YouVersion Logo
Search Icon

ISAIA 21

21
ബാബിലോണിന്റെ പതനം
1 # 21:1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള എന്നു മൂലഭാഷയിൽ. ബാബിലോണിനെക്കുറിച്ചുള്ള അരുളപ്പാട്: നെഗബിൽ ചുഴലിക്കാറ്റു വീശുന്നതുപോലെ ആ വിനാശം മരുഭൂമിയിൽ നിന്നു, ഭയങ്കരമായ ദേശത്തുനിന്നു വരുന്നു. 2ഭീകരമായ ഒരു ദർശനം എനിക്കുണ്ടായി, കവർച്ചക്കാരൻ കുത്തിക്കവരുന്നു. വിനാശകൻ നശിപ്പിക്കുന്നു. ഏലാമേ, ആക്രമിക്കുക. മേദ്യയേ, നിരോധിക്കുക. ബാബിലോൺ വരുത്തിയ കഷ്ടതകൾക്കു ഞാൻ അറുതി വരുത്തും. 3എന്റെ അരക്കെട്ടിന് അതികഠിനമായ വേദനയാണ്; ഈറ്റുനോവുപോലെയുള്ള വേദന ബാധിച്ചിരിക്കുന്നു. കേൾക്കാൻ കഴിയാത്തവിധം ഞാൻ സംഭ്രാന്തനായിരിക്കുന്നു. പരിഭ്രമംകൊണ്ട് എനിക്കു കാണാനും വയ്യ. എന്റെ മനസ്സു പതറുന്നു. 4കൊടുംഭീതി എന്നെ ഞെട്ടിക്കുന്നു. അന്തിവെളിച്ചത്തിന് ഞാൻ കാത്തിരുന്നു. അതിപ്പോൾ എനിക്കു ഭയം ജനിപ്പിക്കുന്നു. 5അവർ വിരുന്നൊരുക്കുന്നു. പരവതാനി വിരിക്കുന്നു. അവർ തിന്നുകയും കുടിക്കുകയും ചെയ്യുന്നു. സേനാപതിമാരേ, എഴുന്നേല്‌ക്കുവിൻ! 6സർവേശ്വരൻ അരുളിച്ചെയ്യുന്നു: പരിച എണ്ണയിട്ടു മിനുക്കുവിൻ. കാണുന്നത് അറിയിക്കാനായി ഒരു കാവല്‌ക്കാരനെ നിർത്തുക. 7ജോഡികളായി വരുന്ന അശ്വാരൂഢരെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും സഞ്ചരിക്കുന്നവരെയും കാണുമ്പോൾ അവൻ ജാഗ്രതയോടെ, വളരെ ജാഗ്രതയോടെ ശ്രദ്ധിക്കട്ടെ. കാവല്‌ക്കാരൻ വിളിച്ചുപറഞ്ഞു: 8സർവേശ്വരാ, ഞാൻ പകൽ മുഴുവൻ നിരീക്ഷണ ഗോപുരത്തിൽ നില്‌ക്കുന്നു. രാത്രി മുഴുവനും അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുന്നു. 9ഇതാ, കുതിരപ്പട ജോഡികളായി അടുത്തുവരുന്നു. തറപറ്റിയിരിക്കുന്നു! ബാബിലോൺ തറപറ്റിയിരിക്കുന്നു! അവളുടെ ദേവവിഗ്രഹങ്ങളെല്ലാം ചിതറിക്കിടക്കുന്നു. 10മെതിച്ചുപാറ്റിയെടുത്ത എന്റെ ജനമേ, സർവശക്തനായ സർവേശ്വരൻ എന്നോടരുളിച്ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കുന്നു.
എദോമിനെക്കുറിച്ച്
11എദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയീരിൽനിന്ന് ഒരാൾ എന്നോടു വിളിച്ചു ചോദിക്കുന്നു: “കാവല്‌ക്കാരാ, രാത്രി എത്രത്തോളം ആയി? കാവല്‌ക്കാരാ, രാത്രി കഴിയാറായോ”? 12കാവല്‌ക്കാരൻ മറുപടി പറഞ്ഞു: “പ്രഭാതം വരുന്നു, രാത്രിയും വരുന്നു. ഇനി എന്തെങ്കിലും അറിയണമെങ്കിൽ മടങ്ങിവന്നു ചോദിച്ചുകൊൾക.”
അറേബ്യയെക്കുറിച്ച്
13ദേദാന്യയിലെ സാർഥവാഹകസംഘമേ, നിങ്ങൾ അറേബ്യൻ മരുഭൂമിയിലെ കുറ്റിക്കാടുകളിൽ പാർക്കുവിൻ. 14തേമാനിവാസികളേ, ദാഹിക്കുന്നവർക്കു ജലം നല്‌കുവിൻ. അപ്പവുമായിച്ചെന്ന് അഭയാർഥികളെ എതിരേല്‌ക്കുവിൻ. 15അവർ ഊരിയ വാളിൽനിന്നും കുലച്ച വില്ലിൽനിന്നും പൊരിഞ്ഞ യുദ്ധത്തിൽനിന്നും ഓടിപ്പോന്നവരാണല്ലോ. 16സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരൻ കണക്കാക്കുന്നതുപോലെ ഒരു വർഷത്തിനുള്ളിൽ കേദാറിന്റെ പ്രതാപം അവസാനിക്കും. 17കേദാറിന്റെ വില്ലാളിവീരന്മാരിൽ അവശേഷിക്കുന്നവർ ചുരുങ്ങും. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.”

Currently Selected:

ISAIA 21: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in