ISAIA 5
5
സർവേശ്വരന്റെ മുന്തിരിത്തോട്ടം
1ഫലഭൂയിഷ്ഠമായ ഒരു കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്റെ പ്രിയനെയും അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാൻ ആലപിക്കട്ടെ. 2അവൻ നിലം കിളച്ചൊരുക്കി; കല്ലുകൾ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്റെ നടുവിൽ ഒരു കാവൽമാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ!
3യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും നിങ്ങൾത്തന്നെ വിധിക്കൂ. 4എന്റെ മുന്തിരിത്തോട്ടത്തിൽ ഇതിലധികം എന്താണു ഞാൻ ചെയ്യേണ്ടിയിരുന്നത്?
5ഇനി ഞാൻ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്റെ വേലി ഞാൻ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്റെ മതിൽ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും. 6ഞാൻ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകൾ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതിൽ മുൾച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. 7സർവശക്തനായ സർവേശ്വരന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികൾ! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചിൽ! ധർമനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി!
മനുഷ്യരുടെ അധർമം
8മറ്റാർക്കും പാർക്കാൻ ഇടം നല്‌കാതെ വീടിനോടു വീടും വയലിനോടു വയലും ചേർത്ത് ദേശത്തു തനിച്ചു പാർക്കുന്നവർക്ക് ദുരിതം. 9സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നത് ഞാൻ കേട്ടു. നിരവധി ഗൃഹങ്ങൾ ശൂന്യമാകും. മനോഹരമായ വൻമന്ദിരങ്ങൾ നിർജനമാകും. 10പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും.
11ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്റെ പിന്നാലെ ഓടാൻ അതിരാവിലെ എഴുന്നേല്‌ക്കുകയും കുടിച്ചു മത്തരാകാൻ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! 12അവരുടെ വിരുന്നുകളിൽ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാൽ അവർ സർവേശ്വരന്റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല.
13അങ്ങനെ എന്റെ ജനം അജ്ഞതയാൽ പ്രവാസത്തിലേക്കു നീങ്ങുന്നു. അവരുടെ നേതാക്കൾ പട്ടിണികൊണ്ടു മരിക്കുന്നു; അവരുടെ ജനങ്ങൾ ദാഹിച്ചു പൊരിയുന്നു. 14അതുകൊണ്ട് പാതാളം ആർത്തിയോടെ വിസ്താരത്തിൽ വായ് തുറന്നിരിക്കുന്നു. യെരൂശലേമിലെ പ്രഭുക്കന്മാരും സാമാന്യജനവും അവളിൽ ആഹ്ലാദിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നവരും അതിൽ താണുപോകും. എല്ലാവരും അപമാനിതരാകും. 15അഹങ്കാരികൾ ലജ്ജിതരാകും. നീതിനിർവഹണത്തിൽ സർവശക്തനായ സർവേശ്വരൻ സമുന്നതനാണ്. 16പരിശുദ്ധനായ ദൈവം നീതിനിർവഹണത്തിലൂടെ അവിടുത്തെ വിശുദ്ധി വെളിപ്പെടുത്തുന്നു. 17അപ്പോൾ തടിച്ചുകൊഴുത്ത മൃഗങ്ങളും ആട്ടിൻകുട്ടികളും നാശാവശിഷ്ടങ്ങൾക്കിടയിൽ മേയും. കുഞ്ഞാടുകൾ മേച്ചിൽസ്ഥലങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും.
18വ്യാജത്തിന്റെ കയറുകൊണ്ട് അധർമവും വണ്ടിക്കയറുകൊണ്ടു പാപവും കെട്ടി വലിക്കുന്നവർക്ക് ഹാ ദുരിതം! 19അവർ പറയുന്നു: “തനിക്കു ചെയ്യാനുള്ളത് അവിടുന്നു ചെയ്യട്ടെ; അതു തിടുക്കത്തിലായിക്കൊള്ളട്ടെ. നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം വെളിപ്പെടട്ടെ. നമുക്ക് അറിയാമല്ലോ. 20തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും ഇരുളിനെ വെളിച്ചവും വെളിച്ചത്തെ ഇരുളും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം!
21സ്വന്തം തോട്ടത്തിൽ ജ്ഞാനികളും സ്വന്തം ദൃഷ്‍ടികളിൽ വിവേകികളുമായി തോന്നുന്നവർക്ക് ഹാ ദുരിതം! 22വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരും മദ്യം തയ്യാറാക്കുന്നതിൽ വിരുതന്മാരും ആയവർക്കു ഹാ ദുരിതം! 23അവർ കോഴ വാങ്ങി കുറ്റക്കാരനെ വെറുതെ വിടുന്നു. നിർദോഷിക്ക് നീതി നിഷേധിക്കുന്നു.
24അതുകൊണ്ട് തീനാമ്പിൽ വയ്‍ക്കോലും എരിതീയിൽ ഉണക്കപ്പുല്ലുംപോലെ അവർ സമൂലം നശിക്കും. അവരുടെ പൂമൊട്ടുകൾ വാടിക്കരിഞ്ഞ് പൊടിപോലെ പാറിപ്പോകും. അവർ സർവശക്തനായ സർവേശ്വരന്റെ ധർമശാസ്ത്രം നിരാകരിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തുവല്ലോ. 25തന്നിമിത്തം സർവേശ്വരന്റെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരുടെ നേരെ കൈ ഉയർത്തി അവരെ ദണ്ഡിപ്പിച്ചു. പർവതങ്ങൾ പ്രകമ്പനം കൊണ്ടു. അവരുടെ ജഡങ്ങൾ വീഥികളിൽ ചവറുപോലെ നിരന്നു കിടന്നു. ഇതുകൊണ്ടൊന്നും അവിടുത്തെ കോപം ശമിച്ചില്ല; അവിടുന്നു പിന്നെയും അവരുടെനേരേ കരം ഉയർത്തിയിരിക്കുന്നു.
26വിദൂരസ്ഥരായ ഒരു ജനതയ്‍ക്ക് അവിടുന്ന് ഒരു അടയാളം കാട്ടി. ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളം വിളിച്ച് അറിയിച്ചു. അതാ, അവർ അതിശീഘ്രം ബദ്ധപ്പെട്ടു വരുന്നു. 27അവരിൽ തളർന്നുപോകുന്നവർ ആരുമില്ല. ഇടറി വീഴുന്നവരും ഉറങ്ങുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുന്നവരുമില്ല. അവരുടെ അരക്കച്ച അഴിയുന്നുമില്ല; ചെരുപ്പിന്റെ വാറു പൊട്ടുന്നുമില്ല. 28അവരുടെ അമ്പ് മൂർച്ചയേറിയത്. അവരുടെ വില്ല് കുലച്ചത്. അവരുടെ കുതിരയുടെ കുളമ്പുകൾ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും ആകുന്നു. 29അവരുടെ ഗർജനം സിംഹത്തിൻറേതുപോലെ; യുവസിംഹം കണക്കെ അവർ ഗർജിക്കുന്നു. അവർ മുരളുകയും ഇരയെ പിടിച്ചു വലിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. ആർക്കും അതിനെ രക്ഷിക്കാൻ സാധ്യമല്ല. 30സമുദ്രം ഗർജിക്കുന്നതുപോലെ അവർ അന്ന് അതിനെ നോക്കി ഗർജിക്കും. ദേശമാസകലം ഇതാ, ഇരുളും കഷ്ടതയും മാത്രം. അതിലെ മേഘങ്ങൾ വെളിച്ചത്തെ ഇരുട്ടിലാഴ്ത്തുന്നു.
Currently Selected:
ISAIA 5: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.