ISAIA 65
65
മത്സരികൾക്കു ശിക്ഷ
1എന്റെ ജനത്തിന്റെ പ്രാർഥന കേൾക്കാൻ ഞാൻ തയ്യാറായിരുന്നു. പക്ഷേ അവർ പ്രാർഥിച്ചില്ല. അവർക്കു ദർശനം നല്‌കാൻ ഞാൻ ഒരുങ്ങിയിരുന്നു. എന്നാൽ അവർ എന്നെ അന്വേഷിച്ചില്ല. എന്നെ വിളിച്ചപേക്ഷിക്കാത്ത ജനതയോട് “ഞാനിവിടെയുണ്ട്, ഞാനിവിടെയുണ്ട്” എന്നു ഞാൻ പറഞ്ഞു. 2തന്നിഷ്ടപ്രകാരം അപഥസഞ്ചാരം ചെയ്തിരുന്ന മത്സരികളായ ജനതയെ സ്വീകരിക്കാൻ ഞാൻ എപ്പോഴും എന്റെ കൈകൾ നീട്ടിയിരുന്നു. 3അവർ കാവുകളിൽ ബലിയർപ്പിക്കുകയും ഇഷ്‍ടികത്തറമേൽ ധൂപാർച്ചന നടത്തുകയും ചെയ്തുകൊണ്ട് എന്റെ മുഖത്തുനോക്കി നിരന്തരം എന്നെ പ്രകോപിപ്പിക്കുന്നു. 4അവർ ശവകുടീരങ്ങളിലിരിക്കുകയും ഗൂഢസങ്കേതങ്ങളിൽ രാത്രി കഴിച്ചുകൂട്ടുകയും പന്നിയിറച്ചി ഭക്ഷിക്കുകയും ചെയ്യുന്നു. അവരുടെ പാത്രങ്ങളിൽ അവർ അർപ്പിക്കുന്ന നിന്ദ്യവസ്തുക്കളുടെ ചാറുണ്ട്. 5അവർ മറ്റുള്ളവരോടു “മാറി നില്‌ക്കുക, അടുത്തു വരരുത്, ഞാൻ വിശുദ്ധനാണ്” എന്നു പറയുന്നു. അവരോടുള്ള കോപം പകൽ മുഴുവൻ എരിയുന്ന തീ പോലെയാണ്. 6ഇതാ, അവരുടെ ശിക്ഷാവിധി എന്റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്നു. അവർ ചെയ്തതൊന്നും ഞാൻ മറക്കുകയില്ല. അവരുടെ പാപങ്ങൾക്കും അവരുടെ പൂർവികരുടെ പാപങ്ങൾക്കും ഞാൻ അവരോടു പകരം വീട്ടും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. 7അവർ പർവതങ്ങളിൽ ധൂപാർച്ചന നടത്തുകയും, മലകളിൽ എന്നെ നിന്ദിക്കുകയും ചെയ്തുവല്ലോ. അവരുടെ മുൻകാല പ്രവൃത്തികൾക്ക് അർഹിക്കുന്ന ശിക്ഷ അവരുടെ മടിയിൽ അളന്നിട്ടുകൊടുക്കും.
8മുന്തിരിക്കുലയിൽ പുതുവീഞ്ഞുകണ്ട്, “അതു നശിപ്പിക്കരുത്; അതിൽ അനുഗ്രഹം കുടികൊള്ളുന്നു” എന്നു പറയുന്നതുപോലെ “എന്റെ ദാസർക്കുവേണ്ടി ഞാൻ അവരെ കൂട്ടത്തോടെ നശിപ്പിക്കയില്ല” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 9യാക്കോബിൽനിന്നു സന്താനങ്ങളെയും യെഹൂദായിൽനിന്ന് എന്റെ പർവതങ്ങൾ അവകാശമാക്കാനുള്ളവരെയും ഞാൻ ഉളവാക്കും. 10ഞാൻ തിരഞ്ഞെടുത്തവർ അത് അവകാശമാക്കും. എന്റെ ദാസന്മാർ അവിടെ പാർക്കും. എന്നെ അന്വേഷിച്ച ജനത്തിന്റെ ആട്ടിൻപറ്റങ്ങൾക്കു ശാരോൻ മേച്ചിൽസ്ഥലവും കന്നുകാലികൾക്ക് ആഖോർതാഴ്‌വര വിശ്രമസ്ഥലവും ആകും. 11എന്നാൽ എന്നെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധപർവതത്തെ വിസ്മരിക്കുകയും ഭാഗ്യദേവനു മേശ ഒരുക്കുകയും വിധിയുടെ ദേവതയ്‍ക്കു സുഗന്ധദ്രവ്യങ്ങൾ കലക്കിയ വീഞ്ഞ് പാനപാത്രങ്ങളിൽ നിറയ്‍ക്കുകയും ചെയ്ത നിങ്ങളെ ഞാൻ വാളിനിരയാക്കും. നിങ്ങൾ എല്ലാവരും കൊലയ്‍ക്കു തല കുനിച്ചുകൊടുക്കും. 12കാരണം ഞാൻ വിളിച്ചപ്പോൾ നിങ്ങൾ കേട്ടില്ല. സംസാരിച്ചപ്പോൾ ശ്രദ്ധിച്ചില്ല. എന്റെ ദൃഷ്‍ടിയിൽ തിന്മയായതു നിങ്ങൾ ചെയ്തു. എനിക്ക് അനിഷ്ടമായതു നിങ്ങൾ തിരഞ്ഞെടുത്തു.
13അതുകൊണ്ടു ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്നെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്റെ ദാസർ തിന്നു തൃപ്തരാകും. നിങ്ങളോ വിശന്നു പൊരിയും. എന്റെ ദാസർ പാനം ചെയ്യും. നിങ്ങളോ ദാഹിച്ചു വലയും. അവർ ആനന്ദിക്കും. നിങ്ങളോ നിന്ദിതരാകും.” 14ഇതാ, എന്റെ ദാസർ ആനന്ദത്താൽ ആർത്തുപാടും. എന്നാൽ നിങ്ങൾ ഹൃദയംനൊന്തു നിലവിളിക്കും. മനോവ്യഥയാൽ വിലപിക്കും. 15ഞാൻ തിരഞ്ഞെടുത്തവർക്കു ശാപവചനമായി നിങ്ങൾ നിങ്ങളുടെ പേര് അവശേഷിപ്പിക്കും. ദൈവമായ സർവേശ്വരൻ നിങ്ങളെ വധിക്കും. എന്നെ അനുസരിക്കുന്നവർക്കു ഞാൻ മറ്റൊരു പേരു നല്‌കും. 16അനുഗ്രഹിക്കപ്പെടാൻ കാംക്ഷിക്കുന്നവർ അതിവിശ്വസ്തനായ ദൈവത്തോടു പ്രാർഥിക്കും. ശപഥം ചെയ്യുന്നവരെല്ലാം സത്യദൈവത്തിന്റെ നാമത്തിൽ ശപഥം ചെയ്യും. മുൻകാലത്തെ ക്ലേശങ്ങളെ ഞാൻ മറന്നിരിക്കുന്നു. അവയെല്ലാം എന്റെ ദൃഷ്‍ടിയിൽനിന്നു മറഞ്ഞിരിക്കുന്നു.
പുതിയ ആകാശവും പുതിയ ഭൂമിയും
17ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല. 18ഞാൻ സൃഷ്‍ടിക്കുന്നവയിൽ നിങ്ങൾ എന്നേക്കും ആനന്ദിച്ചുല്ലസിക്കുക. ഇതാ, ഞാൻ ആനന്ദം നിറഞ്ഞു തുളുമ്പുന്ന പുതിയ യെരൂശലേം സൃഷ്‍ടിക്കുന്നു. അവിടത്തെ ജനം സന്തുഷ്ടരായിരിക്കുന്നു. 19യെരൂശലേമും എന്റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേൾക്കുകയില്ല. 20ശിശുക്കളുടെയോ ആയുഷ്കാലം പൂർത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്റെ അടയാളമായിരിക്കും. 21അവർ വീടുകൾ നിർമിച്ച് അവയിൽ പാർക്കും. മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. 22അവർ നിർമിക്കുന്ന ഭവനങ്ങളിൽ അന്യർ വസിക്കാനിടവരികയില്ല. അവർ നട്ടുണ്ടാക്കുന്നവ അവർതന്നെ അനുഭവിക്കും. എന്റെ ജനം വൃക്ഷങ്ങൾപോലെ ദീർഘകാലം ജീവിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീർഘകാലം ആസ്വദിക്കും. 23അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കൾ ആപത്തിൽപ്പെടുകയില്ല. അവർ സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും. 24അവർ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവർക്ക് ഉത്തരമരുളും. അവർ സംസാരിക്കുമ്പോൾ തന്നെ ഞാൻ കേട്ടുകഴിയും. 25ചെന്നായും ആട്ടിൻകുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്‍ക്കോൽ തിന്നും. സർപ്പത്തിന്റെ ആഹാരം പൊടി ആയിരിക്കും. എന്റെ വിശുദ്ധപർവതത്തിൽ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
Currently Selected:
ISAIA 65: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.