപ്പോൾ സർവേശ്വരന്റെ ദൂതൻ കല്പിച്ചു: “മാംസവും അപ്പവും പാറമേൽ വച്ച് മീതേ ചാറ് ഒഴിക്കുക.” ഗിദെയോൻ അങ്ങനെ ചെയ്തു. 21സർവേശ്വരന്റെ ദൂതൻ തന്റെ വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പു ചേരാത്ത അപ്പവും സ്പർശിച്ചു. ഉടൻതന്നെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും അപ്പവും ദഹിപ്പിച്ചു. പിന്നീടു ദൂതൻ അപ്രത്യക്ഷനായി. 22താൻ കണ്ടത് സർവേശ്വരന്റെ ദൂതനെത്തന്നെ ആയിരുന്നു എന്നു ഗിദെയോൻ മനസ്സിലാക്കി; “ദൈവമായ സർവേശ്വരാ, അവിടുത്തെ ദൂതനെ ഞാൻ അഭിമുഖം കണ്ടുപോയല്ലോ” എന്നു പറഞ്ഞു. 23സർവേശ്വരൻ അവനോടു പറഞ്ഞു: “നിനക്ക് സമാധാനം; ഭയപ്പെടേണ്ടാ; നീ മരിക്കുകയില്ല.” 24ഗിദെയോൻ അവിടെ സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; ‘#6:24 യാഹ്ശാലോം = സർവേശ്വരൻ സമാധാനംയാഹ്ശാലോം’ എന്ന് അതിനു പേരിട്ടു. അബിയേസ്ര്യകുലക്കാരുടെ വകയായ ഒഫ്രയിൽ അത് ഇന്നും നിലനില്‌ക്കുന്നു.
25ആ രാത്രിയിൽ സർവേശ്വരൻ ഗിദെയോനോടു കല്പിച്ചു: “നിന്റെ പിതാവ് ആരാധിക്കുന്ന ബാലിന്റെ ബലിപീഠം ഇടിച്ചു നിരത്തുകയും അതിന്റെ അടുത്തുള്ള അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുകയും ചെയ്യുക. 26ഈ കോട്ടയുടെ മുകളിൽ കല്ലുകൾ യഥാക്രമം അടുക്കി നിന്റെ ദൈവമായ സർവേശ്വരന് ഒരു യാഗപീഠം നിർമ്മിക്കുക; നിന്റെ പിതാവിന്റെ ഏഴു വയസ്സായ രണ്ടാമത്തെ കാളയെ അവിടെ ഹോമയാഗമായി അർപ്പിക്കണം. വെട്ടിവീഴ്ത്തിയ അശേരാപ്രതിഷ്ഠയുടെ വിറക് അതിന് ഉപയോഗിക്കാം. 27ഗിദെയോൻ തന്റെ ഭൃത്യന്മാരിൽ പത്തു പേരെ കൂട്ടിക്കൊണ്ടുപോയി അവിടുന്നു തന്നോടു കല്പിച്ചതുപോലെ പ്രവർത്തിച്ചു. സ്വന്തം കുടുംബക്കാരെയും പട്ടണവാസികളെയും ഭയപ്പെട്ടിരുന്നതുകൊണ്ട് പകൽ സമയത്തല്ല, രാത്രിയിലായിരുന്നു അതു ചെയ്തത്. 28അടുത്ത ദിവസം പട്ടണവാസികൾ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർന്നു കിടക്കുന്നതും അശേരാപ്രതിഷ്ഠ വെട്ടി വീഴ്ത്തപ്പെട്ടിരിക്കുന്നതും പുതുതായി നിർമ്മിച്ച യാഗപീഠത്തിൽ രണ്ടാമത്തെ കാളയെ യാഗമായി അർപ്പിച്ചിരിക്കുന്നതും കണ്ടു. 29ആരാണ് ഇതു ചെയ്തത് എന്ന് അവർ പരസ്പരം ചോദിച്ചു; യോവാശിന്റെ പുത്രനായ ഗിദെയോനാണ് ഇതു ചെയ്തതെന്ന് അവർക്കു മനസ്സിലായി. 30അപ്പോൾ പട്ടണവാസികൾ യോവാശിനോടു പറഞ്ഞു: “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം തകർക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തിരിക്കുന്നുവല്ലോ.” 31തനിക്കെതിരെ അണിനിരന്നവരോടു യോവാശ് പറഞ്ഞു: “ബാലിനുവേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? ബാലിനുവേണ്ടി വാദിക്കുന്നവൻ നേരം വെളുക്കുന്നതിനു മുമ്പുതന്നെ കൊല്ലപ്പെടണം. ബാൽ ദൈവമാണെങ്കിൽ, അവൻ സ്വയം പോരാടട്ടെ; ബാലിന്റെ ബലിപീഠം അല്ലേ തകർക്കപ്പെട്ടത്.” 32ബാലിന്റെ ബലിപീഠം തകർത്തതിനാൽ ബാൽതന്നെ അവനെതിരായി പോരാടട്ടെ എന്നർഥമുള്ള ‘യെരുബ്ബാൽ’ എന്നു ഗിദെയോനു പേരുണ്ടായി.
33പിന്നീട് മിദ്യാന്യരും അമാലേക്യരും യോർദ്ദാൻനദിക്കു കിഴക്കുള്ള ഗോത്രക്കാരും നദികടന്നു ജെസ്രീൽ താഴ്‌വരയിൽ പാളയമടിച്ചു. 34അപ്പോൾ സർവേശ്വരന്റെ ആത്മാവ് ഗിദെയോന്റെമേൽ ആവസിച്ചു; അയാൾ കാഹളമൂതി അബീയേസ്ര്യരെ തന്നെ അനുഗമിക്കാനായി ആഹ്വാനം ചെയ്തു. 35പിന്നീട് മനശ്ശെഗോത്രക്കാരുടെ ഇടയിലെല്ലാം ദൂതന്മാരെ അയച്ച് തന്നെ അനുഗമിക്കാനായി അവരെയും വിളിച്ചുകൂട്ടി. ആശേർ, സെബൂലൂൻ, നഫ്താലി എന്നീ ഗോത്രക്കാരുടെ ഇടയിലും ദൂതന്മാരെ അയച്ചു. അവരും ഗിദെയോന്റെ അടുക്കൽ വന്നു. 36ഗിദെയോൻ ദൈവത്തോടു പറഞ്ഞു: “ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്നാണല്ലോ അങ്ങു പറഞ്ഞിട്ടുള്ളത്. 37ഞാൻ ആട്ടിൻരോമംകൊണ്ടുള്ള വസ്ത്രം കോതമ്പുകളത്തിൽ വിരിക്കുന്നു; അതുമാത്രം മഞ്ഞുവെള്ളംകൊണ്ടു നനയുകയും നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്താൽ അവിടുന്ന് ഇസ്രായേലിനെ രക്ഷിക്കാൻ എന്നെ നിയോഗിച്ചിരിക്കുന്നു എന്നു ഞാൻ അറിയും.” 38അത് അങ്ങനെ സംഭവിച്ചു. ഗിദെയോൻ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ് ആ വസ്ത്രം പിഴിഞ്ഞപ്പോൾ ഒരു പാത്രം നിറയെ മഞ്ഞുവെള്ളം ലഭിച്ചു. 39ഗിദെയോൻ വീണ്ടും ദൈവത്തോടു പറഞ്ഞു: “അങ്ങയുടെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഒരിക്കൽകൂടി ഞാൻ സംസാരിച്ചുകൊള്ളട്ടെ; രോമവസ്ത്രംകൊണ്ട് ഒരു പരീക്ഷണം കൂടി നടത്താൻ അനുവദിച്ചാലും. ഇത്തവണ വസ്ത്രം ഉണങ്ങിയിരിക്കുകയും നിലമെല്ലാം നനഞ്ഞിരിക്കുകയും ചെയ്യാൻ ഇടവരുത്തിയാലും.” 40ആ രാത്രിയിൽ ദൈവം അപ്രകാരം പ്രവർത്തിച്ചു. രോമവസ്ത്രം മാത്രം ഉണങ്ങിയും മഞ്ഞുകൊണ്ടു നിലമെല്ലാം നനഞ്ഞും കാണപ്പെട്ടു.
Currently Selected:
RORELTUTE 6: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.