YouVersion Logo
Search Icon

HEBRAI 7

7
മെല്‌ക്കിസെദേക്കിന്റെ പൗരോഹിത്യം
1ശാലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ മഹാപുരോഹിതനുമായിരുന്നു മെല്‌ക്കിസെദേക്ക്. രാജാക്കന്മാരെ നിഗ്രഹിച്ചശേഷം തിരിച്ചുവന്ന അബ്രഹാമിനെ മെല്‌ക്കിസെദേക്ക് എതിരേറ്റ് അനുഗ്രഹിച്ചു. 2യുദ്ധത്തിൽ താൻ പിടിച്ചെടുത്ത എല്ലാറ്റിന്റെയും പത്തിലൊന്ന് അബ്രഹാം മെല്‌ക്കിസെദേക്കിനു കൊടുത്തു. മെല്‌ക്കിസെദേക്ക് എന്ന പേരിന്റെ അർഥം ‘നീതിയുടെ രാജാവ്’ എന്നത്രേ; ശാലേമിന്റെ രാജാവായതുകൊണ്ട് ‘സമാധാനത്തിന്റെ രാജാവ്’ എന്നും പറയാം. 3മെല്‌ക്കിസെദേക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവിതത്തിന് ആദിയോ അന്തമോ ഇല്ല. ദൈവപുത്രനു തുല്യനായി അദ്ദേഹം എന്നേക്കും പുരോഹിതനാകുന്നു.
4അദ്ദേഹം എത്ര വലിയവനാണെന്നു നോക്കുക! നമ്മുടെ പൂർവികനായ അബ്രഹാമിന് യുദ്ധത്തിൽ ലഭിച്ച എല്ലാ മുതലിന്റെയും പത്തിലൊന്ന് അദ്ദേഹത്തിനു നല്‌കിയല്ലോ. 5പുരോഹിതന്മാരായ ലേവിവംശജർക്ക് തങ്ങളുടെ സഹോദരന്മാരും അബ്രഹാമിന്റെ സന്താനങ്ങളുമായ ജനത്തിൽനിന്നുപോലും ദശാംശം വാങ്ങുവാൻ അവരുടെ നിയമം അനുശാസിച്ചിട്ടുണ്ട്. 6മെല്‌ക്കിസെദേക് ലേവിയുടെ വംശജനല്ല. എന്നിട്ടും അബ്രഹാമിൽനിന്നു ദശാംശം സ്വീകരിക്കുകയും ദൈവത്തിന്റെ വാഗ്ദാനങ്ങൾ ലഭിച്ചവനായ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. 7അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടുന്നവനെക്കാൾ വലിയവനാണെന്നുള്ളതിനു സംശയമില്ലല്ലോ. 8ഇവിടെ കേവലം മർത്യരായ പുരോഹിതന്മാർ ദശാംശം വാങ്ങുന്നു. മെല്‌കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ദശാംശം വാങ്ങുന്നവൻ ജീവിച്ചിരിക്കുന്നവനാണെന്നു വേദഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു. 9ദശാംശം വാങ്ങിക്കൊണ്ടിരിക്കുന്ന ലേവിയും അബ്രഹാമിൽകൂടി ദശാംശം കൊടുത്തു എന്ന് ഒരു വിധത്തിൽ പറയാം. 10എന്തുകൊണ്ടെന്നാൽ മെല്‌ക്കിസെദേക്ക് അബ്രഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവപിതാവായ അബ്രഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവല്ലോ.
11ലേവ്യപൗരോഹിത്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽജനത്തിനു നിയമസംഹിത നല്‌കപ്പെട്ടത്. ലേവ്യപൗരോഹിത്യത്തിലൂടെ സമ്പൂർണത ആർജിക്കുവാൻ കഴിയുമായിരുന്നെങ്കിൽ അഹരോന്റെ പൗരോഹിത്യക്രമത്തിൽനിന്നു വിഭിന്നമായി മെല്‌ക്കിസെദേക്കിനെപ്പോലെ ഒരു പുരോഹിതൻ വരേണ്ട ആവശ്യമെന്ത്? 12പൗരോഹിത്യത്തിനു മാറ്റമുണ്ടായപ്പോൾ നിയമത്തിലും മാറ്റമുണ്ടാകേണ്ടത് ആവശ്യമായിരുന്നു. 13ഇവിടെ ആരെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നുവോ, അദ്ദേഹം മറ്റൊരു ഗോത്രത്തിൽപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ഗോത്രത്തിൽപ്പെട്ടവർ ആരുംതന്നെ പുരോഹിത ശുശ്രൂഷ ചെയ്തിട്ടുമില്ല. 14നമ്മുടെ കർത്താവ് യെഹൂദഗോത്രത്തിൽ ജനിച്ചു എന്നുള്ളത് സ്പഷ്ടമാണല്ലോ. ആ ഗോത്രത്തെക്കുറിച്ചുള്ള പരാമർശത്തിൽ പുരോഹിതന്മാരെപ്പറ്റി മോശ ഒന്നും പറഞ്ഞിട്ടില്ലല്ലോ.
മെല്‌ക്കിസെദേക്കിനെപ്പോലെ മറ്റൊരു പുരോഹിതൻ
15മെല്‌ക്കിസെദേക്കിനെപ്പോലെ മറ്റൊരു പുരോഹിതൻ ആവിർഭവിക്കുന്നതിൽനിന്ന് ഇതു കൂടുതൽ വ്യക്തമാകുന്നു. 16മാനുഷികമായ പിന്തുടർച്ചയെപ്പറ്റിയുള്ള നിയമമനുസരിച്ചല്ല, അനശ്വരമായ ജീവന്റെ ശക്തി മുഖേനയാണ് അവിടുന്നു പുരോഹിതൻ ആയിരിക്കുന്നത്. 17അവിടുത്തെപ്പറ്റി വേദഗ്രന്ഥം ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു: “മെല്‌ക്കിസെദേക്കിനെപ്പോലെ നീ എന്നേക്കും പുരോഹിതനായിരിക്കും.” 18പഴയ കല്പന ദുർബലവും പ്രയോജനരഹിതവുമാകയാൽ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂർണമാക്കുന്നില്ലല്ലോ. 19അതിനെക്കാൾ മികച്ച പ്രത്യാശ ഇപ്പോൾ നമുക്കു നല്‌കപ്പെട്ടിരിക്കുന്നു. അതിൽകൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു.
20ദൈവത്തിന്റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവർ പുരോഹിതന്മാരായിത്തീർന്നത്. 21എന്നാൽ യേശു പുരോഹിതനായപ്പോൾ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു:
സർവേശ്വരൻ ശപഥം ചെയ്തിട്ടുണ്ട്;
അതിൽനിന്ന് അവിടുന്നു മാറുകയില്ല;
‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.’
22ഇങ്ങനെ യേശു ഒരു മികച്ച ഉടമ്പടിയുടെ ഉറപ്പായിത്തീർന്നിരിക്കുന്നു.
23മുമ്പ് നിരവധി പുരോഹിതന്മാർ ഉണ്ടായിട്ടുണ്ട്; അവരുടെ മരണത്തോടുകൂടി തങ്ങളുടെ പൗരോഹിത്യവും അവസാനിക്കുന്നു. 24എന്നാൽ യേശു എന്നേക്കും ജീവിക്കുന്നതുകൊണ്ട് അവിടുത്തെ പൗരോഹിത്യം ശാശ്വതമാണ്. 25അതുകൊണ്ട് തന്നിൽകൂടി ദൈവത്തിന്റെ അടുക്കൽ വരുന്നവരെ എപ്പോഴും രക്ഷിക്കുവാൻ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാൽ അവർക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ മധ്യസ്ഥത വഹിക്കുവാൻ അവിടുന്ന് എന്നേക്കും ജിവിക്കുന്നു.
26ഇങ്ങനെയുള്ള ഒരു മഹാപുരോഹിതൻ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. അവിടുന്നു നിർമ്മലനും നിർദോഷനും നിഷ്കളങ്കനും പാപികളിൽനിന്നു വേർതിരിക്കപ്പെവനുമാണ്. അവിടുന്ന് സ്വർഗങ്ങൾക്കുമീതെ ഉയർത്തപ്പെട്ടിരിക്കുന്നു. 27മറ്റുള്ള മഹാപുരോഹിതന്മാരെപ്പോലെ, ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നീടു മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടിയും എന്നും ബലിയർപ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. ഒരിക്കൽ മാത്രമേ അവിടുന്നു ബലി അർപ്പിച്ചിട്ടുള്ളൂ; അത് തന്റെ ജീവൻ അർപ്പിച്ചുകൊണ്ടുള്ള ബലിയായിരുന്നു. 28മോശയുടെ നിയമം, ദുർബലരായ മനുഷ്യരെ മഹാപുരോഹിതന്മാരായി നിയമിക്കുന്നു. എന്നാൽ നിയമത്തിന്റെ കാലശേഷം, എന്നേക്കും പൂർണനാക്കപ്പെട്ടിരിക്കുന്ന പുത്രനെ ദൈവം ശപഥം ചെയ്തുകൊണ്ടു നല്‌കിയ വാഗ്ദാനം മുഖേന മഹാപുരോഹിതനായി നിയമിക്കുന്നു.

Currently Selected:

HEBRAI 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in