ISAIA 5:1-7
ISAIA 5:1-7 MALCLBSI
ഫലഭൂയിഷ്ഠമായ ഒരു കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്റെ പ്രിയനെയും അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാൻ ആലപിക്കട്ടെ. അവൻ നിലം കിളച്ചൊരുക്കി; കല്ലുകൾ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്റെ നടുവിൽ ഒരു കാവൽമാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ! യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും നിങ്ങൾത്തന്നെ വിധിക്കൂ. എന്റെ മുന്തിരിത്തോട്ടത്തിൽ ഇതിലധികം എന്താണു ഞാൻ ചെയ്യേണ്ടിയിരുന്നത്? ഇനി ഞാൻ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്റെ വേലി ഞാൻ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്റെ മതിൽ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും. ഞാൻ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകൾ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതിൽ മുൾച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സർവശക്തനായ സർവേശ്വരന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികൾ! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചിൽ! ധർമനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി!