YouVersion Logo
Search Icon

ISAIA 9

9
സമാധാനപ്രഭു
1കൊടുംവേദനയിൽ ആയിരുന്നവൾക്ക് ഇനി മ്ലാനത ഉണ്ടാകയില്ല. ദൈവം പണ്ടു സെബൂലൂൻ ദേശത്തെയും നഫ്താലി ദേശത്തെയും അപമാനത്തിന് ഇരയാക്കി. എന്നാൽ വരുംകാലത്തു സമുദ്രത്തിലേക്കുള്ള പാതയ്‍ക്കും യോർദ്ദാനക്കരെയുള്ള ദേശത്തിനും വിജാതീയരുടെ ഗലീലയ്‍ക്കും മഹത്ത്വം വരുത്തും. 2അന്ധകാരത്തിൽ കഴിഞ്ഞ ജനം ഒരു വലിയ പ്രകാശം കണ്ടു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് പാർത്തിരുന്നവരുടെമേൽ പ്രകാശം ഉദയം ചെയ്തു. 3അവിടുന്ന് അവരുടെ എണ്ണം പെരുകുമാറാക്കി. അവരുടെ ആനന്ദം വർധിപ്പിച്ചു. കൊയ്ത്തുകാലത്തും കൊള്ളമുതൽ പങ്കിടുമ്പോഴും ജനം ആഹ്ലാദിക്കുംപോലെ അവർ തിരുമുമ്പിൽ ആനന്ദിച്ചു. 4അവരുടെ ചുമലിലെ നുകവും തോളിലെ ദണ്ഡും മർദകന്റെ കൈയിലെ വടിയും മിദ്യാന്യരെ പരാജയപ്പെടുത്തിയ നാളിലെന്നപോലെ അവിടുന്ന് തകർത്തിരിക്കുന്നു. 5ചവുട്ടിമെതിച്ചു മുന്നേറുന്ന യോദ്ധാവിന്റെ ചെരുപ്പുകളും രക്തം പുരണ്ട വസ്ത്രങ്ങളും വിറകുപോലെ കത്തിയെരിയും. 6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിൽ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവൻ വിളിക്കപ്പെടും. 7അവന്റെ ആധിപത്യവും സമാധാനവും നിസ്സീമമായിരിക്കും. ദാവീദിന്റെ സിംഹാസനത്തിലിരുന്നു നീതിയോടും ന്യായത്തോടും അവൻ എന്നേക്കും ഭരിക്കും. സർവശക്തനായ സർവേശ്വരൻ ഇതു നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു.
ഇസ്രായേലിനു ശിക്ഷ
8സർവേശ്വരൻ ഇസ്രായേലിനു വിനാശം അയയ്‍ക്കുന്നു. അത് അവർക്കു ഭവിക്കും. എഫ്രയീമിലെയും ശമര്യയിലെയും ജനം അതറിയും. അവർ ഡംഭും ഗർവും പൂണ്ടു പറയും: 9“ഇഷ്‍ടിക വീണുപോയെങ്കിലും ചെത്തി ഒരുക്കിയ കല്ലുകൊണ്ട് ഞങ്ങൾ അതു പണിയും. കാട്ടത്തികൾ വെട്ടിക്കളഞ്ഞെങ്കിലും തൽസ്ഥാനത്തു ഞങ്ങൾ ദേവദാരുക്കൾ നടും.” 10-11അതുകൊണ്ട് സർവേശ്വരൻ അവർക്കെതിരെ ശത്രുക്കളെ ഉയർത്തുകയും അവരെ ഇളക്കിവിടുകയും ചെയ്യുന്നു. 12കിഴക്ക് സിറിയാക്കാരും പടിഞ്ഞാറ് ഫെലിസ്ത്യരും ഇസ്രായേലിനെ വിഴുങ്ങാൻ വായ് തുറന്നിരിക്കുന്നു.
13എന്നിട്ടും സർവേശ്വരന്റെ കോപം ശമിച്ചിട്ടില്ല; അവരെ ശിക്ഷിക്കാൻ അവിടുത്തെ കരം ഇപ്പോഴും ഉയർന്നിരിക്കുന്നു. ജനം തങ്ങളെ പ്രഹരിച്ചവന്റെ അടുത്തേക്ക് തിരിയുന്നില്ല. സർവശക്തനായ സർവേശ്വരനെ അന്വേഷിക്കുന്നതുമില്ല. 14അതിനാൽ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിക്കും. ഒരൊറ്റ ദിവസംകൊണ്ടു വാലും തലയും ഛേദിക്കും. ഈന്തപ്പനക്കൊമ്പും ഞാങ്ങണയും അരിഞ്ഞു വീഴ്ത്തും. 15മുഖ്യനും ബഹുമാനിതനുമായവനാണ് തല, അസത്യം പഠിപ്പിക്കുന്ന പ്രവാചകനാണു വാല്. 16ജനത്തെ നയിക്കുന്നവർ അവരെ വഴിതെറ്റിക്കുന്നു. ഈ നേതാക്കൾ നയിക്കുന്നവർ നശിച്ചുപോകുന്നു. 17തന്നിമിത്തം അവരുടെ യുവാക്കളിൽ അവിടുന്നു പ്രസാദിക്കുന്നില്ല. അവരുടെ അനാഥരോടും വിധവകളോടും കരുണ കാട്ടുന്നതുമില്ല. എല്ലാവരും അധാർമികരും ദുർവൃത്തരുമാകുന്നു. എല്ലാ നാവും വ്യാജം സംസാരിക്കുന്നു. അതിനാൽ അവിടുത്തെ കോപം ശമിക്കുന്നില്ല. അവിടുന്ന് ഇപ്പോഴും അവരെ ശിക്ഷിക്കാൻ കൈ നീട്ടിയിരിക്കുന്നു.
18ദുഷ്ടത തീപോലെ കത്തുന്നു. അതു മുള്ളും മുൾപ്പടർപ്പും നശിപ്പിക്കുന്നു. വനത്തിലെ കുറ്റിക്കാടുകൾക്കു തീ പിടിച്ച് അതിന്റെ പുകച്ചുരുളുകൾ വാനോളം ഉയരുന്നു. 19സർവശക്തനായ സർവേശ്വരന്റെ ഉഗ്രകോപം മൂലം ദേശം അഗ്നിക്കിരയായിരിക്കുന്നു. ജനം അഗ്നിക്കു വിറകുപോലെ ആയിത്തീരും. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല. 20അവർ വലത്തോട്ടു തിരിഞ്ഞു കാണുന്നതെല്ലാം കടിച്ചു തിന്നും. പക്ഷേ വിശപ്പു ശമിക്കുകയില്ല. അതുകൊണ്ട് ഇടതുവശത്തു കാണുന്നതും വിഴുങ്ങും. എന്നാലും തൃപ്തിവരികയില്ല. ഒരുവൻ മറ്റൊരുവന്റെ മാംസം ഭക്ഷിക്കും. 21മനശ്ശെ എഫ്രയീമിനോടും എഫ്രയീം മനശ്ശെയോടും ഏറ്റുമുട്ടും. അവർ ഇരുവരും ചേർന്നു യെഹൂദായെ ആക്രമിക്കും. എന്നാലും അവിടുത്തെ കോപം അടങ്ങുകയില്ല. അവിടുത്തെ കരം അവരെ ശിക്ഷിക്കാൻ ഉയർന്നിരിക്കുന്നു.

Currently Selected:

ISAIA 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in