ISAIA 42:10-17
ISAIA 42:10-17 MALCLBSI
സർവേശ്വരന് ഒരു പുതിയ ഗീതം ആലപിക്കുവിൻ, ഭൂമിയുടെ അറുതികളിൽനിന്ന് അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കുവിൻ. സമുദ്രവും അതിലുള്ളതൊക്കെയും തീരദേശങ്ങളും അവയിലെ നിവാസികളും ആർത്തുഘോഷിക്കട്ടെ. മരുഭൂമിയും അതിലെ നഗരങ്ങളും കേദാർ ഗോത്രക്കാർ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരം ഉയർത്തട്ടെ. സേലാനിവാസികൾ ആനന്ദഗീതം പാടട്ടെ. പർവതങ്ങളിൽനിന്നും ആർപ്പുവിളി ഉയരട്ടെ. വിദൂരദേശങ്ങളിൽ സർവേശ്വരന്റെ മഹത്ത്വം പ്രകീർത്തിക്കുകയും അവിടുത്തെ സ്തുതി ഘോഷിക്കുകയും ചെയ്യട്ടെ. സർവേശ്വരൻ വീരയോദ്ധാവിനെപ്പോലെ മുന്നേറുന്നു. പോരാളിയെപ്പോലെ തന്റെ രോഷം ജ്വലിപ്പിക്കുന്നു. അവിടുന്നു പോരിനു വിളിച്ച് അട്ടഹസിക്കുന്നു. ശത്രുക്കളുടെ നേരെ തന്റെ ശക്തി പ്രകടിപ്പിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “വളരെക്കാലം ഞാൻ മിണ്ടാതിരുന്നു. സ്വയം നിയന്ത്രിച്ചു, ശാന്തനായി കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഈറ്റുനോവുകൊണ്ട സ്‍ത്രീയെപ്പോലെ ഞാൻ നിലവിളിക്കും നെടുവീർപ്പിടും കിതയ്‍ക്കും. മലകളും പർവതങ്ങളും ഞാൻ തരിശാക്കും; അവയിലെ സർവസസ്യജാലങ്ങളെയും ഉണക്കിക്കളയും. നദികളെ കരകളാക്കും. കുളങ്ങൾ വറ്റിച്ചുകളയും. അന്ധന്മാരെ അവരറിയാത്ത വഴികളിലൂടെ നയിക്കും. അജ്ഞാതമായ പാതയിലൂടെ അവരെ വഴി നടത്തും. അവരുടെ മാർഗത്തിലെ ഇരുട്ട് ഞാൻ പ്രകാശമാക്കുകയും ദുർഘടസ്ഥാനങ്ങളെ സമഭൂമിയാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ ചെയ്യും. ഞാനവരെ ഉപേക്ഷിക്കുകയില്ല. കൊത്തുവിഗ്രഹങ്ങളിൽ ആശ്രയം അർപ്പിക്കുകയും വാർപ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാർ” എന്നു പറയുകയും ചെയ്യുന്നവർ ലജ്ജിതരായി പിന്തിരിയും.