YouVersion Logo
Search Icon

HEBRAI 10:1-18

HEBRAI 10:1-18 MALCLBSI

നിയമസംഹിത സാക്ഷാലുള്ളതിന്റെ പൂർണവും സൂക്ഷ്മവുമായ പ്രതിരൂപമല്ല, വരുവാനുള്ള നന്മകളുടെ അവ്യക്തമായ നിഴൽ മാത്രമാണ്. ആണ്ടുതോറും ഒരേ യാഗംതന്നെ മുടങ്ങാതെ ആവർത്തിക്കുന്നതുകൊണ്ട് ദൈവത്തിന്റെ അടുക്കൽ വരുന്നവർ എങ്ങനെയാണ് സമ്പൂർണരായിത്തീരുന്നത്? സമ്പൂർണരായിത്തീരുമെങ്കിൽ യാഗാർപ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാർപ്പണം ചെയ്യുന്നവർ യഥാർഥത്തിൽ പാപത്തിൽനിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കിൽ, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവർക്ക് ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴാകട്ടെ വർഷംതോറും ജനത്തിന്റെ പാപങ്ങൾ അനുസ്മരിപ്പിക്കുവാനാണ് യാഗങ്ങൾ ഉപകരിക്കുന്നത്; എന്തെന്നാൽ കാളകളുടെയും ആടുകളുടെയും രക്തം പാപനിവാരണത്തിനു പര്യാപ്തമല്ല. അതിനാൽ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ അവിടുന്നു പറഞ്ഞു: യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല, എന്നാൽ അവിടുന്ന് എനിക്കുവേണ്ടി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു. സർവാംഗഹോമങ്ങളിലോ, പാപപരിഹാരബലികളിലോ അവിടുന്നു പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: വേദഗ്രന്ഥത്തിന്റെ ഏടുകളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഇതാ ഞാൻ വന്നിരിക്കുന്നു. സർവാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയിൽ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികൾ ആണിവ. പിന്നീട് ‘ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഞാനിതാ വരുന്നു’ എന്നും പറഞ്ഞു. അങ്ങനെ രണ്ടാമത്തേത് ഉറപ്പിക്കുന്നതിനായി ഒന്നാമത്തേത് നീക്കിക്കളഞ്ഞു. യേശുക്രിസ്തു ഒരിക്കൽ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താൽ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങൾക്കു പാപനിവാരണത്തിനുള്ള കഴിവില്ല. ക്രിസ്തുവാകട്ടെ, പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അർപ്പിച്ചശേഷം ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. തന്റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു. പാപത്തിൽനിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാൽ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂർണരാക്കിത്തീർത്തിരിക്കുന്നു. പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു: ആ കാലത്തിനുശേഷം ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു: എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുകയും അവരുടെ മനസ്സിൽ ആലേഖനം ചെയ്യുകയും ചെയ്യും എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേൽ ഞാൻ ഓർക്കുകയില്ല” എന്നും സർവേശ്വരൻ അരുൾ ചെയ്യുന്നു. ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാർഥം ഒരു യാഗവും ഇനി ആവശ്യമില്ല.