YouVersion Logo
Search Icon

RORELTUTE 16

16
ശിംശോൻ ഗസ്സയിൽ
1ഒരു ദിവസം ശിംശോൻ ഫെലിസ്ത്യനഗരമായ ഗസ്സയിലേക്കു പോയി; അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു. 2ശിംശോൻ അവിടെയുണ്ടെന്ന് അറിവുകിട്ടി; ഗസ്സനിവാസികൾ നഗരം വളഞ്ഞു; അയാളെ പിടികൂടാൻ നഗരവാതില്‌ക്കൽ കാത്തിരുന്നു. “നേരം വെളുക്കുന്നതുവരെ കാത്തിരിക്കാം; പ്രഭാതത്തിൽ അവനെ കൊല്ലാം” എന്നു പറഞ്ഞ് അവർ രാത്രി മുഴുവൻ പതിയിരുന്നു. 3അർധരാത്രിവരെ ശിംശോൻ അവിടെ കിടന്നു. പിന്നീട് എഴുന്നേറ്റു നഗരവാതിൽ കതകും കട്ടിളക്കാലും ഓടാമ്പലോടുകൂടി ഇളക്കിയെടുത്ത് തോളിൽ വഹിച്ചുകൊണ്ട് ഹെബ്രോനു മുമ്പിലുള്ള മലമുകളിലേക്കു പോയി.
ശിംശോനും ദെലീലായും
4അതിനുശേഷം ശിംശോൻ സോരെക് താഴ്‌വരയിൽ വസിച്ചിരുന്ന ദെലീലാ എന്ന സ്‍ത്രീയെ സ്നേഹിച്ചു. 5ഫെലിസ്ത്യപ്രഭുക്കന്മാർ അവളെ സമീപിച്ചു പറഞ്ഞു: “നീ അവനെ വശീകരിച്ച് അവന്റെ വൻശക്തിക്കു കാരണം എന്തെന്നും എങ്ങനെ അവനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും മനസ്സിലാക്കുക. പ്രതിഫലമായി ഞങ്ങൾ ഓരോരുത്തരും ആയിരത്തി ഒരുനൂറു വെള്ളിനാണയം നിനക്കു തരാം.” 6ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങയുടെ ശക്തികേന്ദ്രം എവിടം എന്നും അങ്ങയെ എങ്ങനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും എന്നോടു പറയുക.” 7ശിംശോൻ അവളോടു പറഞ്ഞു: “ഉണങ്ങാത്ത ഏഴു പുതിയ ഞാൺകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ശക്തി ക്ഷയിക്കും; ഞാൻ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരും.” 8ഫെലിസ്ത്യ പ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ അവളെ ഏല്പിച്ചു; അവകൊണ്ട് അവൾ അയാളെ ബന്ധിച്ചു. 9അവൾ ഏതാനും പേരെ ഉള്ളറയിൽ പതിയിരുത്തിയിരുന്നു. അവൾ പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഉടൻ അഗ്നി ചണനാരിനെ എന്നപോലെ ആ ഞാണുകളെല്ലാം അയാൾ പൊട്ടിച്ചുകളഞ്ഞു. അയാളുടെ ശക്തിയുടെ രഹസ്യം അവർക്കു വെളിവായില്ല. 10ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു കളവായിരുന്നല്ലോ പറഞ്ഞത്; അങ്ങയെ എങ്ങനെ ബന്ധിക്കാം എന്ന് ഇനിയെങ്കിലും പറഞ്ഞുതരിക.” 11“ഒന്നിനും ഉപയോഗിച്ചിട്ടില്ലാത്ത പുത്തൻ കയറുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ശക്തി ക്ഷയിക്കും; ഞാൻ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.” 12പുതിയ കയറുകൊണ്ട് അയാളെ ബന്ധിച്ച ശേഷം ദെലീലാ പറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യർ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഏതാനും പേർ ഉള്ളറയിൽ പതിയിരിക്കുന്നുണ്ടായിരുന്നു; തന്നെ ബന്ധിച്ചിരുന്ന കയർ ഒരു നൂലുപോലെ ശിംശോൻ പൊട്ടിച്ചുകളഞ്ഞു. 13ദെലീലാ ശിംശോനോട്: “ഇതാ, ഇപ്പോഴും അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ എങ്ങനെ ബന്ധിക്കാമെന്നു പറഞ്ഞുതരിക. “അയാൾ അവളോടു പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട ആണിയിൽ ഉറപ്പിച്ച് പാവിൽ ചേർത്തു നെയ്താൽ എന്റെ ശക്തി ക്ഷയിക്കുകയും ഞാൻ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.” 14ശിംശോൻ ഉറങ്ങിയപ്പോൾ ദെലീലാ അപ്രകാരം ചെയ്തു; പിന്നീട് ശിംശോനോടു പറഞ്ഞു: “ഫെലിസ്ത്യർ ഇതാ, അങ്ങയെ വളഞ്ഞിരിക്കുന്നു.” അയാൾ ഉണർന്ന് ആണിയും തറിയും പാവുമെല്ലാം വലിച്ചുപറിച്ചുകളഞ്ഞു. 15അപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ ഹൃദയം എന്റെ കൂടെ ഇല്ലാതിരിക്കെ എന്നെ സ്നേഹിക്കുന്നു എന്ന് അങ്ങേക്ക് എങ്ങനെ പറയാൻ കഴിയും? ഈ മൂന്നു പ്രാവശ്യവും അങ്ങ് എന്നെ കബളിപ്പിച്ചു; അങ്ങയുടെ അസാധാരണ ശക്തിയുടെ കേന്ദ്രം എവിടെയാണെന്ന് എന്നോടു പറഞ്ഞില്ല.” 16ഇങ്ങനെ പറഞ്ഞ് അവൾ ദിവസംതോറും ശിംശോനെ അസഹ്യപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തു. മരിച്ചാൽ കൊള്ളാമെന്നുപോലും അയാൾ ആഗ്രഹിച്ചു. 17ഒടുവിൽ അയാൾ സത്യം അവളോടു തുറന്നുപറഞ്ഞു: “എന്റെ തലയിൽ ഇതുവരെ ക്ഷൗരക്കത്തി തൊട്ടിട്ടില്ല; ജനനംമുതൽതന്നെ ഞാൻ ദൈവത്തിനു നാസീർവ്രതസ്ഥൻ ആയിരുന്നു; എന്റെ തല മുണ്ഡനം ചെയ്താൽ എന്റെ ശക്തി ക്ഷയിക്കും; ഞാൻ മറ്റു മനുഷ്യരെപ്പോലെ ആകും.”
18ശിംശോൻ പറഞ്ഞത് സത്യം ആണെന്നു ദെലീലായ്‍ക്ക് ബോധ്യമായി. ഫെലിസ്ത്യ പ്രഭുക്കന്മാരെ വിളിച്ചുകൊണ്ടുവരാൻ അവൾ ആളയച്ചു. “ഒരു തവണകൂടി വന്നാലും; അവൻ സത്യമെല്ലാം എന്നോടു പറഞ്ഞിരിക്കുന്നു” എന്ന് അവരെ അറിയിച്ചു. അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ പണവുമായി അവളുടെ അടുക്കൽ വന്നു. 19അവൾ ശിംശോനെ മടിയിൽ കിടത്തി ഉറക്കിയ ശേഷം ഒരാളെ വിളിപ്പിച്ചു തലയിലെ ഏഴു ജടയും മുറിച്ചുകളഞ്ഞു. അങ്ങനെ അവൾ അയാളെ കീഴ്പെടുത്തി; അതോടെ അയാളുടെ ശക്തി നഷ്ടപ്പെട്ടു. 20പിന്നീട് അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യർ ഇതാ നിന്നെ വളഞ്ഞിരിക്കുന്നു.” അയാൾ ഉണർന്നു. സർവേശ്വരന്റെ ശക്തി തന്നെ വിട്ടുപോയതറിയാതെ “മുൻ അവസരങ്ങളിൽ ചെയ്തതുപോലെതന്നെ ഞാൻ സ്വതന്ത്രനാകും” എന്ന് അയാൾ പറഞ്ഞു; 21ഫെലിസ്ത്യർ അയാളെ പിടിച്ചു കണ്ണു ചൂഴ്ന്നെടുത്തു ഗസ്സയിലേക്കു കൊണ്ടുപോയി. അവർ അയാളെ ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു തടവറയിൽ മാവു പൊടിക്കുന്ന ജോലിയിൽ ഏർപ്പെടുത്തി. 22എന്നാൽ അയാളുടെ തലമുടി വീണ്ടും വളരാൻ തുടങ്ങി.
ശിംശോന്റെ മരണം
23പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ ദേവനായ ദാഗോനു ബലിയർപ്പിക്കാനും ആഹ്ലാദിച്ചുല്ലസിക്കാനുമായി ഒരുമിച്ചു കൂടി. “നമ്മുടെ ദൈവം ശത്രുവായ ശിംശോനെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു” എന്നവർ പറഞ്ഞു. 24ജനം അവനെ കണ്ടപ്പോൾ “നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ പലരെയും കൊല്ലുകയും ചെയ്ത ശത്രുവിനെ നമ്മുടെ ദൈവം നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവർ തങ്ങളുടെ ദേവനെ പുകഴ്ത്തി. 25അവർ ആഹ്ലാദഭരിതരായി പറഞ്ഞു: “നമ്മുടെ മുമ്പിൽ കുരങ്ങു കളിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക.” അയാളെ തടവറയിൽനിന്നു പുറത്തു കൊണ്ടുവന്നു; അയാൾ അവരുടെ മുമ്പിൽ അഭ്യാസങ്ങൾ കാട്ടി. തൂണുകളുടെ ഇടയിലായിരുന്നു അവർ അയാളെ നിർത്തിയത്. 26തന്നെ കൈക്കു പിടിച്ചു നടത്തിക്കൊണ്ടുവന്ന യുവാവിനോട് ശിംശോൻ പറഞ്ഞു: “ക്ഷേത്രം താങ്ങിനിർത്തുന്ന തൂണുകൾ ഞാനൊന്നു തപ്പിനോക്കട്ടെ; എനിക്ക് അവയിൽ ചാരി നില്‌ക്കാമല്ലോ. 27ക്ഷേത്രത്തിൽ പുരുഷന്മാരും സ്‍ത്രീകളും തിങ്ങിനിറഞ്ഞിരുന്നു; ഫെലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ കൂടിയിരുന്നു. ശിംശോന്റെ കളി കണ്ടു രസിക്കാൻ മൂവായിരത്തിലധികം സ്‍ത്രീപുരുഷന്മാർ ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ ഉണ്ടായിരുന്നു. 28അപ്പോൾ ശിംശോൻ സർവേശ്വരനോട് ഇപ്രകാരം പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, എന്നെ ഓർക്കണമേ; ഈ ഒരു പ്രാവശ്യംകൂടി ഞാൻ യാചിക്കുന്നു; എന്റെ കണ്ണുകളിൽ ഒന്നിനുവേണ്ടി എങ്കിലും പകരംവീട്ടാൻ എനിക്കു ശക്തി നല്‌കിയാലും.” 29ക്ഷേത്രം താങ്ങിയിരുന്ന രണ്ടു നടുത്തൂണുകളിൽ ഒന്നിൽ വലംകൈയും മറ്റതിൽ ഇടംകൈയും ചേർത്തുപിടിച്ചുകൊണ്ടു ശിംശോൻ നിന്നു. 30“ഫെലിസ്ത്യരോടുകൂടി ഞാനും മരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ കുനിഞ്ഞ് തൂണുകളിൽ ആഞ്ഞുതള്ളി. അപ്പോൾ അവിടെ കൂടിയിരുന്ന ഫെലിസ്ത്യപ്രഭുക്കന്മാരുടെയും ജനങ്ങളുടെയുംമേൽ ക്ഷേത്രം ഇടിഞ്ഞുവീണു. ജീവിച്ചിരുന്ന സമയത്തു കൊന്നതിനെക്കാൾ കൂടുതൽ ആളുകളെ ശിംശോൻ തന്റെ മരണസമയത്തു കൊന്നു. 31ശിംശോന്റെ സഹോദരന്മാരും കുടുംബക്കാരും വന്ന് അയാളുടെ മൃതശരീരം എടുത്തുകൊണ്ടു പോയി; സോരായ്‍ക്കും എസ്തായോലിനും മധ്യേ അയാളുടെ പിതാവായ മനോഹായുടെ ശ്മശാനസ്ഥലത്ത് അയാളെ സംസ്കരിച്ചു. അയാൾ ഇരുപതു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.

Currently Selected:

RORELTUTE 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in