YouVersion Logo
Search Icon

GENESIS 50

50
യാക്കോബിനെ സംസ്കരിക്കുന്നു
1യോസേഫ് പിതാവിന്റെ ശരീരത്തിൽ വീണു കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു. 2പിന്നീട് തന്റെ ദാസന്മാരായ വൈദ്യന്മാരോടു പിതാവിന്റെ ശരീരത്തിൽ സുഗന്ധതൈലം പൂശാൻ ആവശ്യപ്പെട്ടു. യോസേഫ് കല്പിച്ചതുപോലെ അവർ യാക്കോബിന്റെ ശരീരത്തിൽ സുഗന്ധതൈലം പൂശി; 3നാല്പതു ദിവസംകൊണ്ടാണ് അവർ അതു പൂർത്തിയാക്കിയത്; അതിന് അത്രയും ദിവസം ആവശ്യമായിരുന്നു. ഈജിപ്തുകാർ അദ്ദേഹത്തിനുവേണ്ടി എഴുപതു ദിവസം വിലാപം ആചരിച്ചു.
4വിലാപദിവസങ്ങൾ കഴിഞ്ഞപ്പോൾ യോസേഫ് ഫറവോയുടെ ഗൃഹത്തിലുള്ളവരോടു പറഞ്ഞു: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ രാജാവിനോട് ഒരു കാര്യം ഉണർത്തിക്കണം. 5എന്റെ പിതാവു മരണത്തോടടുത്തപ്പോൾ എന്നെക്കൊണ്ട് ഒരു കാര്യം സത്യം ചെയ്യിച്ചിരുന്നു. ‘എന്റെ മരണം അടുത്തു; കനാൻദേശത്തു ഞാൻ വെട്ടിയുണ്ടാക്കിയ കല്ലറയിൽ തന്നെ എന്നെ സംസ്കരിക്കണം.’ അതുകൊണ്ട് ഞാൻ പോയി പിതാവിനെ സംസ്കരിക്കട്ടെ; അതിനുശേഷം മടങ്ങിവരാം.” 6“നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതുപോലെ നിന്റെ പിതാവിനെ സംസ്കരിക്കുക” എന്നു ഫറവോ മറുപടി നല്‌കി. 7പിതാവിനെ സംസ്കരിക്കാൻ യോസേഫ് പോയി; ഫറവോയുടെ ഭൃത്യന്മാരും രാജകൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ പ്രമുഖന്മാരും അദ്ദേഹത്തെ അനുഗമിച്ചു. 8അക്കൂട്ടത്തിൽ സഹോദരന്മാരുടെയും പിതാവിന്റെയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുകുട്ടികളും ആടുമാടുകളും മാത്രമേ ഗോശെൻദേശത്തു ശേഷിച്ചിരുന്നുള്ളൂ. 9രഥങ്ങളും അശ്വഭടന്മാരുമുള്ള വലിയൊരു സേനാവ്യൂഹം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. 10യോർദ്ദാനു കിഴക്കുള്ള അത്താദിലെ മെതിക്കളത്തിൽ എത്തിയപ്പോൾ അവർ വളരെ ഉച്ചത്തിൽ വിലപിച്ചു; ഈ വിലാപം ഏഴുദിവസം നീണ്ടുനിന്നു. 11അത്താദിലെ വിലാപാചരണം കണ്ട് ദേശവാസികളായ കനാന്യർ ഇത് ഈജിപ്തുകാരുടെ മഹാവിലാപംതന്നെ എന്നു പറഞ്ഞു. അവർ ആ സ്ഥലത്തിനു ‘ആബേൽ മിസ്രയീം’ എന്നു പേരിട്ടു. അതു യോർദ്ദാന് അക്കരെയുള്ള പ്രദേശമാണ്. 12അങ്ങനെ യാക്കോബിന്റെ പുത്രന്മാർ അദ്ദേഹം കല്പിച്ചിരുന്നതുപോലെതന്നെ ചെയ്തു. 13അവർ അദ്ദേഹത്തെ കനാൻദേശത്തേക്കു കൊണ്ടുപോയി. മമ്രെക്കു കിഴക്കുള്ള മക്പേലയിലെ ഗുഹയിൽ സംസ്കരിച്ചു. ശ്മശാനസ്ഥലത്തിനുവേണ്ടി ഹിത്യനായ എഫ്രോനോട് അബ്രഹാം വിലയ്‍ക്കു വാങ്ങിയ സ്ഥലമായിരുന്നു അത്. 14പിതാവിനെ സംസ്കരിച്ചശേഷം സഹോദരന്മാരോടും, ശവസംസ്കാരത്തിൽ പങ്കെടുക്കാൻ തന്നോടൊപ്പം വന്നിരുന്ന മറ്റാളുകളോടുംകൂടെ യോസേഫ് ഈജിപ്തിലേക്കു മടങ്ങി.
യോസേഫ് വീണ്ടും ഉറപ്പു കൊടുക്കുന്നു
15പിതാവ് മരിച്ചപ്പോൾ, ഇനി യോസേഫ് തങ്ങളെ വെറുക്കയും തന്നോടു ചെയ്ത ദ്രോഹങ്ങൾക്കു പകരം വീട്ടുകയും ചെയ്തേക്കുമെന്നു, സഹോദരന്മാർ പരസ്പരം പറഞ്ഞു. 16അവർ ഇപ്രകാരം ഒരു സന്ദേശം യോസേഫിനു കൊടുത്തയച്ചു. “അങ്ങയുടെ പിതാവു മരിക്കുന്നതിനുമുമ്പ് ഇങ്ങനെ ഞങ്ങളോടു കല്പിച്ചിരുന്നു: ‘നിങ്ങൾ യോസേഫിനോട് ഇപ്രകാരം പറയണം, നിന്റെ സഹോദരന്മാരുടെ പാപങ്ങളും അവർ നിന്നോടു ചെയ്ത എല്ലാ തെറ്റുകളും നീ അവരോടു ക്ഷമിക്കണം. 17നിന്റെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരായ അവരുടെ അതിക്രമങ്ങൾ നീ പൊറുക്കണം.” അവർ ഇങ്ങനെ പറഞ്ഞപ്പോൾ യോസേഫ് കരഞ്ഞു. 18സഹോദരന്മാർ യോസേഫിന്റെ മുമ്പിൽ മുട്ടുകുത്തി: “ഇതാ ഞങ്ങൾ അങ്ങയുടെ ദാസന്മാർ” എന്നു പറഞ്ഞു. 19യോസേഫ് പറഞ്ഞു: “ഭയപ്പെടാതിരിക്കുക; എനിക്കു ദൈവത്തിന്റെ സ്ഥാനം ഉണ്ടോ? 20നിങ്ങൾ എനിക്കെതിരായി ഗൂഢാലോചന നടത്തി; എന്നാൽ ദൈവം അത് നന്മയായി രൂപാന്തരപ്പെടുത്തി. ഇപ്പോൾ സംഭവിച്ചിരിക്കുന്നതുപോലെ അസംഖ്യമാളുകളുടെ ജീവൻ നിലനിർത്താൻ അതുമൂലം ദൈവം ഇടവരുത്തി. 21അതുകൊണ്ട് ഭയപ്പെടാതിരിക്കുക; നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആവശ്യമുള്ളത് ഞാൻ നല്‌കിക്കൊള്ളാം.” അങ്ങനെ ഉറപ്പുകൊടുത്ത് അവരെ ആശ്വസിപ്പിച്ചു.
യോസേഫിന്റെ മരണം
22പിതാവിന്റെ കുടുംബാംഗങ്ങളോടുകൂടെ യോസേഫ് ഈജിപ്തിൽ തുടർന്നു പാർത്തു; അദ്ദേഹത്തിന്റെ ആയുസ്സു നൂറ്റിപ്പത്തു സംവത്സരം ആയിരുന്നു. 23എഫ്രയീമിന്റെ സന്താനങ്ങളിൽ മൂന്നാം തലമുറവരെയുള്ളവരെ യോസേഫിനു കാണാൻ സാധിച്ചു; മനശ്ശെയുടെ പുത്രനായ മാഖീരിന്റെ സന്തതികളെയും അദ്ദേഹം കണ്ടു. 24പിന്നീട് യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “എന്റെ മരണം അടുത്തു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തുനിന്നു മോചിപ്പിച്ച്, അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു നിങ്ങളെ കൊണ്ടുപോകും. 25അപ്പോൾ നിങ്ങൾ എന്റെ അസ്ഥികൾകൂടെ ഇവിടെനിന്നു കൊണ്ടുപോകണം.” അതനുസരിച്ച് യോസേഫ് ഇസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു. 26നൂറ്റിപ്പത്താമത്തെ വയസ്സിൽ ഈജിപ്തിൽവച്ചു യോസേഫ് മരിച്ചു. അവർ അദ്ദേഹത്തിന്റെ ശരീരം സുഗന്ധതൈലം പൂശി ഒരു പെട്ടിയിലാക്കി ഈജിപ്തിൽ സൂക്ഷിച്ചു.

Currently Selected:

GENESIS 50: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in