GENESIS 46
46
യാക്കോബും കുടുംബവും ഈജിപ്തിൽ
1യാക്കോബു തനിക്കുള്ള സകല സമ്പാദ്യങ്ങളുമായി ബേർ-ശേബയിൽ എത്തി, തന്റെ പിതാവായ ഇസ്ഹാക്കിന്റെ ദൈവത്തിനു യാഗങ്ങളർപ്പിച്ചു. 2രാത്രിയിലുണ്ടായ ദർശനത്തിൽ ദൈവം, “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചു. “അടിയൻ ഇതാ” എന്നു യാക്കോബ് വിളി കേട്ടു. 3ദൈവം അരുളിച്ചെയ്തു: “ഞാൻ ദൈവമാകുന്നു. നിന്റെ പിതാവിന്റെ ദൈവം; ഈജിപ്തിലേക്കു പോകാൻ നീ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയായി വളർത്തും. 4ഞാൻ നിന്റെ കൂടെ ഈജിപ്തിലേക്കു പോരും; നിന്നെ ഇവിടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും; മരണസമയത്ത് യോസേഫ് നിന്റെ അടുക്കൽതന്നെ ഉണ്ടായിരിക്കും.” 5പിന്നീട് യാക്കോബ് ബേർ-ശേബയിൽനിന്നു യാത്ര തിരിച്ചു; പുത്രന്മാർ, അദ്ദേഹത്തെയും തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുകുട്ടികളെയും അവർക്കുവേണ്ടി ഫറവോൻ അയച്ചിരുന്ന വാഹനങ്ങളിൽ കയറ്റി. 6തങ്ങളുടെ ആടുമാടുകളോടും കനാനിൽവച്ചു സമ്പാദിച്ച വസ്തുവകകളോടുംകൂടി അവർ ഈജിപ്തിലേക്കുപോയി. അങ്ങനെ യാക്കോബും അദ്ദേഹത്തിന്റെ സന്താനങ്ങളും ഈജിപ്തിലെത്തി. 7അദ്ദേഹം പുത്രീപുത്രന്മാരെയും പൗത്രീപൗത്രന്മാരെയും അങ്ങനെ സന്താനപരമ്പരയെ മുഴുവൻ ഈജിപ്തിലേക്കു കൊണ്ടുപോയി.
8ഈജിപ്തിലേക്കു വന്ന യാക്കോബിന്റെയും പുത്രന്മാരുടെയും വംശപരമ്പര: യാക്കോബിന്റെ മൂത്തപുത്രൻ രൂബേൻ. 9രൂബേന്റെ പുത്രന്മാർ ഹാനോക്ക്, ഫല്ലൂ, ഹെബ്രോൻ, കർമ്മി എന്നിവരായിരുന്നു. 10യെമൂവേൽ, യാമിൻ, ഓഹദ്, യാക്കീൻ, സോഹർ എന്നിവരും ഒരു കനാന്യസ്‍ത്രീയിൽ ജനിച്ച ശൗലുമാണ് ശിമെയോന്റെ പുത്രന്മാർ. 11ലേവിയുടെ പുത്രന്മാരാണ് ഗേർശോൻ, കൊഹാത്ത്, മെരാരി എന്നിവർ. 12യെഹൂദായുടെ പുത്രന്മാർ ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ് എന്നിവരാണ്. അവരിൽ ഏരും ഓനാനും കനാൻദേശത്തുവച്ചുതന്നെ മരിച്ചു. പേരെസിന്റെ പുത്രന്മാരാണ് ഹെസ്രോനും, ഹാമൂലും. 13ഇസ്സാഖാരിന്റെ പുത്രന്മാർ തോലാ, പൂവ്വാ, ഇയ്യോബ്, ശിമ്രോൻ എന്നിവർ. 14സെബൂലൂന്റെ പുത്രന്മാർ സേരെദ്, ഏലോൻ, യഹ്ലയേൽ എന്നിവർ. 15ഇവരും പുത്രി ദീനായുമാണ് പദ്ദൻ-അരാമിൽവച്ചു ലേയാ പ്രസവിച്ച മക്കൾ. ലേയായിൽ യാക്കോബിനു ജനിച്ച സന്താനങ്ങളെല്ലാംകൂടി മുപ്പത്തിമൂന്നുപേർ ആയിരുന്നു. 16ഗാദിന്റെ പുത്രന്മാരാണ് സിഫ്യോൻ, ഹഗ്ഗി, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി എന്നിവർ. 17ആശ്ശേരിന്റെ സന്താനങ്ങൾ ഇമ്നാ, ഇശ്വാ, ഇശ്വി, ബരിയാ; അവരുടെ സഹോദരി സേരഹ് എന്നിവരായിരുന്നു. ബെരിയായുടെ പുത്രന്മാരാണ് ഹേബെരും, മൽക്കിയേലും. 18ലാബാൻ ലേയായ്‍ക്കു കൊടുത്ത ദാസി സില്പായിൽ യാക്കോബിനു ജനിച്ച സന്താനങ്ങൾ പതിനാറു പേരായിരുന്നു. 19യാക്കോബിന്റെ ഭാര്യ റാഹേലിൽ ജനിച്ച പുത്രന്മാരാണ് യോസേഫും ബെന്യാമീനും. 20ഈജിപ്തിൽവച്ചു ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിൽ യോസേഫിനു ജനിച്ച പുത്രന്മാരാണ് മനശ്ശെയും എഫ്രയീമും. 21ബെന്യാമീന്റെ പുത്രന്മാർ ബേലാ, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹി, രോശ്, മുപ്പിം, ഹുപ്പിം, ആരെദ് എന്നിവരാണ്. 22റാഹേലിൽ യാക്കോബിനു ജനിച്ച സന്താനങ്ങൾ ആകെ പതിനാലു പേരാണ്. 23-24ദാനിന്റെ പുത്രൻ ഹൂശിമും നഫ്താലിയുടെ പുത്രന്മാർ യെഹസേൽ, ശൂനി, യേസെർ, ശില്ലേം എന്നിവരും ആയിരുന്നു. 25ലാബാൻ റാഹേലിനു കൊടുത്ത ദാസി ബിൽഹായിൽ യാക്കോബിനു ജനിച്ച സന്താനങ്ങൾ ആകെ ഏഴു പേരാണ്. 26യാക്കോബിനോടുകൂടെ ഈജിപ്തിലേക്കു വന്ന സന്താനങ്ങൾ പുത്രഭാര്യമാരെ കൂടാതെ ആകെ അറുപത്താറു പേരാണ്. 27ഈജിപ്തിൽ വച്ചു യോസേഫിനു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെ എഴുപതു പേർ.
28യോസേഫ് ഗോശെനിൽ വന്നു തന്നെ കാണാൻ ആവശ്യപ്പെട്ടുകൊണ്ട് യാക്കോബ് യെഹൂദായെ മുൻകൂട്ടി അയച്ചു. അങ്ങനെ അവർ ഗോശെനിൽ എത്തി. 29പിതാവിനെ കാണുന്നതിനു യോസേഫ് രഥത്തിൽ ഗോശെനിലേക്കു പോയി. തമ്മിൽ കണ്ടപ്പോൾ യോസേഫ് പിതാവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചുകൊണ്ട് വളരെനേരം കരഞ്ഞു. 30യാക്കോബ് യോസേഫിനോടു പറഞ്ഞു: “നീ ജീവിച്ചിരിക്കുന്നു എന്ന് അറിയുകയും നിന്റെ മുഖം നേരിട്ടു കാണുകയും ചെയ്തിരിക്കുന്നു. ഇനി ഞാൻ മരിച്ചുകൊള്ളട്ടെ.” 31യോസേഫ് സഹോദരന്മാരോടും പിതാവിന്റെ കുടുംബാംഗങ്ങളെല്ലാവരോടുമായി പറഞ്ഞു: “കനാൻദേശത്തു പാർത്തിരുന്ന എന്റെ സഹോദരന്മാരും പിതാവിന്റെ കുടുംബാംഗങ്ങളും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു ഞാൻ ഫറവോയോടു ചെന്നു പറയും. 32അവർ ഇടയന്മാരാണെന്നും അവരുടെ കന്നുകാലികളെയും ആട്ടിൻപറ്റങ്ങളെയുമെല്ലാം കൊണ്ടുവന്നിട്ടുണ്ടെന്നും ഞാൻ അറിയിക്കും. 33നിങ്ങളുടെ തൊഴിൽ എന്തെന്നു ഫറവോ ചോദിച്ചാൽ 34‘അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ചെറുപ്പംമുതൽ ഇന്നുവരെയും ഇടയന്മാരാണ്’ എന്നു നിങ്ങൾ പറയണം: അങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് ഗോശെൻദേശത്തുതന്നെ പാർക്കാൻ കഴിയും. കാരണം ഈജിപ്തുകാർക്ക് ഇടയന്മാർ നിഷിദ്ധരാണ്.”
Currently Selected:
GENESIS 46: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.