YouVersion Logo
Search Icon

RORELTUTE 18

18
മീഖായും ദാൻഗോത്രക്കാരും
1അക്കാലത്ത് ഇസ്രായേലിൽ രാജവാഴ്ച തുടങ്ങിയിരുന്നില്ല. കുടിപാർക്കാൻ ദാൻഗോത്രക്കാർ അവകാശഭൂമി അന്വേഷിക്കുകയായിരുന്നു. അന്നുവരെ ഇസ്രായേൽഗോത്രക്കാരുടെ ഇടയിൽ അവർക്ക് അവകാശം ലഭിച്ചിരുന്നില്ല. 2അതുകൊണ്ട് ദാൻഗോത്രക്കാർ തങ്ങളുടെ ഗോത്രത്തിൽനിന്ന് സമർഥരായ അഞ്ചു പേരെ തിരഞ്ഞെടുത്ത് സോരായിൽനിന്നും എസ്തായോലിൽനിന്നുമായി അയച്ചു. സ്ഥലം ഒറ്റുനോക്കി വിവരങ്ങൾ ശേഖരിക്കണമെന്ന നിർദ്ദേശത്തോടെയാണ് അവരെ പറഞ്ഞയച്ചത്. അവർ എഫ്രയീം മലനാട്ടിൽ മീഖായുടെ വീട്ടിലെത്തി രാത്രി അവിടെ പാർത്തു. 3അവർ ആ ഭവനത്തിന് അടുത്തെത്തിയപ്പോൾതന്നെ ആ ലേവ്യയുവാവിന്റെ ശബ്ദം തിരിച്ചറിഞ്ഞു; അവിടെ കയറിച്ചെന്ന് അയാളോടു ചോദിച്ചു: “ആരാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്? ഈ സ്ഥലത്തു നീ എന്തു ചെയ്യുന്നു? ഇവിടെ നിന്റെ ജോലി എന്താണ്?” 4മീഖാ തനിക്കുവേണ്ടി ചെയ്തതെല്ലാം അയാൾ അവരോടു പറഞ്ഞു: “ഞാനയാൾക്ക് പുരോഹിതനാണ്, അയാൾ എനിക്കു വേതനം നല്‌കുന്നു.” 5“ഞങ്ങളുടെ യാത്ര ശുഭമായി പരിണമിക്കുമോ എന്നു ദൈവത്തോടു ചോദിച്ചാലും” എന്ന് അവർ അയാളോട് അപേക്ഷിച്ചു. 6“സമാധാനത്തോടുകൂടി പോകുക; നിങ്ങളുടെ യാത്രയിൽ സർവേശ്വരൻ നിങ്ങളോടൊപ്പമുണ്ട്” എന്നു പുരോഹിതൻ പറഞ്ഞു.
7ആ അഞ്ചു പേർ അവിടെനിന്നു ലയീശിലേക്കു പോയി; സീദോന്യരെപ്പോലെ അവിടത്തെ ജനം സുരക്ഷിതരായി പാർക്കുന്നു എന്ന് അവർ മനസ്സിലാക്കി. അവർ പ്രശാന്തരും സുരക്ഷിതരുമായിരുന്നു; അവരുടെ ഇടയിൽ തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല; അവർക്കാവശ്യമുള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു. സീദോന്യരിൽനിന്ന് വളരെ അകലെയാണ് അവർ പാർത്തിരുന്നത്; അവർക്കു മറ്റു ജനതകളുമായി യാതൊരു സംസർഗവും ഉണ്ടായിരുന്നില്ല. 8പിന്നീട് അവർ സോരായിലും എസ്തായോലിലുമുള്ള സ്വജനങ്ങളുടെ അടുക്കൽ മടങ്ങിവന്നു. ജനം അവരോടു ചോദിച്ചു: 9“നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.” അവർ പറഞ്ഞു: “പുറപ്പെടുക; ഞങ്ങൾ അവരുടെ ദേശം കണ്ടു; അതു വളരെ ഫലഭൂയിഷ്ഠമാണ്; നിഷ്ക്രിയനായിരിക്കാതെ ആ ദേശം വേഗം കൈവശപ്പെടുത്തുവിൻ. 10നിർഭയരായി കഴിയുന്ന ഒരു ജനതയെ ആയിരിക്കും നിങ്ങൾ അവിടെ നേരിടുക; അതു വളരെ വിശാലമായ ദേശമാണ്; ഒന്നിനും അവിടെ ഒരു കുറവുമില്ല; ആ ദേശം ദൈവം നിങ്ങൾക്കു നല്‌കിയിരിക്കുന്നു.”
11അപ്പോൾ സോരായിലും എസ്തായോലിലും പാർത്തിരുന്ന ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു. 12അവർ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമിൽ പാളയമടിച്ചു; അതുകൊണ്ട് ആ സ്ഥലം ഇന്നും #18:12 മഹനേ-ദാൻ = ദാൻഗോത്രക്കാരുടെ പാളയം.മഹനേ-ദാൻ എന്ന പേരിൽ അറിയപ്പെടുന്നു. അത് കിര്യത്ത്-യെയാരീമിന്റെ പടിഞ്ഞാറു വശത്താണ്. 13അവർ അവിടെനിന്ന് എഫ്രയീം മലനാട്ടിലുള്ള മീഖായുടെ വീടിനു സമീപം എത്തി. 14ലയീശ്ദേശം നിരീക്ഷിക്കാൻ പോയിരുന്ന ആ അഞ്ചുപേർ സഹോദരന്മാരോടു പറഞ്ഞു: “ഇവിടെയുള്ള ഒരു വീട്ടിൽ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും ഒരു കൊത്തുവിഗ്രഹവും വാർപ്പുവിഗ്രഹവും ഉണ്ട്. അതുകൊണ്ടു നാം എന്തു ചെയ്യണമെന്ന് നിങ്ങൾ ചിന്തിക്കുക;” 15അവർ മീഖായുടെ വീട്ടിൽ പാർത്തിരുന്ന ലേവ്യയുവാവിന്റെ അടുക്കൽ ചെന്നു കുശലാന്വേഷണം നടത്തി. 16ദാൻഗോത്രത്തിൽപ്പെട്ട യുദ്ധസന്നദ്ധരായ അറുനൂറു പേർ പടിവാതില്‌ക്കൽ നിന്നിരുന്നു. 17ദേശം ഒറ്റുനോക്കാൻ പോയിരുന്ന അഞ്ചു പേർ അകത്തു പ്രവേശിച്ച് ഏഫോദും, കൊത്തുവിഗ്രഹവും, വാർപ്പുവിഗ്രഹവും, കുലദേവവിഗ്രഹങ്ങളും എടുത്തു. അപ്പോൾ പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറു പേരോടൊപ്പം പടിവാതില്‌ക്കൽ നില്‌ക്കുകയായിരുന്നു; 18അവർ മീഖായുടെ വീട്ടിൽ ചെന്ന് കുലദേവവിഗ്രഹങ്ങളും വാർപ്പുവിഗ്രഹവും കൊത്തുവിഗ്രഹവും ഏഫോദും എടുത്തപ്പോൾ “നിങ്ങൾ എന്താണീ ചെയ്യുന്നത്” എന്നു പുരോഹിതൻ ചോദിച്ചു. 19അവർ അവനോടു പറഞ്ഞു: “മിണ്ടരുത്; വായ്പൊത്തി ഞങ്ങളുടെകൂടെ വന്നു ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരു വീട്ടിലെ പുരോഹിതനായിരിക്കുന്നതിനെക്കാൾ ഇസ്രായേലിലെ ഒരു ഗോത്രത്തിന്റെ മുഴുവൻ പുരോഹിതൻ ആയിരിക്കുന്നതല്ലേ അങ്ങേക്കു കൂടുതൽ നല്ലത്.” 20അതു കേട്ടപ്പോൾ പുരോഹിതൻ സന്തുഷ്ടനായി; അയാൾ ഏഫോദും കുലദേവവിഗ്രഹങ്ങളും കൊത്തുവിഗ്രഹവും എടുത്തുകൊണ്ട് അവരോടൊത്തു പോയി. അവർ അവിടെനിന്നു യാത്രപുറപ്പെട്ടു. 21കുഞ്ഞുകുട്ടികളും ആടുമാടുകളും അവരുടെ വസ്തുവകകളുമായിരുന്നു മുമ്പിൽ. 22അവർ മീഖായുടെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പോൾ മീഖാ സമീപവാസികളെ വിളിച്ചുകൂട്ടി ദാൻഗോത്രക്കാരെ പിന്തുടർന്ന് അവരുടെ ഒപ്പം എത്തി. 23അവർ കൂകി വിളിച്ചപ്പോൾ ദാൻഗോത്രക്കാർ തിരിഞ്ഞുനോക്കി; മീഖായെ കണ്ട് “ഈ ആൾക്കൂട്ടത്തോടുകൂടി വരുന്നതിന് എന്തുണ്ടായി എന്നു ചോദിച്ചു. 24മീഖാ അവരോടു പറഞ്ഞു: “ഞാൻ നിർമ്മിച്ച ദേവവിഗ്രഹങ്ങൾ നിങ്ങൾ അപഹരിച്ചു; എന്റെ പുരോഹിതനെയും നിങ്ങൾ കൊണ്ടുപോകുന്നു; ഇനിയും എനിക്ക് എന്താണ് ശേഷിച്ചിട്ടുള്ളത്? എന്നിട്ടും എനിക്കെന്തുണ്ടായി എന്നു നിങ്ങൾ ചോദിക്കുന്നു.” 25ദാൻഗോത്രക്കാർ മറുപടി പറഞ്ഞു: “ശബ്ദിച്ചുപോകരുത്; അല്ലെങ്കിൽ ഈ ജനം കോപിച്ചു നിന്നെ ആക്രമിക്കാനിടയാകും. അങ്ങനെ നീയും നിന്റെ കുടുംബാംഗങ്ങളും നശിച്ചുപോകാൻ ഇടവരുത്തരുത്.” 26ദാൻഗോത്രക്കാർ തങ്ങളുടെ വഴിക്കു പോയി; അവർ തന്നെക്കാൾ ശക്തരായതുകൊണ്ട് മീഖായും സ്വഭവനത്തിലേക്കു മടങ്ങി. 27അവർ മീഖാ നിർമ്മിച്ച വിഗ്രഹങ്ങളോടൊപ്പം പുരോഹിതനെയും ലയീശിലേക്കു കൊണ്ടുപോയി. അവിടെ സുരക്ഷിതരായി സമാധാനപൂർവം ജീവിച്ചിരുന്ന ജനങ്ങളുടെ അടുക്കൽ ചെന്ന് അവരെ വാളിനിരയാക്കി. 28അവരുടെ പട്ടണം ചുട്ടെരിച്ചു; അത് സീദോനിൽനിന്നു വളരെ അകലെയായിരുന്നതിനാലും മറ്റാളുകളുമായി അവർക്കു സമ്പർക്കം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാൻ ആരുമുണ്ടായില്ല. ആ പട്ടണം ബേത്ത്-രെഹോബ് താഴ്‌വരയിൽതന്നെ ആയിരുന്നു. ദാൻഗോത്രക്കാർ പട്ടണം വീണ്ടും പണിത് അവിടെ നിവസിച്ചു. 29തങ്ങളുടെ ഗോത്രപിതാവായ ദാനിന്റെ പേര് അവർ ആ പട്ടണത്തിനു നല്‌കി; അതിനു മുമ്പ് ലയീശ് എന്നായിരുന്നു അതിന്റെ പേര്. 30ദാൻഗോത്രക്കാർ കൊത്തുവിഗ്രഹം തങ്ങൾക്കുവേണ്ടി പ്രതിഷ്ഠിച്ചു; മോശയുടെ പൗത്രനും ഗേർശോമിന്റെ പുത്രനുമായ യോനാഥാനും അവന്റെ പുത്രന്മാരും ദാൻഗോത്രക്കാർക്കുവേണ്ടി പുരോഹിതശുശ്രൂഷ നിർവഹിച്ചു. പ്രവാസകാലംവരെ അവർ അതു തുടർന്നുപോന്നു. 31ദൈവത്തിന്റെ ആലയം ശീലോവിലായിരുന്ന കാലമത്രയും മീഖാ ഉണ്ടാക്കിയ വിഗ്രഹം അവർ അവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു.

Currently Selected:

RORELTUTE 18: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for RORELTUTE 18