YouVersion Logo
Search Icon

GENESIS 35

35
യാക്കോബിനെ അനുഗ്രഹിക്കുന്നു
1ദൈവം യാക്കോബിനോടു പറഞ്ഞു: “നീ ബേഥേലിൽ ചെന്ന് അവിടെ പാർക്കുക. നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയണം.” 2യാക്കോബ് കുടുംബാംഗങ്ങളോടും, കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവരോടും പറഞ്ഞു: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിക്കുവിൻ; നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിർമ്മലവസ്ത്രം ധരിക്കുവിൻ. 3എന്റെ വിഷമസന്ധിയിൽ എന്നെ സഹായിക്കുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്ത ദൈവത്തിന് ഒരു യാഗപീഠം പണിയുന്നതിനു നമുക്കു ബേഥേലിലേക്കു പോകാം.” 4അവരുടെ കൈയിലുണ്ടായിരുന്ന ദേവവിഗ്രഹങ്ങളും മൂക്കുത്തികളും അവർ യാക്കോബിന്റെ കൈയിൽ കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിനടുത്ത് ഒരു കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. 5അവരുടെ യാത്രാവേളയിൽ ചുറ്റുമുണ്ടായിരുന്ന നഗരങ്ങളിൽ ദൈവം ഉഗ്രമായ ഭീതി ഉളവാക്കി. അതുകൊണ്ട് അവർ യാക്കോബിന്റെ പുത്രന്മാരെ അനുധാവനം ചെയ്തില്ല. 6യാക്കോബും സംഘവും കനാൻദേശത്തു ലൂസ് അഥവാ ബേഥേലിൽ എത്തി. 7യാക്കോബ് അവിടെ ഒരു യാഗപീഠം പണിതു; സഹോദരന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയപ്പോൾ ദൈവം തനിക്കു പ്രത്യക്ഷനായ സ്ഥലം ആയതുകൊണ്ട് എൽ-ബേഥേൽ എന്ന് അതിനു പേരിട്ടു. 8റിബേക്കായുടെ ധാത്രിയായ ദെബോറാ അവിടെവച്ചു മരിച്ചു; ബേഥേലിന്റെ താഴ്‌വരയിൽ ഒരു കരുവേലകത്തിന്റെ ചുവട്ടിൽ അവളെ സംസ്കരിച്ചു. അതിനു അല്ലോൻ-ബാഖൂത്ത് അഥവാ വിലാപവൃക്ഷം എന്നു പേരിട്ടു.
9പദ്ദൻ-അരാമിൽനിന്നു വരുന്ന സമയത്ത് ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷനായി അദ്ദേഹത്തെ അനുഗ്രഹിച്ചു. 10ദൈവം യാക്കോബിനോടു പറഞ്ഞു: “നിന്റെ പേരു യാക്കോബ് എന്നാകുന്നു; എന്നാൽ ഇനിമേൽ നിന്റെ പേര് യാക്കോബ് എന്നല്ല ഇസ്രായേൽ എന്നായിരിക്കും. അങ്ങനെ യാക്കോബിന് ഇസ്രായേൽ എന്ന പേർ ലഭിച്ചു. 11ദൈവം യാക്കോബിനോടു പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാകുന്നു; നിന്റെ സന്താനങ്ങൾ വർധിച്ച് ഒരു വലിയ ജനതയായിത്തീരും; അനേകം ജനതകൾ നിന്നിൽനിന്നു പുറപ്പെടും; രാജാക്കന്മാരും നിങ്ങളുടെ ഇടയിൽനിന്ന് ഉയർന്നുവരും. 12അബ്രഹാമിനും ഇസ്ഹാക്കിനും ഞാൻ നല്‌കിയ ദേശം നിനക്കു തരും. നിന്റെ മരണശേഷം അതു നിന്റെ ഭാവിതലമുറകൾക്ക് അവകാശപ്പെട്ടിരിക്കും.” 13പിന്നീട് ദൈവം അപ്രത്യക്ഷനായി. 14അവിടെ യാക്കോബ് ഒരു കൽത്തൂൺ നാട്ടി; അതിന്മേൽ പാനീയയാഗം അർപ്പിക്കുകയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. 15ദൈവം തന്നോടു സംസാരിച്ചുകൊണ്ടുനിന്ന സ്ഥലത്തിനു ബേഥേൽ എന്നു പേരു വിളിച്ചു.
റാഹേലിന്റെ മരണം
16ബേഥേലിൽനിന്ന് അവർ യാത്ര പുറപ്പെട്ടു; എഫ്രാത്തിൽ എത്തുന്നതിനുമുമ്പ് റാഹേലിനു പ്രസവവേദന ആരംഭിച്ചു. അവൾക്കു കഠിനമായ വേദനയുണ്ടായി; 17അപ്പോൾ സൂതികർമിണി പറഞ്ഞു: “ഭയപ്പെടേണ്ടാ; ഒരു പുത്രൻകൂടി ഇപ്പോൾ ജനിക്കും.” 18എന്നാൽ അവൾ മരിക്കുകയായിരുന്നു; അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് അവൾ ശിശുവിനു ‘ബെനോനി’ എന്നു പേരിട്ടു. എന്നാൽ പിതാവ് അവനെ ‘ബെന്യാമീൻ’ എന്നാണു വിളിച്ചത്. 19റാഹേൽ മരിച്ചു; ബേത്‍ലഹേം എന്ന് ഇന്നറിയപ്പെടുന്ന എഫ്രാത്തിലേക്ക് പോകുന്ന വഴിയിൽ അവളെ സംസ്കരിച്ചു. 20അവളുടെ ശവകുടീരത്തിന്മേൽ യാക്കോബ് ഒരു കൽത്തൂൺ നാട്ടി; “റാഹേലിന്റെ കല്ലറത്തൂൺ” എന്ന പേരിൽ അത് ഇപ്പോഴും അറിയപ്പെടുന്നു. 21ഇസ്രായേൽ യാത്ര തുടർന്നു; ഏദെർ ഗോപുരത്തിന്റെ അപ്പുറത്തു കൂടാരമടിച്ചു.
യാക്കോബിന്റെ പുത്രന്മാർ
22അവിടെ വസിക്കുന്ന കാലത്തു രൂബേൻ റാഹേലിന്റെ ദാസിയായ ബിൽഹായോടുകൂടെ ശയിച്ചു. ആ വിവരം ഇസ്രായേൽ അറിഞ്ഞു.
23യാക്കോബിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ലേയായുടെ പുത്രന്മാർ: രൂബേൻ (യാക്കോബിന്റെ ആദ്യജാതൻ), ശിമെയോൻ, ലേവി, യെഹൂദാ, ഇസ്സാഖാർ, സെബൂലൂൻ എന്നിവർ. 24റാഹേലിന്റെ പുത്രന്മാർ യോസേഫും ബെന്യാമീനും. 25റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ ദാനും നഫ്താലിയും. 26ലേയായുടെ ദാസി സില്പായുടെ പുത്രന്മാർ ഗാദും ആശ്ശേരും ആയിരുന്നു. പദ്ദൻ-അരാമിൽവച്ചു യാക്കോബിനു ജനിച്ച പുത്രന്മാരാണ് ഇവരെല്ലാം.
ഇസ്ഹാക്കിന്റെ മരണം
27പിതാവായ ഇസ്ഹാക്ക് പാർത്തിരുന്ന കിര്യത്തർബായിലെ മമ്രെയിൽ യാക്കോബു വന്നു; അബ്രഹാമും ഇസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ അതുതന്നെ ആയിരുന്നു. 28ഇസ്ഹാക്ക് നൂറ്റിഎൺപതു വർഷം ജീവിച്ചിരുന്നു. 29പൂർണവാർധക്യത്തിൽ അദ്ദേഹം ചരമമടഞ്ഞു പൂർവികരോടു ചേർക്കപ്പെട്ടു. പുത്രന്മാരായ ഏശാവും യാക്കോബും കൂടി അദ്ദേഹത്തെ സംസ്കരിച്ചു.

Currently Selected:

GENESIS 35: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in