HEBRAI 5
5
1മനുഷ്യരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏതു മഹാപുരോഹിതനും ജനങ്ങൾക്കുവേണ്ടി ദൈവത്തിനു കാഴ്ചകളും പാപപരിഹാരബലികളും അർപ്പിക്കുന്ന ദിവ്യശുശ്രൂഷ നിർവഹിക്കുന്നതിനായി നിയമിക്കപ്പെട്ടിരിക്കുന്നു. 2താൻതന്നെ ബലഹീനനായതുകൊണ്ട് അജ്ഞരും തെറ്റുചെയ്യുന്നവരുമായ ജനത്തോടു സഹാനുഭൂതിയോടുകൂടി പെരുമാറുവാൻ അദ്ദേഹത്തിനു കഴിയും. 3എന്നുതന്നെയല്ല, താൻതന്നെ ബലഹീനൻ ആയതുകൊണ്ട് ജനങ്ങളുടെ പാപങ്ങൾക്കുവേണ്ടി മാത്രമല്ല, സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗം അർപ്പിക്കേണ്ടതുണ്ട്. 4അഹരോനെപ്പോലെ ദൈവം വിളിക്കുന്നവരല്ലാതെ ആരും സ്വയമേവ ഈ പദവി ഏറ്റെടുക്കുന്നില്ല.
5അതുപോലതന്നെ ക്രിസ്തുവും മഹാപുരോഹിതൻ എന്ന ഉൽക്കൃഷ്ടപദവി സ്വയമേവ എടുത്തില്ല. പിന്നെയോ ‘നീ എന്റെ പ്രിയപുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിത്തീർന്നിരിക്കുന്നു.’
എന്നു ക്രിസ്തുവിനോടു പറഞ്ഞുകൊണ്ട് ദൈവം അവിടുത്തെ നിയമിക്കുകയാണു ചെയ്തത്. 6മറ്റൊരിടത്ത് ദൈവം വീണ്ടും പറഞ്ഞിരിക്കുന്നു: ‘മെല്‌കിസെദേക്കിനെപ്പോലെ നീ എന്നേക്കും ഒരു പുരോഹിതനത്രേ.’
7ക്രിസ്തു തന്റെ ഐഹികജീവിതകാലത്ത്, മരണത്തിൽനിന്നു തന്നെ രക്ഷിക്കുവാൻ കഴിവുള്ള ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടി വിനയപൂർവം പ്രാർഥിച്ചു. അവിടുത്തെ എളിമയും ഭയഭക്തിയുംമൂലം ദൈവം പ്രാർഥന കേട്ടു. 8താൻ ദൈവപുത്രനായിരുന്നെങ്കിലും തന്റെ കഷ്ടാനുഭവങ്ങളിൽകൂടി ക്രിസ്തു അനുസരണം അഭ്യസിച്ചു 9പരിപൂർണതയുടെ പാരമ്യത്തിലെത്തുകയും, തന്നെ അനുസരിക്കുന്ന എല്ലാവരുടെയും ശാശ്വതരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു. 10അവിടുന്നു മെല്‌കിസെദേക്കിനെപ്പോലെയുള്ള മഹാപുരോഹിതനാണെന്നു ദൈവം പ്രഖ്യാപനം ചെയ്യുകയും ചെയ്തു.
വിശ്വാസം ത്യജിക്കുന്നവർക്ക് മുന്നറിയിപ്പ്
11ഇതിനെക്കുറിച്ച് ഞങ്ങൾക്കു പറയുവാൻ വളരെയുണ്ട്. എന്നാൽ അവ നിങ്ങൾക്കു വേണ്ടവണ്ണം ഗ്രഹിക്കുവാൻ ത്രാണിയില്ലാത്തതുകൊണ്ട്, വിശദീകരിക്കുവാൻ വിഷമമാണ്. 12ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കൾ ആകേണ്ടതായിരുന്നു. എന്നിട്ടും ദൈവത്തിന്റെ സന്ദേശത്തിലെ ആദ്യപാഠങ്ങൾപോലും ആരെങ്കിലും നിങ്ങൾക്കു പറഞ്ഞുതരേണ്ടിയിരിക്കുന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഇപ്പോഴും നിങ്ങൾക്ക് ആവശ്യം. 13പാലുകുടിച്ചു ജീവിക്കുന്നവൻ ശരിയും തെറ്റും തിരിച്ചറിയുവാൻ പരിചയമില്ലാത്തവനാണ്. എന്തെന്നാൽ അവൻ ശിശുവാകുന്നു. 14കട്ടിയുള്ള ആഹാരം മുതിർന്നവർക്കുള്ളതാണ്. അവർക്ക് തഴക്കംകൊണ്ട് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടാകും.
Currently Selected:
HEBRAI 5: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.