JAKOBA 4
4
ഭൗതിക സുഖാസക്തി
1നിങ്ങളുടെ ഇടയിൽ കലഹങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എന്തുകൊണ്ട്? നിങ്ങളുടെ അവയവങ്ങളിൽ പോരാട്ടം നടത്തുന്ന ഭോഗേച്ഛയല്ലേ അതിനു കാരണം? 2നിങ്ങൾ മോഹിക്കുന്നതു പ്രാപിക്കുന്നില്ല; അതുകൊണ്ട് നിങ്ങൾ കൊല്ലുന്നു. നിങ്ങൾ അത്യധികമായി ആഗ്രഹിക്കുന്നെങ്കിലും നേടുവാൻ കഴിയുന്നില്ല. അതുകൊണ്ട് നിങ്ങൾ ശണ്ഠ കൂടുകയും പോരാടുകയും ചെയ്യുന്നു. നിങ്ങൾക്കു വേണ്ടതു ലഭിക്കാത്തത് ദൈവത്തോടു ചോദിക്കാത്തതുകൊണ്ടാണ്. 3നിങ്ങൾ അപേക്ഷിച്ചിട്ടും കിട്ടാതിരിക്കുന്നത് നിങ്ങളുടെ ഭോഗങ്ങളിൽ ചെവിടേണ്ടതിനു ദുരാഗ്രഹത്തോടെ യാചിക്കുന്നതുകൊണ്ടാണ്. 4അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്റെ മിത്രമാകുവാൻ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു. 5‘നമ്മിൽ കുടികൊള്ളുന്ന ആത്മാവ് തീവ്രമായ ആഗ്രഹങ്ങളോടുകൂടിയതാണ്’ എന്ന വേദലിഖിതം വൃഥാകഥനമാണെന്നു വിചാരിക്കുന്നുവോ? ദൈവമാകട്ടെ വളരെയധികം കൃപാവരം നല്‌കുന്നു. 6അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിർക്കുകയും എളിയവർക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്. 7അതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ ദൈവത്തിനു വിധേയരാക്കുക; പിശാചിനോടു ചെറുത്തു നില്‌ക്കുക; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. 8ദൈവത്തെ സമീപിക്കുക; എന്നാൽ ദൈവവും നിങ്ങളുടെ അടുത്തുവരും. പാപികളേ! നിങ്ങളുടെ കരങ്ങൾ വെടിപ്പാക്കുക; കപടഭക്തരേ! നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുക. 9നിങ്ങൾ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും, സന്തോഷം വിഷാദമായും തീരട്ടെ. 10കർത്താവിന്റെ മുമ്പിൽ നിങ്ങൾ താഴുക; എന്നാൽ അവിടുന്നു നിങ്ങളെ ഉയർത്തും.
നിന്റെ സഹോദരനെ വിധിക്കരുത്
11സഹോദരരേ, നിങ്ങൾ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കിൽ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികർത്താവാണ്. 12നിയമകർത്താവും വിധികർത്താവും ആയി നമ്മെ രക്ഷിക്കുവാനും നശിപ്പിക്കുവാനും കഴിവുള്ള ഒരുവനേയുള്ളൂ. നിന്റെ അയൽക്കാരനെ വിധിക്കുവാൻ നീ ആരാണ്?
വമ്പു പറയുന്നവർക്ക് മുന്നറിയിപ്പ്
13“ഇന്നോ നാളെയോ ഞങ്ങൾ പട്ടണത്തിൽപോയി ഒരു വർഷം അവിടെ താമസിച്ചു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും” എന്നു പറയുന്നവരേ, എന്റെ വാക്കുകൾ കേൾക്കൂ. 14നാളത്തെ കാര്യം നീ അറിയുന്നില്ലല്ലോ. നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതാകുന്നു? അല്പസമയത്തേക്കു കാണപ്പെടുകയും അടുത്ത ക്ഷണത്തിൽ കാണാതാകുകയും ചെയ്യുന്ന മൂടൽമഞ്ഞുപോലെ മാത്രമേയുള്ളൂ നിങ്ങൾ. 15“ദൈവം അനുവദിക്കുന്നപക്ഷം ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നതു ചെയ്യും” എന്നാണ് നിങ്ങൾ പറയേണ്ടത്. 16അതിനുപകരം ഗർവ്വുകൊണ്ട് നീ വമ്പു പറയുന്നു. ഇങ്ങനെയുള്ള എല്ലാ വമ്പു പറച്ചിലും തിന്മയാണ്. 17നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് പാപമാണ്.
Currently Selected:
JAKOBA 4: malclBSI
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.