JAKOBA 3:1-6
JAKOBA 3:1-6 MALCLBSI
നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കൾ ആകരുത്. ഉപദേഷ്ടാക്കളായ നാം കൂടൂതൽ കർശനമായ വിധിക്കു വിധേയരാകുമെന്നു നിങ്ങൾക്കറിയാമല്ലോ. നാമെല്ലാവരും പലവിധത്തിൽ തെറ്റുകൾ ചെയ്യുന്നു. സംഭാഷണത്തിൽ പിഴ വരുത്താത്തവൻ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ടു നയിക്കുവാൻ കഴിവുള്ള ഉത്തമ മനുഷ്യനായിരിക്കും. കുതിരയെ അധീനമാക്കുന്നതിനുവേണ്ടി അതിന്റെ വായിൽ കടിഞ്ഞാണിടുന്നു; അങ്ങനെ അതിന്റെ ശരീരത്തെ മുഴുവനും നാം നിയന്ത്രിക്കുന്നുവല്ലോ. കപ്പലിന്റെ കാര്യംതന്നെ നോക്കുക. അത് എത്ര വലുതായാലും, ശക്തമായ കാറ്റിന്റെ സഹായംകൊണ്ട് ഓടുന്നതായാലും ഒരു ചെറിയ ചുക്കാൻകൊണ്ട് അമരക്കാരൻ ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അതുപോലെ നാവും വളരെ ചെറിയ ഒരവയവമാണെങ്കിലും വലിയ കാര്യങ്ങളെക്കുറിച്ചു വീരവാദം നടത്തുന്നു. എത്ര വലിയ വനമായാലും മുഴുവൻ കത്തി നശിക്കുവാൻ ഒരു തീപ്പൊരി മതി. നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തിൽ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു.