HABAKUKA 3
3
ഹബക്കൂകിന്റെ പ്രാർഥന
1ഹബക്കൂക് പ്രവാചകൻ വിലാപരാഗത്തിൽ രചിച്ച ഗീതം.
2സർവേശ്വരാ, അങ്ങയെക്കുറിച്ചു കേട്ടറിഞ്ഞ് ഞാൻ ഭയന്നു;
അങ്ങയുടെ പ്രവൃത്തികൾ ഇന്നും ആവർത്തിക്കണമേ.
അവിടുന്നു കോപിച്ചിരിക്കുമ്പോഴും അങ്ങയുടെ കാരുണ്യം അനുസ്മരിക്കണമേ
3ദൈവം തേമാനിൽനിന്നു വന്നു;
പരിശുദ്ധനായ ദൈവം പാറാൻ ഗിരിയിൽനിന്നു വന്നു.
അവിടുത്തെ തേജസ്സ് ആകാശം മൂടി.
അവിടുത്തെക്കുറിച്ചുള്ള സ്തുതിയാൽ ഭൂമി നിറഞ്ഞു.
4അവിടുത്തെ ശോഭ മിന്നലൊളിപോലെ ആയിരുന്നു;
തൃക്കരങ്ങളിൽനിന്നു പ്രകാശകിരണങ്ങൾ പ്രസരിച്ചു.
അവിടെയാണ് അവിടുത്തെ ശക്തി മറഞ്ഞിരിക്കുന്നത്.
5മഹാമാരി തിരുമുമ്പിൽ നീങ്ങുന്നു.
മഹാവ്യാധി അവിടുത്തെ തൊട്ടുപിന്നിലും.
6അവിടുന്നു ഭൂമിയെ അളന്നു.
അവിടുത്തെ നോട്ടത്തിൽ ജനതകൾ കുലുങ്ങിവിറച്ചു.
പണ്ടേയുള്ള പർവതങ്ങൾ ചിതറിപ്പോയി.
പുരാതനഗിരികൾ താണുപോയി.
എന്നാൽ അവിടുത്തെ മാർഗങ്ങൾ പഴയതുതന്നെ.
7കൂശാന്റെ കൂടാരങ്ങൾ അനർഥത്തിലാണ്ടതു ഞാൻ കണ്ടു.
മിദ്യാൻദേശത്തിന്റെ തിരശ്ശീലകൾ വിറച്ചു.
8സർവേശ്വരാ, നദികൾക്കു നേരെയാണോ അവിടുത്തെ ക്രോധം?
അവിടുന്നു പുഴകളോടു നീരസം പൂണ്ടിരിക്കുന്നു.
അവിടുന്നു വിജയരഥമേറി കുതിരകളെ തെളിച്ചുവരുമ്പോൾ
അങ്ങയുടെ ക്രോധം സമുദ്രത്തിനോടോ?
9അവിടുന്ന് അമ്പെടുത്തു വില്ലിൽ തൊടുത്തു.
നദികളാൽ അവിടുന്നു ഭൂതലം പിളർന്നു.
10പർവതങ്ങൾ അങ്ങയെ കണ്ടു വിറച്ചു.
ജലപ്രവാഹങ്ങൾ പ്രവഹിച്ചു.
അഗാധജലം ഗർജിച്ചു.
ഉയരത്തിലേക്ക് അതിന്റെ തിരമാലകളെ ഉയർത്തി.
11അവിടുത്തെ മിന്നിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശവും;
കുന്തങ്ങളുടെ മിന്നലൊളിയും കണ്ട്
സൂര്യചന്ദ്രന്മാർ സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്നു.
12ക്രോധത്തോടെ അവിടുന്നു ഭൂമിയിൽ നടന്നു.
കോപത്തോടെ അവിടുന്നു ജനതകളെ മെതിച്ചു.
13അവിടുത്തെ ജനത്തിന്റെയും അവിടുത്തെ അഭിഷിക്തന്റെയും രക്ഷയ്‍ക്കായി അവിടുന്നു പുറപ്പെട്ടു.
ദുഷ്ടഭവനത്തെ അവിടുന്നു തകർത്ത്
അതിന്റെ അടിത്തറവരെ അവിടുന്ന് അനാവൃതമാക്കി.
14അയാളുടെ പടയാളികളുടെ തല അവിടുന്നു കുന്തംകൊണ്ടു കുത്തിത്തുളച്ചു.
എന്നെ ചിതറിക്കാൻ അവർ ചുഴലിക്കാറ്റുപോലെ വന്നു;
എളിയവനെ ഒളിവിൽ വിഴുങ്ങുന്നതിലെന്നപോലെ അവർ സന്തോഷിച്ചു.
15അവിടുന്നു കുതിരകളുമായി വന്നു സമുദ്രത്തെ,
ഇളകിമറിയുന്ന തിരമാലകളെ ചവുട്ടിമെതിച്ചു.
16ആ ആരവം കേട്ടു ഞാൻ നടുങ്ങി;
ആ ശബ്ദം കേട്ട് എന്റെ അധരങ്ങൾ വിറച്ചു.
എന്റെ അസ്ഥികൾ ദ്രവിച്ചു തുടങ്ങി.
എന്റെ കാലടികൾ ഇടറുന്നു;
ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങൾക്കു കഷ്ടദിവസം വരുവാനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.
17അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം.
ഒലിവ് ഫലം നല്‌കാതെയും വയലിൽ ധാന്യം വിളയാതെയും വന്നേക്കാം.
ആട്ടിൻകൂട്ടം ആലകളിൽ നിശ്ശേഷം നശിച്ചെന്നു വരാം;
തൊഴുത്തുകളിൽ കന്നുകാലികൾ ഇല്ലാതെ വന്നേക്കാം.
18എന്നാലും ഞാൻ സർവേശ്വരനിൽ ആനന്ദിക്കും.
എന്റെ രക്ഷകനായ ദൈവത്തിൽ സന്തോഷിക്കും.
19സർവേശ്വരനായ കർത്താവാണ് എന്റെ ബലം;
പേടമാന്റെ കാലുകൾക്കുള്ള വേഗത എന്റെ കാലുകൾക്ക് അവിടുന്നു നല്‌കി;
അവിടുന്ന് എന്നെ ഉന്നതങ്ങളിൽ നടത്തുന്നു.
Currently Selected:
HABAKUKA 3: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.