YouVersion Logo
Search Icon

ISAIA 36

36
യെരൂശലേമിനെതിരെ ഭീഷണി
(2 രാജാ. 18:13-37; 2 ദിന. 32:1-19)
1ഹിസ്കിയാരാജാവിന്റെ വാഴ്ചയുടെ പതിനാലാം വർഷം അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദായിലെ കോട്ട കെട്ടി സുരക്ഷിതമാക്കിയ എല്ലാ നഗരങ്ങളും ആക്രമിച്ചു കീഴടക്കി. 2അസ്സീറിയാരാജാവ് ലാഖീശിൽനിന്ന് ഒരു വലിയ സൈന്യത്തോടു കൂടി #36:2 രബ്-ശാക്കേ = പ്രധാന ഉദ്യോഗസ്ഥൻ.രബ്-ശാക്കേയെ യെരൂശലേമിൽ ഹിസ്കിയാരാജാവിന്റെ നേർക്കയച്ചു. അയാൾ അലക്കുകാരന്റെ നിലത്തിലേക്കുള്ള പെരുവഴിയിൽ മുകൾഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു. 3അപ്പോൾ ഹില്‌കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദർശിയായ ശെബ്നാ, ആസാഫിന്റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവർ അയാളുടെ അടുക്കൽ ചെന്നു.
4രബ്-ശാക്കേ അവരോടു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവ് ഇപ്രകാരം പറയുന്നതായി ഹിസ്കിയാരാജാവിനെ അറിയിക്കുക: “നിന്റെ ആത്മവിശ്വാസത്തിന് എന്താണ് അടിസ്ഥാനം? 5യുദ്ധതന്ത്രവും ശക്തിയും വെറും വാക്കുകളാണെന്നാണോ നീ കരുതുന്നത്? ആരിൽ ആശ്രയിച്ചാണു നീ എന്നെ എതിർക്കുന്നത്? 6ഈജിപ്താണല്ലോ നിന്റെ ആശ്രയം. അതു ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്റെ കൈയിൽ അതു കുത്തിക്കയറും. തന്നിൽ ആശ്രയിക്കുന്നവർക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്. 7ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരനെ ആശ്രയിക്കുന്നു എന്നു നിങ്ങൾ പറയുന്നെങ്കിൽ നിങ്ങൾ യാഗപീഠത്തിന്റെ മുമ്പിൽ മാത്രം ആരാധിക്കുവിൻ എന്നു യെരൂശലേമിനോടും യെഹൂദായോടും പറഞ്ഞുകൊണ്ട് ദൈവമായ സർവേശ്വരന്റെ മറ്റു പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കിയാ നശിപ്പിച്ചില്ലേ? 8എന്റെ യജമാനനായ അസ്സീറിയാ രാജാവിനോടു വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികളെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ഞാൻ രണ്ടായിരം കുതിരകളെ തരാം. 9രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും വേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിങ്ങൾക്ക് എന്റെ ദാസന്മാരിൽ ഏറ്റവും ചെറിയ ഒരു സേനാനായകനെ എങ്കിലും തുരത്താൻ കഴിയുമോ? സർവേശ്വരന്റെ സഹായം ഇല്ലാതെയാണോ ഞാനീ രാജ്യത്തെ നശിപ്പിക്കാൻ വന്നിരിക്കുന്നത്? 10ഈ ദേശം ആക്രമിച്ചു നശിപ്പിക്കുക എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.”
11അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോടു പറഞ്ഞു: “ഞങ്ങളോടു അരാമ്യഭാഷയിൽ സദയം സംസാരിച്ചാലും; ഞങ്ങൾക്കതു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം കേൾക്കെ അവർക്ക് അറിയാവുന്ന എബ്രായഭാഷയിൽ സംസാരിക്കരുതേ.” അയാൾ മറുപടി നല്‌കി: 12“സ്വന്തം വിസർജനവസ്തുക്കൾ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളിൽ കഴിയുന്നത്? അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്?
13പിന്നീടു രബ്-ശാക്കേ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവിന്റെ വാക്കു കേൾക്കുവിൻ; 14ഹിസ്ക്കിയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. അയാൾക്കു നിങ്ങളെ രക്ഷിക്കാൻ കഴിവില്ല. 15സർവേശ്വരൻ നമ്മെ നിശ്ചയമായും രക്ഷിക്കും. അവിടുന്ന് ഈ നഗരം അസ്സീറിയായിലെ രാജാവിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കയില്ല എന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ സർവേശ്വരനിൽ ആശ്രയിക്കുമാറാക്കരുത്.” 16ഹിസ്കിയാ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്. അസ്സീറിയായിലെ രാജാവ് പറയുന്നു: “എന്നോടു സമാധാന ഉടമ്പടി ചെയ്ത് എന്റെ അടുത്തു വരുവിൻ. അപ്പോൾ നിങ്ങൾക്കു സ്വന്തം മുന്തിരിവള്ളിയുടെയും അത്തിയുടെയും ഫലങ്ങൾ ഭക്ഷിക്കാനിടവരും. സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ആകാം. 17പിന്നീട് ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ നാടിനു സദൃശമായ നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞുമുള്ള നാട്, അപ്പവും മുന്തിരിത്തോട്ടങ്ങളുമുള്ള നാട്. 18സർവേശ്വരൻ നമ്മെ രക്ഷിക്കുമെന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ. ഏതെങ്കിലും ജനതയുടെ ദേവൻ അസ്സീറിയാരാജാവിന്റെ കൈയിൽനിന്നു തന്റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ? 19ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെ ദേവന്മാർ എവിടെ? 20അവർ എന്റെ കൈയിൽനിന്നും ശമര്യായെ മോചിപ്പിച്ചുവോ? ഈ രാജ്യങ്ങളിലെ ദേവന്മാരിൽ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്റെ കൈയിൽനിന്നു മോചിപ്പിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ യെരൂശലേമിനെ എന്റെ കൈയിൽനിന്നു സർവേശ്വരൻ മോചിപ്പിക്കും.”
21എന്നാൽ അവർ നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം, മറുപടി പറയരുതെന്നായിരുന്നു രാജകല്പന. 22ഹില്‌കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദർശിയായ ശെബ്നാ, കാര്യദർശിയും ആസാഫിന്റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവർ വസ്ത്രം കീറി ഹിസ്കിയാരാജാവിന്റെ അടുക്കൽ ചെന്ന് രബ്-ശാക്കേയുടെ വാക്കുകൾ അറിയിച്ചു.

Currently Selected:

ISAIA 36: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in