YouVersion Logo
Search Icon

ISAIA 38

38
ഹിസ്കിയായുടെ രോഗശാന്തി
(2 രാജാ. 20:1-11; 2 ദിന. 32:24-26)
1ഹിസ്കിയാരാജാവ് രോഗബാധിതനായി മരണത്തോടടുത്തു; അപ്പോൾ ആമോസിന്റെ പുത്രനായ യെശയ്യാ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭവനകാര്യങ്ങൾ ക്രമീകരിച്ചുകൊള്ളുക. അങ്ങു മരിച്ചുപോകും. സുഖം പ്രാപിക്കുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” 2ഹിസ്കിയാ ചുമരിലേക്കു മുഖം തിരിച്ചു സർവേശ്വരനോടു പ്രാർഥിച്ചു: 3“സർവേശ്വരാ, ഞാനെത്രമാത്രം വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടി അവിടുത്തെ സേവിച്ചു എന്നും അവിടുത്തെ ദൃഷ്‍ടിയിൽ നന്മയായുള്ളതേ ഞാൻ ചെയ്തിട്ടുള്ളൂ എന്നും അവിടുന്ന് ഓർമിക്കണമേ. തുടർന്ന് അദ്ദേഹം അതിദുഃഖത്തോടെ കരഞ്ഞു. 4അപ്പോൾ യെശയ്യായ്‍ക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 5നീ ചെന്ന് ഹിസ്കിയായോടു പറയുക: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഞാൻ നിന്റെ പ്രാർഥന കേട്ടു. നിന്റെ കണ്ണുനീർ ഞാൻ കണ്ടിരിക്കുന്നു. ഇതാ, നിന്റെ ആയുസ്സ് പതിനഞ്ചു വർഷം കൂടി നീട്ടിത്തരുന്നു. 6അസ്സീറിയാരാജാവിൽനിന്നു നിന്റെ നഗരത്തെയും ഞാൻ രക്ഷിക്കും. ഈ നഗരം ഞാൻ സംരക്ഷിക്കും.
7ഈ വാഗ്ദാനം സർവേശ്വരൻ നിറവേറ്റും എന്നതിനു സർവേശ്വരനിൽ നിന്നുള്ള അടയാളം ഇതായിരിക്കും. 8“ആഹാസിന്റെ സൂര്യഘടികാരത്തിലെ ഇറങ്ങിപ്പോയ നിഴൽ പത്തു ചുവടു പിറകോട്ടു ഞാൻ തിരിക്കും.” അങ്ങനെ താഴേക്കിറങ്ങിയ സൂര്യൻ പത്തു ചുവട്ടടി പിറകോട്ടു മാറി. 9യെഹൂദാരാജാവായ ഹിസ്കിയാ രോഗവിമുക്തനായ ശേഷം എഴുതിയ സ്തോത്രഗാനം:
10ഞാൻ പറഞ്ഞു: “ജീവിതത്തിന്റെ മധ്യാഹ്നത്തിൽ ഞാൻ കടന്നുപോകണം
ശിഷ്ടായുസ്സ് പാതാളകവാടത്തിങ്കൽ ചെലവഴിക്കാൻ ഞാൻ വിധിക്കപ്പെട്ടിരിക്കുന്നു.
11ജീവിക്കുന്നവരുടെ ദേശത്തുവച്ച് ഇനി സർവേശ്വരനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു.
12ഇനിമേൽ മനുഷ്യനെ ഞാൻ കാണുകയില്ല.
ആട്ടിടയന്റെ കൂടാരം എന്നപോലെ എന്റെ വസതി പിഴുതെടുത്തു മാറ്റിയിരിക്കുന്നു.
നെയ്ത്തുകാരൻ വസ്ത്രം ചുരുട്ടുന്നതുപോലെ,
ഞാനും എന്റെ ജീവിതം ചുരുട്ടി മാറ്റിയിരിക്കുന്നു.
അവിടുന്ന് എന്നെ തറയിൽ നിന്നു മുറിച്ചു നീക്കിയിരിക്കുന്നു.
രാപകൽ അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിക്കുന്നു.
13പുലർച്ചവരെ സഹായത്തിനായി ഞാൻ കേണു;
എന്നാൽ സിംഹത്തെപ്പോലെ അവിടുന്ന് എന്റെ അസ്ഥികൾ എല്ലാം തകർക്കുന്നു.
എന്റെ ജീവിതം അന്ത്യത്തോടടുക്കുകയാണെന്ന് എനിക്കു തോന്നി.
14മീവൽപ്പക്ഷിയെപ്പോലെയോ, കൊക്കിനെപ്പോലെയോ ഞാൻ ചിലയ്‍ക്കുന്നു.
പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.
മുകളിലേക്കു നോക്കി എന്റെ കണ്ണുകൾ കുഴയുന്നു.
സർവേശ്വരാ, ഞാൻ പീഡിതനായിരിക്കുന്നു.
അവിടുന്ന് എന്റെ രക്ഷാസങ്കേതമായിരിക്കണമേ.
15എനിക്ക് എന്തു പറയാൻ കഴിയും?
അവിടുന്നുതന്നെ ഇതു ചെയ്തിരിക്കുന്നു.
അവിടുന്നുതന്നെ ഇത് എന്നോടു പറയുകയും ചെയ്തിരിക്കുന്നു.
മനോവേദന മൂലം നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു.
16സർവേശ്വരാ, ഞാൻ അങ്ങേക്കുവേണ്ടി ജീവിക്കും.
അങ്ങേക്കുവേണ്ടി മാത്രം! സൗഖ്യം നല്‌കി എന്നെ ജീവിക്കാനനുവദിച്ചാലും.
17എനിക്ക് ഈ കൊടിയവേദന ഉണ്ടായത് എന്റെ നന്മയ്‍ക്കുവേണ്ടിയാണ്.
എന്റെ സർവപാപങ്ങളും പിമ്പിലേക്കു തള്ളി നീക്കിയതിനാൽ നാശത്തിന്റെ കുഴിയിൽ വീഴാതെ അവിടുന്ന് എന്നെ തടഞ്ഞു നിർത്തി.
18പാതാളം അങ്ങയോടു നന്ദി പറയുന്നില്ല.
മരണം അങ്ങയെ സ്തുതിക്കുന്നില്ല.
മരണമടയുന്നവർ അങ്ങയുടെ വിശ്വസ്തതയിൽ ശരണപ്പെടുകയില്ല.
19ജീവിച്ചിരിക്കുന്നവർ, എന്നെപ്പോലെ ജീവിച്ചിരിക്കുന്നവർ
തന്നെയാണ് അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നത്.
അവിടുത്തെ വിശ്വസ്തതയെക്കുറിച്ച് പിതാവു മക്കളെ അറിയിക്കുന്നു.
20സർവേശ്വരൻ എന്നെ രക്ഷിക്കും.
ഞങ്ങൾ ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിലിരുന്നു വീണമീട്ടി പാടും.
21എന്നാൽ ഹിസ്കിയാ സുഖം പ്രാപിക്കാൻവേണ്ടി ഒരു അത്തിയട എടുത്ത് അദ്ദേഹത്തിന്റെ വ്രണത്തിൽ വച്ചു കെട്ടുക എന്നു യെശയ്യാ പറഞ്ഞിരുന്നു. 22ഞാൻ ദേവാലയത്തിലേക്കു പോകും എന്നതിനു അടയാളം എന്തെന്ന് രാജാവു ചോദിച്ചിരുന്നു.

Currently Selected:

ISAIA 38: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in