YouVersion Logo
Search Icon

HEBRAI 11:1-6

HEBRAI 11:1-6 MALCLBSI

വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്. വിശ്വാസംമൂലമാണ് പൂർവികർക്ക് ദൈവത്തിന്റെ അംഗീകാരം ലഭിച്ചത്. ദൈവത്തിന്റെ വചനത്താൽ ഈ പ്രപഞ്ചം സൃഷ്‍ടിക്കപ്പെട്ടു എന്നും ദൃശ്യമായവ അദൃശ്യമായവയിൽ നിന്നുണ്ടായി എന്നും വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. വിശ്വാസത്താൽ ഹാബേൽ ദൈവത്തിന് അർപ്പിച്ച യാഗം കയീന്റെ യാഗത്തെക്കാൾ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിന്റെ വഴിപാടുകൾ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാൻ എന്ന അംഗീകാരം അയാൾ ദൈവത്തിൽനിന്നു നേടി. ഹാബേൽ മരിച്ചെങ്കിലും, തന്റെ വിശ്വാസം മുഖേന അയാൾ ഇപ്പോഴും സംസാരിക്കുന്നു. വിശ്വാസംമൂലമാണ് ഹാനോക്ക് മരണമടയാതെ ദൈവത്തിങ്കലേക്ക് ഉയർത്തപ്പെട്ടത്. ദൈവം അദ്ദേഹത്തെ സ്വർഗത്തിലേക്ക് ഉയർത്തിയതുകൊണ്ട് ആർക്കും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഹാനോക്ക് എടുക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം ദൈവത്തെ പ്രസാദിപ്പിച്ചു എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആർക്കും സാധ്യമല്ല; ദൈവത്തെ സമീപിക്കുന്ന ഏതൊരുവനും ദൈവം ഉണ്ടെന്നും, അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്നു പ്രതിഫലം നല്‌കുന്നു എന്നും വിശ്വസിക്കേണ്ടതാണല്ലോ.