HEBRAI 10:10-23
HEBRAI 10:10-23 MALCLBSI
യേശുക്രിസ്തു ഒരിക്കൽ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താൽ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങൾക്കു പാപനിവാരണത്തിനുള്ള കഴിവില്ല. ക്രിസ്തുവാകട്ടെ, പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അർപ്പിച്ചശേഷം ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. തന്റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു. പാപത്തിൽനിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാൽ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂർണരാക്കിത്തീർത്തിരിക്കുന്നു. പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു: ആ കാലത്തിനുശേഷം ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു: എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുകയും അവരുടെ മനസ്സിൽ ആലേഖനം ചെയ്യുകയും ചെയ്യും എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേൽ ഞാൻ ഓർക്കുകയില്ല” എന്നും സർവേശ്വരൻ അരുൾ ചെയ്യുന്നു. ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാർഥം ഒരു യാഗവും ഇനി ആവശ്യമില്ല. അതുകൊണ്ട് സഹോദരരേ, യേശുവിന്റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാൻ നമുക്ക് ആത്മധൈര്യം ഉണ്ട്. ക്രിസ്തു ജീവന്റെ ഒരു നവീനമാർഗം നമുക്കു തുറന്നുതന്നു; അവിടുത്തെ തിരുശരീരം എന്ന തിരശ്ശീലയിൽ കൂടിത്തന്നെ. ദൈവഭവനത്തിന്റെമേൽ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതൻ നമുക്കുണ്ട്. അതിനാൽ ആത്മാർഥഹൃദയത്തോടും പൂർണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തിൽ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്റെ അടുക്കലേക്കു നമുക്കു ചെല്ലാം. നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതിൽനിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തൻ!