GENESIS 37:17-24
GENESIS 37:17-24 MALCLBSI
അയാൾ പറഞ്ഞു: “അവർ ഇവിടെനിന്നു പോയി; ‘ദോഥാനിലേക്കു പോകാം’ എന്നു പറയുന്നതു ഞാൻ കേട്ടു.” യോസേഫ് അവരെ പിന്തുടർന്നു, ദോഥാനിൽവച്ച് അവരെ കണ്ടുമുട്ടി. ദൂരെവച്ചുതന്നെ യോസേഫ് വരുന്നതു കണ്ട സഹോദരന്മാർ അവനെ വകവരുത്താൻ ഗൂഢാലോചന നടത്തി. അവർ പറഞ്ഞു: “അതാ, സ്വപ്നക്കാരൻ വരുന്നു. വരിക, അവനെ കൊന്ന് ഏതെങ്കിലും കുഴിയിൽ തള്ളിയിടാം. ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു എന്നു നമുക്കു പറയുകയും ചെയ്യാം. അവന്റെ സ്വപ്നം എന്താകുമെന്ന് കാണാമല്ലോ.” രൂബേൻ ഇതു കേട്ട് അവനെ രക്ഷിക്കാൻ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “അവനെ കൊല്ലേണ്ടാ; അവന്റെ രക്തം ചൊരിയേണ്ടാ; ഈ വിജനപ്രദേശത്തുള്ള ഏതെങ്കിലും കുഴിയിൽ അവനെ ഇട്ടുകളയാം.” എങ്ങനെയെങ്കിലും അവനെ അവരിൽനിന്നു രക്ഷിച്ചു പിതാവിനെ ഏല്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അയാൾ അങ്ങനെ പറഞ്ഞത്. യോസേഫ് അവന്റെ സഹോദരന്മാരുടെ അടുക്കലെത്തിയപ്പോൾ അവർ അവന്റെ വിശേഷപ്പെട്ട അങ്കി ഊരിയെടുത്തു. പിന്നീട് അവനെ ഒരു കുഴിയിൽ ഇട്ടു. അത് ഒരു പൊട്ടക്കിണറായിരുന്നു.