YouVersion Logo
Search Icon

HEBRAI 11:20-40

HEBRAI 11:20-40 MALCLBSI

വിശ്വാസത്താൽ ഇസ്ഹാക്ക് ഭാവിവരങ്ങൾ നേർന്നുകൊണ്ട് യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു. വിശ്വാസത്താലത്രേ, ആസന്നമരണനായ യാക്കോബ് വടിയൂന്നിയിരുന്ന് പ്രാർഥനാപൂർവം യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചത്. വിശ്വാസത്താലാണ് യോസേഫ് മരിക്കാറായപ്പോൾ, ഈജിപ്തിൽനിന്നുള്ള ഇസ്രായേൽജനത്തിന്റെ പുറപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുകയും, തന്റെ ഭൗതികാവശിഷ്ടം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിർദേശം നല്‌കുകയും ചെയ്തത്. വിശ്വാസംമൂലമാണ്, മോശ ജനിച്ചപ്പോൾ, ശിശു സുന്ദരനെന്നു കാണുകയാൽ, മോശയുടെ മാതാപിതാക്കൾ രാജകല്പനയെ ഭയപ്പെടാതെ മൂന്നുമാസം അവനെ ഒളിച്ചുവച്ചത്. വിശ്വാസത്താലാണ് പ്രായപൂർത്തി ആയപ്പോൾ മോശ ഫറവോന്റെ പുത്രിയുടെ മകൻ എന്ന പദവി നിഷേധിച്ചത്. പാപത്തിന്റെ ക്ഷണികമായ ഉല്ലാസമല്ല, ദൈവത്തിന്റെ ജനത്തോടുകൂടിയുള്ള സഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ക്രിസ്തുവിനുവേണ്ടി നിന്ദ സഹിക്കുന്നത് ഈജിപ്തിലെ സകല നിധിയെയുംകാൾ വിലയേറിയതായി മോശ കരുതി. ഭാവിയിൽ ഉണ്ടാകുന്ന പ്രതിഫലത്തിലാണ് അദ്ദേഹം ദൃഷ്‍ടി ഉറപ്പിച്ചത്. വിശ്വാസത്താലാണ് രാജാവിന്റെ കോപത്തെ ഭയപ്പെടാതെ മോശ ഈജിപ്തിൽനിന്നു പുറപ്പെട്ടത്. വിശ്വാസംകൊണ്ട് അദൃശ്യനായ ദൈവത്തെ ദർശിച്ചാലെന്നവണ്ണം അദ്ദേഹം ഉറച്ചുനിന്നു. വിശ്വാസത്താലത്രേ ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരെ സംഹാരദൂതൻ കൊല്ലാതിരിക്കേണ്ടതിന് പെസഹ ഏർപ്പെടുത്തിയതും വാതിലുകളിൽ രക്തം തളിക്കുവാൻ കല്പിച്ചതും. വിശ്വാസത്താലാണ് ഇസ്രായേൽജനം വരണ്ട ഭൂമിയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നത്. ഈജിപ്തുകാർ കടക്കാൻ ശ്രമിച്ചപ്പോഴാകട്ടെ, കടൽ അവരെ വിഴുങ്ങിക്കളഞ്ഞു. വിശ്വാസംമൂലം ഇസ്രായേൽജനം ഏഴു ദിവസം യെരീഹോവിനെ പ്രദക്ഷിണം ചെയ്തപ്പോൾ അതിന്റെ മതിലുകൾ ഇടിഞ്ഞുവീണു. വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂർവം സ്വീകരിച്ചതിനാൽ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവൾ നശിച്ചില്ല. ഇതിൽ കൂടുതൽ ഇനി ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് മുതലായവരെയും, ശമൂവേൽ തുടങ്ങിയ പ്രവാചകന്മാരെയും സംബന്ധിച്ചു വിവരിക്കുവാൻ സമയംപോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങൾ പിടിച്ചടക്കി; നീതി നടപ്പാക്കി; ദൈവത്തിന്റെ വാഗ്ദാനങ്ങൾ പ്രാപിച്ചു; സിംഹങ്ങളുടെ വായ് അടച്ചു. ജ്വലിക്കുന്ന അഗ്നി കെടുത്തി; വാളിന്റെ വായ്ത്തലയിൽനിന്നു തെറ്റിയൊഴിഞ്ഞു; ബലഹീനതയിൽനിന്നു ശക്തി ആർജിച്ചു; യുദ്ധത്തിൽ വീരന്മാരായിത്തീർന്നു; വിദേശസൈന്യങ്ങളെ തുരത്തിക്കളഞ്ഞു; സ്‍ത്രീകൾക്കു തങ്ങളുടെ മരിച്ചുപോയവരെ ഉയിർത്തെഴുന്നേല്പിലൂടെ തിരിച്ചുകിട്ടി. ചിലർ ശ്രേഷ്ഠമായ ജീവിതത്തിലേക്കു ഉത്ഥാനം ചെയ്യപ്പെടുന്നതിനുവേണ്ടി വിമോചനം നിരസിച്ചുകൊണ്ട് പീഡനം സഹിച്ചു മരിച്ചു. മറ്റുചിലർ പരിഹസിക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള അടിയേറ്റു; വിലങ്ങു വയ്‍ക്കപ്പെട്ടു; തുറുങ്കിൽ അടയ്‍ക്കപ്പെട്ടു; ചിലരെ കല്ലെറിഞ്ഞു; ഈർച്ചവാളുകൊണ്ട് രണ്ടായി അറുത്തു മുറിച്ചു; വാളുകൊണ്ട് വെട്ടിക്കൊന്നു; അവർ കോലാടുകളെയും ചെമ്മരിയാടുകളുടെയും തോൽ ധരിച്ചു. അവർ അഗതികളും പീഡിതരും നിന്ദിതരുമായി നടന്നു. അവർക്കു ജീവിക്കുവാൻ തക്ക യോഗ്യത ലോകത്തിനുണ്ടായിരുന്നില്ല! അവർ അഭയാർഥികളെപ്പോലെ മലകളിലും മരുഭൂമികളിലും അലഞ്ഞുതിരിയുകയും ഗുഹകളിലും മാളങ്ങളിലും കഴിഞ്ഞുകൂടുകയും ചെയ്തു. അവരുടെ വിശ്വാസത്തെ സംബന്ധിച്ചു മഹനീയമായ സാക്ഷ്യം ലഭിച്ചെങ്കിലും ദൈവത്തിന്റെ വാഗ്ദാനം അവർ പ്രാപിച്ചില്ല. നമ്മോടുകൂടിയല്ലാതെ അവർ പൂർണരാകാതിരിക്കുവാൻ കൂടുതൽ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവർക്കും വേണ്ടി മുൻകൂട്ടി കരുതിയിരുന്നു.