GENESIS 38:16-26
GENESIS 38:16-26 MALCLBSI
പുത്രഭാര്യ ആണെന്നറിയാതെ അയാൾ വഴിയരികിൽ അവളുടെ അടുത്തുചെന്നു: “ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവൾ ചോദിച്ചു. “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ കൊടുത്തയയ്‍ക്കാം” എന്നു യെഹൂദാ മറുപടി പറഞ്ഞു. “അത് കൊടുത്തയയ്‍ക്കുന്നതുവരെ എന്തു പണയം തരും?” എന്ന് അവൾ ചോദിച്ചു. “എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവൾക്കു കൊടുത്തു; അയാൾ അവളെ പ്രാപിച്ചു, അങ്ങനെ അവൾ ഗർഭവതിയായി. പിന്നീട് അവൾ എഴുന്നേറ്റുപോയി മൂടുപടം മാറ്റി വൈധവ്യവസ്ത്രം ധരിച്ചു. ആട്ടിൻകുട്ടിയെ കൊടുത്ത് പണയംവച്ച സാധനങ്ങൾ തിരികെ വാങ്ങാൻ സുഹൃത്തായ ഹീരാമിനെ യെഹൂദാ അയച്ചു. എന്നാൽ അയാൾക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. “എനയീമിൽ വഴിയരികിൽ ഇരുന്ന വേശ്യ എവിടെ” എന്നു സ്ഥലവാസികളോടു ചോദിച്ചപ്പോൾ “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നവർ പറഞ്ഞു. അയാൾ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു പറഞ്ഞു: “അവളെ ഞാൻ കണ്ടില്ല; അവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നാണു നാട്ടുകാർ പറഞ്ഞത്.” യെഹൂദാ പറഞ്ഞു: “സാധനങ്ങൾ അവൾതന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കിൽ നാം പരിഹാസ്യരാകും. നോക്കൂ, ഞാൻ ആട്ടിൻകുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ.” പുത്രഭാര്യയായ താമാർ വേശ്യാവൃത്തിയിലേർപ്പെട്ട് ഗർഭിണിയായി എന്ന് മൂന്നു മാസം കഴിഞ്ഞ് യെഹൂദാ അറിഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു: “അവളെ പുറത്താക്കി ചുട്ടുകളയുക.” അവളെ പുറത്തു കൊണ്ടുവരുന്നതിനിടയിൽ അവൾ ഭർതൃപിതാവിനെ ഇങ്ങനെ അറിയിച്ചു: “ഈ സാധനങ്ങളുടെ ഉടമസ്ഥൻ നിമിത്തമാണ് ഞാൻ ഗർഭിണി ആയത്. ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേതാണെന്നു നോക്കണം.” യെഹൂദാ ആ സാധനങ്ങൾ തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു: “അവൾ എന്നെക്കാൾ ധർമിഷ്ഠയാണ്. എന്റെ മകനായ ശേലായ്‍ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാതെയിരുന്ന ഞാനാണ് കുറ്റക്കാരൻ.” പിന്നീടൊരിക്കലും അയാൾ അവളെ പ്രാപിച്ചില്ല.