YouVersion Logo
Search Icon

ISAIA 55:6-13

ISAIA 55:6-13 MALCLBSI

കണ്ടെത്താവുന്ന സമയത്തു സർവേശ്വരനെ അന്വേഷിക്കുവിൻ. സമീപത്തുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാൻ അവിടുത്തെ അടുക്കലേക്ക് അവൻ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ. എന്റെ വിചാരങ്ങൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എൻറേതുപോലെയുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ എന്റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാൾ ഉന്നതമായിരിക്കുന്നു. ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്‍ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്‍ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നല്‌കുന്നു. എന്റെ നാവിൽനിന്നു പുറപ്പെടുന്ന വചനവും അതുപോലെയാണ്. അതു നിഷ്ഫലമായി മടങ്ങി വരികയില്ല. അത് എന്റെ ലക്ഷ്യം നിറവേറ്റും. ഞാൻ ഏല്പിക്കുന്ന കാര്യം വിജയകരമായി നിവർത്തിക്കും. ആനന്ദത്തോടെ നിങ്ങൾ പുറപ്പെടും. സമാധാനത്തോടെ നയിക്കപ്പെടും. നിങ്ങളുടെ മുമ്പിൽ കുന്നുകളും മലകളും ആർത്തുപാടും. വൃക്ഷങ്ങൾ താളമടിക്കും. മുൾച്ചെടിക്കു പകരം സരളമരവും പറക്കാരയ്‍ക്കു പകരം സുഗന്ധിയും മുളച്ചുവരും. അതു സർവേശ്വരന് ഒരു സ്മാരകമായിരിക്കും; ഒരിക്കലും നശിപ്പിക്കപ്പെടാത്ത ശാശ്വതമായ അടയാളം.