YouVersion Logo
Search Icon

HEBRAI 2:9-18

HEBRAI 2:9-18 MALCLBSI

ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാൾ താഴ്ത്തപ്പെട്ടെങ്കിലും തന്റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു. തേജസ്സിൽ പങ്കാളികളാകേണ്ടതിന് അനേകം പുത്രന്മാരെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ കഷ്ടാനുഭവത്തിൽകൂടി സമ്പൂർണനാക്കുന്നത് സകലത്തെയും സൃഷ്‍ടിച്ചു നിലനിറുത്തുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം സമുചിതമായിരുന്നു. പാപങ്ങൾ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവൻതന്നെ. അതുകൊണ്ടാണ് അവരെ തന്റെ സഹോദരന്മാർ എന്നു വിളിക്കുവാൻ യേശു ലജ്ജിക്കാതിരുന്നത്. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: അങ്ങയെക്കുറിച്ച്, എന്റെ സഹോദരന്മാരോടു ഞാൻ പറയും; അവരുടെ സഭയിൽ അങ്ങയെ ഞാൻ പ്രകീർത്തിക്കും. വീണ്ടും: ദൈവത്തിൽ ഞാൻ ആശ്രയിക്കും എന്നും ഇതാ ഞാനും ദൈവം എനിക്കു നല്‌കിയിരിക്കുന്ന മക്കളും എന്നും പറയുന്നു അതുകൊണ്ട് മാംസരക്തങ്ങൾ ഉള്ള മക്കളെപ്പോലെ യേശു ആയിത്തീരുകയും അവരുടെ മനുഷ്യപ്രകൃതിയിൽ ഭാഗഭാക്കാകുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ ചെയ്തത്, മരണത്തിന്മേൽ അധികാരമുള്ളവനായ പിശാചിനെ, തന്റെ മരണത്താൽ നശിപ്പിക്കേണ്ടതിനായിരുന്നു. ഇങ്ങനെ മരണഭീതിയോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞവരെ അവിടുന്നു സ്വതന്ത്രരാക്കി. അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്റെ സന്തതികളുടെ പ്രകൃതിയത്രേ. മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ശുശ്രൂഷയിൽ, അവരുടെ വിശ്വസ്തനും ദയാലുവുമായ മഹാപുരോഹിതനായിരിക്കേണ്ടതിന് എല്ലാ പ്രകാരത്തിലും തന്റെ സഹോദരന്മാരെപ്പോലെ അവിടുന്ന് ആകേണ്ടിയിരുന്നു എന്നത്രേ ഇതിന്റെ സാരം. അവിടുന്ന് പരീക്ഷിക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാൻ അവിടുത്തേക്കു കഴിയും.